തിരുവനന്തപുരം നോര്‍ത്ത് എന്നറിയപ്പെട്ടിരുന്ന മണ്ഡലം 2011 ലെ പുനഃസംഘടനയോടെയാണ് വട്ടിയൂര്‍കാവ് മണ്ഡലമായി മാറിയത്. തിരുവനന്തപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന കുടപ്പനക്കുന്ന്, വട്ടിയൂര്‍ക്കാവ് എന്നീ ഗ്രാമപഞ്ചായത്തുകളും; തിരുവനന്തപുരം നഗരസഭയുടെ 13, 15 മുതല്‍ 25 വരെയും 31 മുതല്‍ 36 വരേയുമുള്ള വാര്‍ഡുകളും അടങ്ങിയതാണ് ഇപ്പോള്‍ ഈ മണ്ഡലം.

മണ്ഡല പുനഃസംഘടനയ്ക്ക് മുന്‍പുണ്ടായിരുന്ന ഉള്ളൂര്‍, കടകംപള്ളി എന്നീ പഞ്ചായത്തുകള്‍ കഴക്കൂട്ടം മണ്ഡലത്തിന്റെ ഭാഗമായി മാറി. പകരം, തിരുവനന്തപുരം നഗരസഭയുടെ ഭാഗങ്ങളായിരുന്ന ശാസ്തമംഗലം, കുന്നുകുഴി, പാങ്ങോടിന്റെ ചില ഭാഗങ്ങള്‍ എന്നിവ പുതിയതായി ചേര്‍ത്താണ് വട്ടിയൂര്‍കാവ് മണ്ഡലത്തിന് രൂപം കൊടുത്തത്.

സ്ഥാനാര്‍ഥികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും വട്ടം കറക്കുന്ന മണ്ഡലങ്ങളില്‍ മുന്നിലാണു വട്ടിയൂര്‍ക്കാവ്. മണ്ഡലം രൂപീകൃതമായതിന് ശേഷമുണ്ടായ രണ്ട് തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ പിന്തുണച്ച മണ്ഡലം പക്ഷെ 2019ലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയാണ് പിന്തുണച്ചത്. സ്ഥാനാര്‍ഥികളുടെ വ്യക്തി പ്രഭാവം, നായര്‍ വോട്ടുകള്‍ എന്നിവ മണ്ഡലത്തില്‍ നിര്‍ണായകമാകുന്നതാണ് മൂന്ന് തിരഞ്ഞെടുപ്പുകളിലും കണ്ടത്. 2011-ലും 2016-ലും നടന്ന രണ്ട് പൊതുതിരഞ്ഞെടുപ്പുകളിലും കെ. മുരളീധരനായിരുന്നു സ്ഥാനാര്‍ഥി. മുരളീധരന്റെ വ്യക്തിപ്രഭാവം, നായര്‍ വോട്ടുകളുടെ ഏകീകരണം എന്നിവ മുരളീധരന് സഹായകരമായെന്ന് കണക്കാക്കുന്നു. 

ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായത് മണ്ഡലം ഉപേക്ഷിച്ച കെ. മുരളീധരനോടുള്ള പ്രതിഷേധവും ചെറുപ്പക്കാരനും ഭരിക്കുന്ന കക്ഷിയുടെ ആളെന്ന പരിഗണനയും ചേര്‍ന്നപ്പോഴാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് ചിന്തിക്കുന്ന മണ്ഡലമായാണ് മൂന്ന് തിരഞ്ഞെടുപ്പുകളിലൂടെ മണ്ഡലത്തെ നിരീക്ഷിക്കുന്നത്.  ഹിന്ദു വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ നായര്‍ സമുദായമാണ് ഭൂരിപക്ഷം. ഈഴവ, ദലിത് വിഭാഗങ്ങള്‍ക്കും സ്വാധീനമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടര്‍മാര്‍ 1,95,601. ക്രിസ്ത്യന്‍മുസ്‌ലിം വിഭാഗങ്ങള്‍ 25 ശതമാനത്തോളം. ഇതില്‍ ക്രൈസ്തവ വിഭാഗത്തിന് മണ്ഡലത്തില്‍ സ്വാധീനമുണ്ട്. 

തിരുവനന്തപുരം നോര്‍ത്ത് ആയിരുന്ന കാലം മുതല്‍ നായര്‍ വോട്ടുകള്‍ എങ്ങോട്ട് മറിയുന്നുവെന്നതാണ് വിജയ പരാജയങ്ങള്‍ നിര്‍ണയിച്ചുപോന്നിരുന്നത്. നായര്‍ സമുദായത്തിന്റെ പിന്തുണ ആര്‍ക്കാണോ ആവര്‍ ജയിക്കുമെന്നതായിരുന്നു കഴിഞ്ഞ ഉപതിരഞ്ഞെടുപ്പു വിെലും ര മണ്ഡലത്തിന്റെ പൊതുചിത്രം. എന്നാല്‍ 2019ലെ ഉപതിരഞ്ഞെടുപ്പില്‍ ജനമനസ് യുവത്വത്തിലേക്ക് മാറി ചിന്തിച്ചുവെന്നത് എല്ലാവരെയും ഞെട്ടിച്ച തീരുമാനമായിരുന്നു. നഗരസഭാ മേയര്‍ ആയിരിക്കെ ജനകീയനായി തീര്‍ന്ന വി.കെ. പ്രശാന്തിനെ വട്ടിയൂര്‍കാവിലേക്ക് നിയോഗിച്ച എല്‍ഡിഎഫിന്റെ നീക്കം മികച്ചതായിരുന്നു.

