തിരുവനന്തപുരം: നേമം കീഴടക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. നേമത്ത് ബി.ജെ.പിയെ ദുര്‍ബലപ്പെടുത്താനാണ് പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

" ബൂത്തുതലം മുതല്‍ക്കുളള പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. നല്ല വിജയ പ്രതീക്ഷയുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 47,000ത്തില്‍പ്പരം വോട്ടുകള്‍ ശശി തരൂരിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ നേമത്ത് ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തില്‍ 50,000 മുതല്‍ 55,000 വരെ വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ഥിക്ക് ജയിക്കാനാകും. ഞങ്ങള്‍ 60,000 വോട്ടുകളാണ് ലക്ഷ്യമിട്ടിരിക്കുന്നത്." - മുരളീധരന്‍ പറഞ്ഞു. 

ഒന്നാംസ്ഥാനം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും രണ്ടുംമൂന്നും സ്ഥാനങ്ങള്‍ ആര്‍ക്കായിരിക്കും എന്ന് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസായിട്ട് ബിജെപിക്ക് എവിടേയും ഇടമുണ്ടാക്കിക്കൊടുക്കില്ല. നേമത്ത് ബി.ജെ.പിയുടെ ഇടമില്ലാതാക്കാനാണ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.