തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഏറെ പ്രതീക്ഷയോടെ മത്സരത്തിനിറങ്ങിയ ബി.ജെ.പി.ക്ക് ഇടതുപക്ഷത്തിന്റെ തേരോട്ടത്തില്‍ അടിപതറി. നേമത്തെ ഏക എം.എല്‍.എ. സ്ഥാനം നഷ്ടപ്പെട്ടതോടെ സംസ്ഥാനത്തുതന്നെ പൂജ്യരായി മാറുകയും ചെയ്തു.

നാല് എ പ്ലസ് മണ്ഡലങ്ങളാണ് ബി.ജെ.പി.യുടെ കണക്കില്‍ തിരുവനന്തപുരത്തുണ്ടായിരുന്നത്. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നിവ. നാലിടത്തും എല്‍.ഡി.എഫ്. വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇതില്‍ മൂന്നിടത്ത് രണ്ടാംസ്ഥാനമാണ് ബി.ജെ.പി.ക്ക് ലഭിച്ചത്.

ഏറ്റവും പ്രധാന നഷ്ടം ഒ.രാജഗോപാല്‍ ജയിച്ച നേമം തന്നെയായിരുന്നു. ഇവിടെ എഴുപത് ശതമാനം വോട്ടെണ്ണുന്നത് വരെ കുമ്മനം രാജശേഖരന്‍ നേരിയ ലീഡ് നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഇത് ബി.ജെ.പി. അണികളില്‍ പ്രതീക്ഷയുയര്‍ത്തുകയും ചെയ്തു.

പക്ഷേ, അവസാന റൗണ്ടുകളില്‍ ഒപ്പത്തിനൊപ്പം നിന്ന സി.പി.എമ്മിലെ വി.ശിവന്‍കുട്ടി വിജയം പിടിച്ചെടുക്കുകയായിരുന്നു. യു.ഡി.എഫിന്റെ കരുത്തനായി എത്തിയ കെ.മുരളീധരന്റെ സാന്നിധ്യമാണ് ബി.ജെ.പി.യുടെ വോട്ടുകളില്‍ വിള്ളലുണ്ടാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്ക് ലഭിച്ച് വന്ന ഭൂരിപക്ഷ വോട്ടുകളാണ് യു.ഡി.എഫിലേക്കു പോയത്. യു.ഡി.എഫിനടക്കം ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ എല്‍.ഡി.എഫിലേക്കൊഴുകിയതും ബി.ജെ.പി.ക്ക് തിരിച്ചടിയായി. ന്യൂനപക്ഷ മേഖലകളിലേക്ക് വോട്ടെണ്ണല്‍ കടന്നതോടെയാണ് എല്‍.ഡി.എഫ്. ലീഡ് ഉയര്‍ത്തിയത്. നേമം ബി.ജെ.പി.യുടെ ഗുജറാത്താണെന്ന് കുമ്മനം രാജശേഖരന്റെ പ്രസ്താവന നേരത്തെതന്നെ വിവാദമാവുകയും ചെയ്തു.

കെ.മുരളീധരന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും 36524 വോട്ടുകള്‍ നേടിയിരുന്നു. കഴിഞ്ഞ തവണ യു.ഡി.എഫ്. സ്ഥാനാര്‍ഥി നേടിയത് 13860 വോട്ടുകള്‍ മാത്രമായിരുന്നു. 2016ല്‍ 67813 വോട്ടുനേടിയ ബി.ജെ.പി.ക്ക് ഇത്തവണ 51888 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 15925 വോട്ടിന്റെ കുറവാണ് ഇവിടെ ബി.ജെ.പി.ക്കുണ്ടായത്. അതേപോലെ തന്നെ എല്‍.ഡി.എഫിനും മൂവായിരത്തോളം വോട്ടിന്റെ കുറവുണ്ടായിട്ടുണ്ട്.

ശക്തമായ മത്സരപ്രതീതി ഉയര്‍ത്തിയാണ് ബി.ജെ.പി.യുടെ ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് പ്രചാരണം പൂര്‍ത്തിയാക്കിയത്. എന്നാല്‍, വിശ്വാസം മാത്രം ഉയര്‍ത്തിയുള്ള പ്രചാരണം ഇവിടെയും ബി.ജെ.പി.ക്ക് തിരിച്ചടിയായെന്നാണ് പ്രാഥമിക നിഗമനം. ശോഭാ സുരേന്ദ്രന്‍ രണ്ടാംസ്ഥാനത്തെത്തിയെങ്കിലും എല്‍.ഡി.എഫിലെ കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ 13611 വോട്ടുകളാണ് കൂടുതല്‍ നേടിയത്.

ഭൂരിപക്ഷം 23497 വോട്ടായി ഉയരുകയും ചെയ്തു. യു.ഡി.എഫിന് 5607 വോട്ടിന്റെ കുറവുണ്ടാവുകയും ചെയ്തു. ഇവിടെയും ന്യൂനപക്ഷ വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിച്ചതായാണ് കണക്കുകൂട്ടല്‍. തീപാറുന്ന പോരാട്ടം നടന്ന കഴക്കൂട്ടത്ത് പലതവണ സംഘര്‍ഷങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞതവണ വി.മുരളീധരന് 42732 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ 40193 വോട്ടാണ് ശോഭയ്ക്ക് കിട്ടിയത്. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ കൈവിട്ട രണ്ടാംസ്ഥാനം തിരിച്ചുപിടിക്കാനായതില്‍ ബി.ജെ.പി.ക്ക് ആശ്വസിക്കാം.

ആറ്റിങ്ങലിലെ അപ്രതീക്ഷിത രണ്ടാംസ്ഥാനമാണ് ജില്ലയില്‍ ബി.ജെ.പി.യുടെ പ്രധാന നേട്ടമായി ചൂണ്ടിക്കാണിക്കാനാവുന്നത്. പി.സുധീര്‍ ഇവിടെ 38262 വോട്ട് നേടിയാണ് രണ്ടാംസ്ഥാനത്തെത്തിയത്.