തിരുവനന്തപുരം: പത്രികാ സമര്‍പ്പണം കഴിഞ്ഞ് മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്തിറങ്ങിയതോടെ മണ്ഡലങ്ങളുടെ മനസ്സ് മാറി മറിയാന്‍ തുടങ്ങി. വിജയം ഉറപ്പിച്ചിറങ്ങിയ പല സ്ഥാനാര്‍ഥികളും ഇപ്പോള്‍ കടുത്ത മത്സരമാണ് നേരിടുന്നത്. ശക്തമായ ത്രികോണ മത്സരവും കൂടിയായതോടെ പല മണ്ഡലങ്ങളിലും വിജയപരാജയങ്ങള്‍ പ്രവചനാതീതമാവുകയാണ്. ഇനിയുള്ള 17 ദിവസങ്ങള്‍ ഏങ്ങനെയൊക്കെ വോട്ടര്‍മാരുടെ മനസ്സിനെ മാറ്റി മറിക്കുമെന്ന ആശങ്കയിലാണ് സ്ഥാനാര്‍ഥികള്‍. പുതുമുഖ സ്ഥാനാര്‍ഥികളുടെ വ്യക്തിബന്ധങ്ങളും പ്രവര്‍ത്തന മികവുമൊക്കെ എങ്ങനെ സ്വാധീനിക്കുമെന്നുള്ളതാണ് പ്രധാന വിഷയം.

നേമവും കഴക്കൂട്ടവും സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലങ്ങളായി മാറി. കഴക്കൂട്ടത്ത് ബി.ജെ.പി. സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ വന്നിറങ്ങിയതോടെയാണ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചാവിഷയങ്ങള്‍ മാറി മറിഞ്ഞത്. കഴിഞ്ഞ തവണ ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തില്‍ ഇപ്പോള്‍ കടുത്ത ത്രികോണ മത്സരത്തിലേക്ക് മാറി. കോണ്‍ഗ്രസ് പ്രൊഫഷണലായ എസ്.എസ്.ലാലിനെ രംഗത്തിറക്കിയതോടെ വോട്ടുകളുടെ മാറിമറിയല്‍ എങ്ങനെയെന്ന് പറയാനാവില്ല. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരേ ശബരിമല വിഷയം ഉയര്‍ത്തിപ്പിടിച്ചാണ് ശോഭയുടെ പ്രചാരണം. എന്നാല്‍ മണ്ഡലത്തില്‍ നടത്തിയ വികസനങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് കടകംപള്ളി ഇതിന് തടയിടുന്നത്. മണ്ഡലത്തില്‍ തനത് വികസന സങ്കല്‍പ്പങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചാണ് ലാലിന്റെ വോട്ടു തേടല്‍. പക്ഷേ ഏത് വിഷയമാണ് ജനങ്ങളെ സ്വാധീനിക്കുന്നതെന്നത് പ്രവചനാതീതമാണ്. ആവനാഴിയിലെ എല്ലാ ആയുധങ്ങളും എടുത്തുപയോഗിക്കാനുള്ള ശ്രമത്തിലാണ് ഈ മണ്ഡലത്തില്‍ മുന്നണികള്‍.

വിജയമുറപ്പിച്ചിറങ്ങിയ സിറ്റിങ് എം.എല്‍.എ.മാരും പുതുമുഖങ്ങള്‍ക്ക് മുന്നില്‍ പതറിത്തുടങ്ങി. പല മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് നടക്കുന്നതെന്ന പ്രതീതി ജനിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ തന്നെ എതിരാളികള്‍ക്കായി. വാമനപുരം, പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര, കോവളം, തിരുവനന്തപുരം, അരുവിക്കര, ചിറയിന്‍കീഴ്, വര്‍ക്കല. വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് കളം ഒരുങ്ങുന്നത്. മണ്ഡലത്തില്‍ വരുത്തിയ വികസനങ്ങളാണ് എം.എല്‍.എ.മാര്‍ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. ഇതിനൊപ്പം ഇവരുടെ ബന്ധങ്ങളും വോട്ടാകുമെന്നാണ് പ്രതീക്ഷ.

എന്നാല്‍ പുതുമുഖങ്ങളുടെ വ്യക്തിബന്ധങ്ങളും സാമുദായിക സമവാക്യങ്ങളുമാണ് എതിര്‍ ഭാഗത്തിന്റെ കരുത്ത്. ആദ്യ മത്സരത്തിനിറങ്ങുന്നവരടക്കം ഭൂരിഭാഗം പേരും മണ്ഡലത്തില്‍ ചിരപരിചിതരാണ്. പാറശ്ശാലയിലെ അന്‍സജിത റസ്സല്‍, വാമനപുരത്തെ ആനാട് ജയന്‍, കാട്ടാക്കടയിലെ മലയിന്‍കീഴ് വേണുഗോപാല്‍, തുടങ്ങിയ യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ ജില്ലാപഞ്ചായത്തംഗങ്ങളായി ഈ സ്ഥലങ്ങളില്‍ വിജയിച്ചവരാണ്.

നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജ് മുന്‍ എം.എല്‍.എ.യാണ്. അതുപോലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിമാരായ അരുവിക്കരയിലെ ജി.സ്റ്റീഫന്‍ സി.പി.എം. ഏരിയാ സെക്രട്ടറിയായിരുന്നു.

ആറ്റിങ്ങലില്‍ ഒ.എസ്.അംബിക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. തിരുവനന്തപുരത്തെ ആന്റണി രാജുവും കോവളത്തെ എ.നീലലോഹിതദാസന്‍ നാടാരും മുന്‍ എം.എല്‍.എ.മാരാണ്. ബി.ജെ.പി. സ്ഥാനാര്‍ഥികളായ വട്ടിയൂര്‍ക്കാവിലെ വി.വി.രാജേഷ്, കാട്ടാക്കടയിലെ പി.കെ.കൃഷ്ണദാസ്, അരുവിക്കര സി.ശിവന്‍കുട്ടി, പാറശ്ശാല കരമന ജയന്‍ എന്നിവരെല്ലാം ഇതേ മണ്ഡലങ്ങളില്‍ മുമ്പ് മത്സരിച്ചിട്ടുള്ളവരാണ്.

നെടുമങ്ങാട് യു.ഡി.എഫിലെ പി.എസ്.പ്രശാന്തിനും സി.പി.ഐ.യിലെ ജി.ആര്‍.അനിലിനും മണ്ഡലത്തില്‍ വ്യക്തിബന്ധങ്ങളുണ്ട്.

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണവും സൂക്ഷ്മ പരിശോധനയും കഴിഞ്ഞതോടെ ഇനി പ്രചാരണത്തില്‍ മാത്രമാണ് സ്ഥാനാര്‍ഥികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പരമാവധി വോട്ടര്‍മാരിലേക്കെത്താനുള്ള തിരക്കിലാണ് എല്ലാ സ്ഥാനാര്‍ഥികളും.