2016-ല്‍ താമര വിരിഞ്ഞതോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച മണ്ഡലമാണ് നേമം. ഇത്തവണ താമര കൊഴിയുമോയെന്ന് ഉറ്റുനോക്കുകയാണ് കേരളവും ദേശീയ രാഷ്ട്രീയവും. വിജയിച്ചേമതിയാകുവെന്നുറച്ച് എന്‍ഡിഎയും തല്ലിക്കൊഴിക്കാനുറച്ച് എല്‍ഡിഎഫും യുഡിഎഫും കച്ചമുറുക്കുമ്പോള്‍ സംസ്ഥാനത്ത് മറ്റെങ്ങുമില്ലാത്ത വീറും വാശിയുമാണ് നേമം മണ്ഡലത്തെ കാത്തിരിക്കുന്നത്. 

ഒ. രാജഗോപാല്‍ വിരിയിച്ച താമരയെ ഉറപ്പിച്ച് പ്രതിഷ്ഠിക്കാന്‍ കുമ്മനം രാജശേഖരന് സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. മറുവശത്ത്  2016ല്‍ വട്ടിയൂര്‍കാവില്‍ കുമ്മനത്തിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് കെ.മുരളീധരന്‍ എന്ന തുറുപ്പുഗുലാന്‍ ഇറക്കി കളിച്ചിരിക്കുന്നത്. 2016 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ച ആളാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി. 2016ല്‍ ഒ. രാജഗോപാലിനോട് പരാജയപ്പെട്ടപ്പോഴും എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ട് വിഹിതത്തില്‍ കാര്യമായ കുറവുണ്ടായിരുന്നില്ല എന്നതാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ക്ക്‌ ആധാരം.

ആകെ വോട്ടര്‍മാരില്‍ 60 ശതമാനത്തില്‍ കൂടുതല്‍ ഭൂരിപക്ഷ വിഭാഗത്തിലുള്ളവര്‍ ആയതിനാല്‍ ബിജെപി കേരളത്തില്‍ ഏറ്റവും വിശ്വാസമര്‍പ്പിക്കുന്ന മണ്ഡലമാണ് നേമം. അവിടെ വിജയിച്ചത്‌ പാര്‍ട്ടിക്കു പുറത്തുള്ള തന്റെ സ്വീകാര്യതകൊണ്ടു കൂടിയാണെന്ന് രാജഗോപാല്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, 2016നു ശേഷം നടന്ന ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലും നേമം കൂടെ നിന്നത് എന്‍ഡിഎക്കൊപ്പമാണ്. ഈ കണക്കുകളാണ് കുമ്മനത്തിനെ നിര്‍ത്താനുള്ള ആത്മവിശ്വാസത്തിന് പിന്നില്‍. 

തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള 21 കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ ചേര്‍ന്നതാണ് നേമം മണ്ഡലം. 21 വാര്‍ഡുകളില്‍ 14 എണ്ണത്തിലും വിജയിച്ചത് ബിജെപി സ്ഥാനാര്‍ഥികളാണ്. ബാക്കി ഏഴെണ്ണത്തില്‍ എല്‍ഡിഎഫും. അതിനാല്‍ മണ്ഡലം തങ്ങളുടെ ഉറച്ച കോട്ടയെന്ന ബിജെപി വാദത്തില്‍ കഴമ്പുണ്ടെന്ന് വേണം കരുതാന്‍. മാത്രമല്ല 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുമ്മനത്തിനെ ശശി തരൂര്‍ പരാജയപ്പെടുത്തിയെങ്കിലും നേമം മണ്ഡലം മാത്രം ബിജെപിക്ക് മുന്‍തൂക്കം കൊടുത്തു. ഇവിടെ ശശി തരൂര്‍ രണ്ടാം സ്ഥാനത്തായിരുന്നു. അതാണ് നേമം കേരളത്തിലെ ഗുജറാത്താണെന്ന് ബിജെപി നേതാക്കള്‍ക്ക് പറയാന്‍ ധൈര്യം നല്‍കുന്നത്‌.

