തിരുവനന്തപുരം:  സംസ്ഥാനത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലമാണ് നേമം. ഈ മണ്ഡലത്തെ ചൊല്ലി കേരളം പല തട്ടിലായി വിവിധ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കി. ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ മണ്ഡലമാണ് നേമം. കേരളത്തില്‍ ഒരു ഗുജറാത്തുണ്ടെങ്കില്‍ അത് നേമമെന്ന് ചങ്കില്‍ തൊട്ട് ബി.ജെ.പിക്കാര്‍ പറയുന്ന മണ്ഡലം. 

നേമത്തെ ചൊല്ലി കേരളത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായ ആശയക്കുഴപ്പത്തിന് കയ്യും കണക്കുമില്ല.മണ്ഡലം പിടിക്കാന്‍ ജയന്റ് കില്ലറെന്ന പേരിട്ട് കരുത്തനായ കെ. മുരളീധരനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ഏറ്റവും ഒടുവില്‍ വരുന്ന വിവരങ്ങള്‍ പ്രകാരം നേമം ബി.ജെ.പിയുടെ കോട്ട തന്നെയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

മണ്ഡലത്തില്‍ മത്സരം ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണ്. മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചതാണ് മുരളീധരന്‍ പിന്നിലേക്ക് പോകാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വോട്ടെണ്ണല്‍ തുടങ്ങി ഒരോ മണിക്കൂറിലും കൃത്യമായ ലീഡ് നില എന്‍.ഡി.എ. സ്ഥാനാര്‍ഥി കുമ്മനം നിലനിര്‍ത്തിയിരുന്നു. മണ്ഡലത്തില്‍ എല്‍.ഡി.എഫിനും ബി.ജെ.പിക്കുമുള്ളത്ര സംഘടനാ സംവിധാനം യു.ഡി.എഫിനില്ല. ഈ പ്രതിസന്ധി മുരളീധരന്റെ പ്രതിഛായയിലൂടെ മറികടക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇനി അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

മുന്‍നിര നേതാക്കള്‍ പോലും മത്സരിക്കാന്‍ മടിച്ച നേമത്ത് ധീരതയോടെ എത്തിയ മുരളീധരന് പക്ഷെ മണ്ഡലം പിടിച്ചെടുത്ത് കോണ്‍ഗ്രസില്‍ അതികായനാകാന്‍ സാധിക്കാതെ പോകുമെന്ന് വിലയിരുത്തേണ്ടി വരും.

Content Highlight: Nemom election result 2021