അപ്രതീക്ഷിത ജനവിധി സമ്മാനിക്കാറുള്ള മണ്ഡലമാണ് കോവളം. ആര്‍ക്കൊപ്പവും സ്ഥിരമായി നില്‍ക്കാറില്ല കോവളത്തെ ജനങ്ങള്‍. മാറിമാറി പരീക്ഷിക്കാറുണ്ട്. 40 വര്‍ഷത്തെ ചരിത്രമെടുത്താല്‍ മൂന്നുതവണ എംഎല്‍എയായ നീലലോഹിതദാസന്‍ നാടാര്‍ മാത്രം തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചു 1996 ലും 2001 ലും. ഒറ്റപ്പെട്ട ചില തിരഞ്ഞെടുപ്പുകളില്‍ ഒഴികെ ചെറിയ ഭൂരിപക്ഷത്തിലാണ് പലരും ഇവിടെ ജയിച്ചുകയറിയത്.
2016 ല്‍ എം. വിന്‍സെന്റിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചപ്പോള്‍ ഭൂരിപക്ഷം 2615 മാത്രമായിരുന്നു. സിറ്റിങ് എംഎല്‍എ ജമീല പ്രകാശത്തെയാണ് വിന്‍സെന്റ് തോല്‍പിച്ചത്. ഇത്തവണയും യുഡിഎഫിനായി വിന്‍സെന്റും എല്‍ഡിഎഫിനായി ജമീല പ്രകാശവും തന്നെ കളത്തിലുണ്ടാവും. കഴിഞ്ഞ തവണ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ച ബിഡിജെഎസ് സ്ഥാനാര്‍ഥി ടി.എന്‍ സുരേഷ് 30,987 വോട്ട് നേടി യുഡിഎഫിനേയും എല്‍ഡിഎഫിനേയും ഞെട്ടിച്ചിരുന്നു. ഇത്തവണയും ബിഡിജെഎസ് മത്സരിക്കാനാണ് സാധ്യത കൂടുതല്‍.
സീറ്റ് ബിജെപി ഏറ്റെടുത്താല്‍ ടി.പി സെന്‍കുമാര്‍, ജേക്കബ് തോമസ്, എസ് സുരേഷ് എന്നീ പേരുകള്‍ പരിഗണനയില്‍ വരും. 1991 ല്‍ ജോര്‍ജ് മസ്‌ക്രീന്‍ യുഡിഎഫിനായി സീറ്റ് പിടിച്ചെടുത്തപ്പോള്‍ ഭൂരിപക്ഷം 23 വോട്ട് മാത്രമായിരുന്നു. സീറ്റ് നിലനിര്‍ത്താന്‍ കോവളത്ത് വിന്‍സെന്റ് അല്ലാതെ യുഡിഎഫിന് മറ്റൊരു പേരില്ല. ഓഖി ദുരന്തവും സര്‍ക്കാരിനെതിരായ വിവാദങ്ങളും യുഡിഎഫും ബിജെപിയും ആയുധമാക്കുമ്പോള്‍ എല്‍ഡിഎഫ് വികസനം കൊണ്ട് നേരിടുന്നു. മൂന്നുതവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായ നീലന്റെ മണ്ഡലത്തിലെ സ്വാധീനവും ജമീല പ്രകാശത്തിന്റെ ക്ലീന്‍ ഇമേജും എല്‍ഡിഎഫിന്റെ കോവളം പ്രതീക്ഷ കൂട്ടുന്നു.
2016 ലില്‍ നാടാര്‍ സമുദായം യുഡിഎഫിനെ കൈവിട്ടപ്പോഴും കോവളം മാത്രമാണ് ആ ബെല്‍റ്റില്‍ യുഡിഎഫിനൊപ്പം നിന്നത്. നെയ്യാറ്റിന്‍കരയും പാറശാലയും കാട്ടാക്കടയും അടക്കം എല്‍ഡിഎഫ് പിടിച്ചെടുത്തു. നാടാര്‍ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ മതവ്യത്യാസമില്ലാതെ എല്ലാ നാടാര്‍ വിഭാഗക്കാരേയും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം മണ്ഡലത്തില്‍ പ്രതിഫലിക്കുമെന്ന് എല്‍ഡിഎഫ് കണക്കൂകൂട്ടുന്നു.
വിവാദങ്ങള്‍ തിരിച്ചടിച്ചതോടെ വിന്‍സെന്റിന്റെ ജനകീയത കൊണ്ട് ഇത്തവണയും ജയിച്ചുകയറാമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍ അട്ടിമറി മോഹത്തിലാണ് എന്‍ഡിഎ ക്യാമ്പ്. എന്‍ഡിഎയുടെ വോട്ട് വിഹിതം വര്‍ധിക്കുമോ അതോ കുറയുമോ അതാര്‍ക്കും അനുകൂലമാകും എന്നതാകും ഒടുവില്‍ നിര്‍ണായകമാകുക. ആര് ജയിച്ചാലും കോവളത്ത് ഇത്തവണയും വലിയ ഭൂരിപക്ഷത്തിനുള്ള സാധ്യത കുറവാണ്
Content Highlights: Kovalam candidates