പാറശ്ശാല: പ്രചാരണ സമാപനത്തിനിടെ പാറശ്ശാലയില്‍ സംഘര്‍ഷം. സി.പി.എം. പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ പ്രശ്നം പരിഹരിച്ചതിനു പിന്നാലെ എത്തിയ ബി.ജെ.പി. സ്ഥാനാര്‍ഥിയെ ഒരു വിഭാഗം സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പോലീസിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

പ്രചാരണ സമാപനത്തെ തുടര്‍ന്നുള്ള കൊട്ടിക്കലാശത്തിന് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പോേസ്റ്റാഫീസ് ജങ്ഷനില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്.

പ്രചാരണവാഹനങ്ങള്‍ വന്നുപോകുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. എന്നാല്‍, അഞ്ചരമണിയോടെ ഒരു വിഭാഗം എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ പോേസ്റ്റാഫീസിനു മുന്നില്‍ സംഘടിച്ചിരുന്നു. ഇവരില്‍ മൂന്നോളംപേര്‍ റോഡിലേക്ക് കൊടിയുമായി ഇറങ്ങി വാഹനങ്ങളെ തടഞ്ഞതിനെ തുടര്‍ന്ന് പോലീസ് ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി.

ഒരു വിഭാഗം സി.പി.എം. പ്രവര്‍ത്തകര്‍ പോലീസിനു നേരേ തിരിഞ്ഞതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. പിന്നാലെ മുതിര്‍ന്ന പ്രവര്‍ത്തകരെത്തി ഇവരെ പിന്നിലോട്ടു മാറ്റുകയായിരുന്നു. ഈ സമയം സ്ഥാനാര്‍ഥിപര്യടനവുമായി ബി.ജെ.പി. സ്ഥാനാര്‍ഥി കരമന ജയന്‍ പോേസ്റ്റാഫീസ് ജങ്ഷനിലേക്ക് എത്തി.

കരമന ജയന്റെ പര്യടനവാഹനത്തിനു മുന്നിലായി വന്ന പ്രചാരണ വാഹനത്തിനെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനപര്യടനത്തിനെ തടഞ്ഞതോടെ പ്രചാരണ വാഹനത്തില്‍നിന്നും ബി.ജെ.പി. സ്ഥാനാര്‍ഥി കരമന ജയന്‍ പുറത്തേക്ക് ഇറങ്ങി വരികയായിരുന്നു. കരമന ജയനെ കണ്ടതോടെ കൂകിവിളിച്ച് ഒരു വിഭാഗം എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിക്കു നേരേ എത്തിയതോടെ പോലീസ് സി.പി.എം. പ്രവര്‍ത്തകരെ പിന്നിലേക്കു മാറ്റി. തുടര്‍ന്ന് കരമന ജയന്‍ പര്യടനവാഹനത്തിലേക്കു കയറി. ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ പര്യടനവാഹനത്തെ തടയുകയും അകമ്പടി വാഹനത്തിന്റെ താക്കോല്‍ മോഷ്ടിച്ച എല്‍.ഡി.എഫ്. പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ കരമന കളിയിക്കാവിള റോഡ് ഉപരോധിച്ചു.

നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രതിയെ പിടികൂടാമെന്ന ഉറപ്പുലഭിച്ച ശേഷം ബി.ജെ.പി. പ്രവര്‍ത്തകര്‍ ഉപരോധം പിന്‍വലിച്ചു.