ഇനി കാര്യത്തിലേക്ക് വരാം. നിലവിലെ സാഹചര്യത്തില്‍ എങ്ങനെയാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ ചിന്തിക്കുക എന്ന് മുന്നണികള്‍ക്ക് എത്തും പിടിയുമില്ലാത്ത സാഹചര്യമാണ് ഉള്ളത്.  2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസാണ് മണ്ഡലത്തില്‍ ലീഡ് ചെയ്തത്. ബിജെപി രണ്ടാം സ്ഥാനത്തും സിപിഎം മൂന്നാം സ്ഥാനത്തുമായിരുന്നു. എന്നാല്‍ 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ മുന്നണികളുടെ വോട്ടുവിഹിതത്തില്‍ അസാധാരണമായ മാറ്റമാണ് ഉണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയ എല്‍ഡിഎഫ് ഒന്നാമതെത്തുന്ന കാഴ്ചയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കാണുന്നത്. 

എല്‍ഡിഎഫ് 37628, എന്‍ഡിഎ 34780, യുഡിഎഫ്27191, എന്നിങ്ങനെയായിരുന്നു വോട്ടുനില. രണ്ട് വ്യത്യസ്ഥ തിരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനം നിലനിരത്താനായതാണ് ഇത്തവണ എന്‍ഡിഎയുടെ ആത്മവിശ്വാസത്തിന് പിന്നില്‍. എന്നാല്‍ 2019ലെ ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ബിജെപി ജില്ലാ പ്രസിഡന്റ് സുരേഷ് പിന്തള്ളപ്പെട്ടുപോയത് അവരെ ഞെട്ടിച്ചിരുന്നു. 

2011ല്‍ കെ. മുരളീധരന്‍ എല്‍ഡിഎഫിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ചെറിയാന്‍ ഫിലിപ്പിനെ 16167 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പരാജയപ്പെടുത്തിയത്. അന്ന് മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥ് വി.വി. രാജേഷിനെയാണ് ഇത്തവണ എന്‍ഡിഎ രംഗത്തിറക്കിയിരിക്കുന്നത്. 2016ല്‍ വീണ്ടും കെ. മുരളീധരന്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ കുമ്മനം രാജശേഖരനെയാണ് എന്‍ഡിഎ കളത്തിലിറക്കിയത്. ഇതോടെ ശക്തമായ മത്സരം നടക്കുകയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍. സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും സിപിഎമ്മിനെ ഞെട്ടിക്കുക തന്നെ ചെയ്തു. 

എന്നാല്‍ ഉപതിരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയായ സംഘടനാ സംവിധാനത്തിലെ പിഴവുകള്‍ പ്രശാന്ത് സ്ഥാനാര്‍ഥിയായതോടെ മാറി. സിപിഎമ്മില്‍നിന്നു ചോര്‍ന്ന വോട്ടുകള്‍ തിരിച്ചെത്തി. ഇതിനൊപ്പം വിവിധ വിഭാഗങ്ങളുടെ പിന്തുണ ആര്‍ജിക്കാനും മുന്നണിക്കായി. മണ്ഡലത്തിന്റെ വികസനം കൊണ്ടുവരുന്നുവെന്ന പ്രതീതി സൃഷ്ഠിക്കാന്‍ പ്രശാന്തിനായിട്ടുണ്ട്.  ഈ ജാഗ്രത മണ്ഡലം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് എല്‍ഡിഎഫ്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായരെയാണു യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. കെ. മുരളീധരനിലൂടെയാണ് മണ്ഡലം യുഡിഎഫിന് ലഭിച്ചത്. എന്നാല്‍ ലോക്‌സഭയിലേക്ക് പോയതോടെ ഇവിടെ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം അലസമാണ്. മുരളീധരനു കിട്ടിയ നിഷ്പക്ഷ വോട്ടുകള്‍ ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ചില്ല. നായര്‍, ക്രിസ്ത്യന്‍ വോട്ടുകളും നഷ്ടപ്പെട്ടു. എന്നാല്‍ ഇത്തവണ അതൊക്കെ തിരിച്ചുപിടിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. 

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്ന് കുമ്മനം നേടിയത് 50,709 വോട്ടുകളാണ്. തുടര്‍ച്ചയായി വോട്ടുകള്‍ ഇവിടെ എന്‍ഡിഎയ്ക്ക് വര്‍ധിക്കുന്നുണ്ട്. ഇത്തവണ നേമത്തിനൊപ്പം വട്ടിയൂര്‍കാവും പിടിക്കാമെന്നാണ് എന്‍ഡിഎ കരുതുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷാണ് എന്‍ഡിഎക്കായി രംഗത്തുള്ളത്.