തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ നേരിട്ട പരാജയത്തിനു പിന്നാലെ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍. പൊതുജന സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുമ്പോള്‍ തിരഞ്ഞെടുപ്പ് പരാജയവും തിരിച്ചടികളും ഉണ്ടാവുന്നത് സ്വാഭാവികമാണ്, അത് പിന്തിരിയാനോ കുറ്റപ്പെടുത്താനോ ഉള്ള സന്ദര്‍ഭമാക്കി മാറ്റുകയല്ല വേണ്ടതെന്ന് 
കുമ്മനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബിജെപിക്ക് കേരളത്തില്‍ മേല്‍ക്കൈയുണ്ടായിരുന്ന നിയമസഭാ മണ്ഡലത്തില്‍ 3949 വോട്ടിനാണ് കുമ്മനം രാജശേഖരന്‍ തോറ്റത്. എല്‍ഡിഎഫിലെ വി ശിവന്‍കുട്ടിക്കായിരുന്നു ഇവിടെ വിജയം. ബിജെപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ആശംസകള്‍ ...നന്ദി 
നേമം മണ്ഡലത്തില്‍ നിന്നും വിജയം വരിച്ച ശ്രി ശിവന്‍കുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു . 
എന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും സഹായിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്ത ഒട്ടേറെ പേരെ ഈ അവസരത്തില്‍ ഞാന്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. 
പൊതുജന സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുമ്പോള്‍ തിരഞ്ഞെടുപ്പ് പരാജയവും തിരിച്ചടികളും ഉണ്ടാവുന്നത് സ്വാഭാവികമാണ്. പക്ഷേ അത് പിന്തിരിയാനോ കുറ്റപ്പെടുത്താനോ ഉള്ള സന്ദര്‍ഭമാക്കി മാറ്റുകയല്ല വേണ്ടത് , മറിച്ച് ആത്മവിമര്‍ശനത്തിനും പുനരുജ്ജീവനത്തിനും ഉള്ള അവസരമാണെന്ന തിരിച്ചറിവാണ് ഇപ്പോള്‍ ഉണ്ടാവേണ്ടതെന്ന് ഞാന്‍ കരുതുന്നു. 
രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നും കരുത്തോടെ മുന്നോട്ട് കൊണ്ടു പോകും.
ജനങ്ങളോടൊപ്പം അവരില്‍ ഒരുവനായി എന്നും തുടര്‍ന്നും പ്രവര്‍ത്തിക്കും. 
വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി രേഖപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഈ കൊറോണ മഹാമാരി കാലത്ത് അത് സാധ്യമല്ലെന്ന് എനിക്കറിയാം. 
ഒരിക്കല്‍ കൂടി നന്ദിയും കടപ്പാടും അറിയിക്കുന്നു.
കുമ്മനം രാജശേഖരന്‍