തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തലസ്ഥാനജില്ലയില്‍ ഏഴുസീറ്റുകളില്‍ ഉറച്ച വിജയപ്രതീക്ഷയുമായി കോണ്‍ഗ്രസ്. മൂന്ന് മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും ഡി.സി.സി. പ്രസിഡന്റുമാര്‍ കെ.പി.സി.സി.ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ വിജയത്തിലേക്കുള്ള ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചതെന്നും ബൂത്തുതല കണക്കുകള്‍ വച്ചുകൊണ്ടുള്ള വിലയിരുത്തല്‍. ബി.ജെ.പി. ജില്ലയില്‍ ഒരിടത്തും വിജയിക്കില്ലെന്നും ഡി.സി.സി.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളായ അരുവിക്കര, കോവളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇത്തവണയും മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നത്. പാറശ്ശാല, വര്‍ക്കല, നെയ്യാറ്റിന്‍കര മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാനാകുമെന്നും വാമനപുരത്ത് അട്ടിമറി വിജയം നേടാനാകുമെന്നും പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നു.

സംസ്ഥാനം ഏറെ ശ്രദ്ധിച്ച നേമം, കഴക്കൂട്ടം എന്നിവിടങ്ങളിലും നെടുമങ്ങാട്ടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നാണ് അഭിപ്രായം. നേമത്തും കഴക്കൂട്ടത്തും യു.ഡി.എഫ്.- എല്‍.ഡി.എഫ്. പോരാട്ടമായിരുന്നെന്നും ബി.ജെ.പി. മൂന്നാം സ്ഥാനത്തേക്കു പോകുമെന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

സിറ്റിങ് സീറ്റുകളില്‍ പാര്‍ട്ടിയുടെ ജനസ്വാധീനവും എം.എല്‍.എ.മാരുടെ ഇടപെടലും വിജയത്തിലേക്ക് എത്തിക്കും. പാറശ്ശാലയില്‍ അന്‍സജിതാ റസലിന്റെ സ്ഥാനാര്‍ഥിത്വവും സാമൂഹിക സമവാക്യങ്ങളും തുണയായി. ബി.ജെ.പി.ക്ക് ഭരണമുള്ള കള്ളിക്കാട് പഞ്ചായത്തിലുള്‍പ്പെടെ ഇവിടെ മുന്‍തൂക്കം നേടും. വര്‍ക്കലയില്‍ ഭൂരിപക്ഷ, ന്യൂനപക്ഷവോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാകും. സംഘടനാപരമായ വീഴ്ചകള്‍ ഇവിടെ ഉണ്ടായിട്ടില്ല.

വാമനപുരത്ത് പെരിങ്ങമ്മല, പാങ്ങോട്, നന്ദിയോട്, വാമനപുരം, ആനാട്, പനവൂര്‍ പഞ്ചായത്തുകളില്‍ ലീഡ് നേടാനാകും. ആനാട് ജയന്റെ വ്യക്തിബന്ധങ്ങളും യു.ഡി.എഫിനെ തുണച്ചതായി പാര്‍ട്ടി കണക്കുകൂട്ടുന്നു.

ചിറയിന്‍കീഴിലും കാട്ടാക്കടയിലും മികച്ച സ്ഥാനാര്‍ഥികളെന്നത് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്. വട്ടിയൂര്‍ക്കാവില്‍ തദ്ദേശ തിരഞ്ഞെടുപ്പിനെക്കാള്‍ വോട്ടിങ് ശതമാനം കൂടിയത് പാര്‍ട്ടി പ്രതീക്ഷയോടെയാണ് കാണുന്നത്. ആറ്റിങ്ങലില്‍ പ്രചാരണത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിട്ടുണ്ട്. എല്‍.ഡി.എഫിന്റെ പ്രചാരണത്തിനൊപ്പമെത്താനുള്ള സാമ്പത്തിക സംവിധാനം ആറ്റിങ്ങല്‍ മണ്ഡലത്തിലുണ്ടായില്ലെന്നാണ് വിലയിരുത്തല്‍.