തിരുവനന്തപുരം:  തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിശ്വാസികളുടെ വോട്ട് ലക്ഷ്യമിട്ട് കടകംപള്ളി സുരേന്ദ്രന്‍ കടകംമറിച്ചല്‍ നടത്തിയെന്ന് ശോഭാ സുരേന്ദ്രന്‍. ഒരേ സമയം വിശ്വാസികള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിശ്വാസികളുടെ വോട്ട് ലക്ഷ്യമിടുകയും ചെയ്യുന്നു. തുടര്‍ഭരണം ഉണ്ടായാല്‍ ശബരിമലയിലെ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുമെന്നും കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

കഴക്കൂട്ടം കാത്തിരുന്നത് കടകംപള്ളിയെ നേരിടാനുള്ള ഒരു സ്ഥാനാര്‍ഥിയെ ആണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട അസുരനിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹമാണ്. താനുള്‍പ്പെടെയുള്ളവര്‍ അത്തരം ഒരു സ്ഥാനാര്‍ഥിക്കായി കാത്തിരിക്കുകയായിരുന്നു.  

ശബരിമല വിഷയമുള്ള കാലത്ത്  ഗാലറിയിലിരുന്ന് കളി കണ്ടവരാണ് കോണ്‍ഗ്രസ്. ഒരു കോണ്‍ഗ്രസ് നേതാവിനെതിരെയും ഒരു പെറ്റി കേസ് പോലും നിലനില്‍ക്കുന്നില്ല. യുഡിഎഫിനെ വിജയിപ്പിച്ച വിശ്വാസികള്‍ തെറ്റ് തിരുത്തും. 

വി മുരളീധരന്‍ ശ്രദ്ധ കേന്ദ്രീകരിച്ച മണ്ഡലത്തിലേക്കുള്ള തന്റെ വരവില്‍ കഴക്കൂട്ടത്തെ പ്രവര്‍ത്തകര്‍ സന്തോഷത്തിലാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

Content Highlights: Kazhakkoottam NDA Candidate Sobha Surendran against Kadakampally Surendran