തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും ജനമനസ്സിലേക്ക് ചേര്‍ത്തുനിര്‍ത്താന്‍ ഒരാവേശമായി അവര്‍ക്കിടയിലേക്ക് പെയ്തിറങ്ങിയ നേതാവാണ് രാഹുല്‍ ഗാന്ധി.

അവസാനലാപ്പില്‍ നേമത്തെ മണ്ണില്‍ പരസ്യപ്രചാരണത്തിന്റെ കൊടിയിറക്കികൊണ്ട് രാഹുല്‍ പറഞ്ഞു-' മുരളി ഐക്യത്തിന്റെ പ്രതിനിധിയാണ്.

അപരന്റെ വേദന കാണാനാകുന്ന മനസ്സിന്റെ പ്രതിനിധിയാണ്. മുരളി ജയിക്കും'. കേരളമെന്ന ഒരുമയെന്ന ആശയത്തെ പ്രതിനിധീകരിക്കുന്ന നേരിന്റെ നാമമാണ് നേമം എന്ന രാഹുല്‍ പ്രഖ്യാപനത്തെ കരഘോഷത്തോടെ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.

പ്രിയങ്കയ്ക്കുവേണ്ടി കാത്തിരുന്ന മണ്ഡലമാണ് നേമം. കോവിഡ് നിരീക്ഷണത്തിലായതിനാലാണ് പ്രിയങ്കയ്ക്ക് പ്രചാരണം റദ്ദാക്കേണ്ടിവന്നത്. ആ ദൗത്യമാണ് രാഹുല്‍ ഏറ്റെടുത്തത്.

പക്ഷേ, പകരക്കാരന്റെ റോളല്ല, ആഗ്രഹിച്ചെത്തിയ മണ്ഡലമാണ് നേമം എന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

വിദ്വേഷത്തിന്റെ രാഷ്ട്രീയം പേറുന്ന ബി.ജെ.പി.യെ തോല്‍പ്പിക്കാനിറങ്ങിയതാണ് മുരളി.

അതിനൊപ്പം ചേരാന്‍ നേമത്ത് പ്രചാരണത്തിനിറങ്ങാന്‍ തുടക്കത്തിലേ തീരുമാനിച്ചതാണെന്നായിരുന്നു രാഹുലിന്റെ വിശദീകരണം.