മറിച്ച് മുരളീധരനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്‌. 2016ല്‍ രാജഗോപാലും ശിവന്‍കുട്ടിയും നേര്‍ക്കുനേര്‍ പോരാടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജെഡിയുവിന്റെ വി.സുരേന്ദ്രന്‍പിള്ളയ്ക്കു ലഭിച്ചത് വെറും 13,860 വോട്ട് മാത്രമാണ്. 2011 ല്‍ യുഡിഎഫിന്റെ ഭാഗമായിരുന്ന എസ്.ജെ.ഡി സ്ഥാനാര്‍ഥി ചാരുപാറ രവി 20,248 വോട്ടുനേടിയ സ്ഥാനത്തുനിന്നാണ് ഈ വോട്ടുചോര്‍ച്ച. ഇക്കഴിഞ്ഞ 10 വര്‍ഷവും ഘടക കക്ഷികള്‍ക്ക് സീറ്റ് കൊടുത്തത് കോണ്‍ഗ്രസിന് വോട്ടുചെയ്തിരുന്ന ഒരു വിഭാഗത്തെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് വേണം കരുതാന്‍.

ചരിത്രം പരിശോധിച്ചാല്‍ മണ്ഡലം ഉണ്ടായ കാലം മുതല്‍ പല കക്ഷികള്‍ക്കും തുടര്‍ച്ചയായ കാലം പിന്തുണ നല്‍കിയിരുന്നുവെന്ന് കാണാം. 1957ല്‍ സിപിഐക്കൊപ്പം നിലകൊണ്ട മണ്ഡലം 1960 പിഎസ്പി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചു. 1967ല്‍ സിപിഎമ്മിനെയും 1970 വീണ്ടും പിഎസ്പിയെയും വിജയിപ്പിച്ചു.  തുടര്‍ന്ന് അടിയന്തരാവസ്ഥ കാലത്തിന് ശേഷം 1977 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ച മണ്ഡലത്തില്‍ പിന്നീട് 1987 വരെ കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ചു.

എന്നാല്‍ കരുണാകരന് ശേഷം 1987 മുതല്‍ 2001 വരെ സിപിഎം സ്ഥാനാര്‍ഥികളെയാണ് മണ്ഡലം വിജയിപ്പിച്ചത്. 2001 ല്‍ എന്‍. ശക്തനിലൂടെ മണ്ഡലം കോണ്‍ഗ്രസ് തിരികെ പിടിച്ചു. ഇത്രയും കാലം മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി യുഡിഎഫിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് വന്ന കാഴ്ചയാണ് കേരളം 2011ല്‍ കണ്ടത്. 2011ല്‍ വി. ശിവന്‍കുട്ടിയിലൂടെ മണ്ഡലം സിപിഎം തിരികെ പിടിച്ചു.  2016 ആയപ്പോഴേക്കും രണ്ടാം സ്ഥാനത്ത് നിന്ന് ബിജെപി ഒന്നാമതെത്തി. കേരളത്തില്‍ താമര വിരിഞ്ഞു. 

2021ല്‍ മണ്ഡലം തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ് നേരിട്ട് രംഗത്തിറക്കിയത് കെ. മുരളീധരനെ. അച്ഛന്‍ മത്സരിച്ച മണ്ഡലത്തില്‍ പാര്‍ട്ടിക്ക് വേണ്ടി അഭിമാന പോരിനിറങ്ങുമ്പോള്‍ മുരളീധരന്‍ പ്രതീക്ഷവെക്കുന്നത് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകളാണ്. ലോക്സഭാ പോരില്‍ ശശി തരൂരിന്റെ കരുത്തില്‍ രണ്ടാമതെത്തിയ മണ്ഡലത്തില്‍ ആഞ്ഞ് പിടിച്ചാല്‍ കൈപ്പിടിയിലാക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. 

മുരളീധരന്റെ അപ്രതീക്ഷിത വരവോടെ കുമ്മനവും ശിവന്‍കുട്ടിയും കൂടുതല്‍ കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. ജയിച്ചാല്‍ മറ്റെങ്ങും പോകാതെ 5 വര്‍ഷവും എംഎല്‍എ ആയി ഇവിടെ ഉണ്ടാകുമെന്നാണ് കുമ്മനം രാജശേഖരന്‍ പറയുന്നത്. എംഎല്‍എ സ്ഥാനം കളഞ്ഞ് ലോക്സഭയിലേക്കും പിന്നീട് വേറെ മണ്ഡലത്തില്‍ മത്സരിക്കാനും പോകുന്ന മുരളീധരനെ കുത്തിയാണ് ആ പരാമര്‍ശം. എന്നാല്‍ വട്ടിയൂര്‍ക്കാവ് പോലെ നേമത്തെയും പരിപാലിക്കുമെന്നാണ് മുരളീധരന്റെ ഉറപ്പ്. തോറ്റപ്പോഴും അധികം അകലെയല്ലാത്ത ആ വിജയമാണ് ശിവന്‍കുട്ടി ലക്ഷ്യമിടുന്നത്‌