തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. മുഴുവന്‍ സമയ രാഷ്ട്രീയം തന്റെ വിദൂരചിന്തയില്‍ പോലുമില്ല. എപ്പോഴും എന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന ആളാണ് ഞാന്‍. അത് പലപ്പോഴും രാഷ്ട്രീയത്തില്‍ പറ്റില്ല. അങ്ങനെയുള്ളവര്‍ക്ക് രാഷ്ട്രീയത്തില്‍ നിലനില്‍ക്കാനും ബുദ്ധിമുട്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ യുഗത്തില്‍ രാജ്യം എങ്ങനെ മാറണമെന്നൊക്കെ അറിയണമെങ്കില്‍ അതുപോലെ കാര്യങ്ങള്‍ പഠിച്ച ചെറുപ്പക്കാരായ ആളുകളാണ് മുന്നോട്ടു വരേണ്ടത്. അവര്‍ക്കുള്ള അവസരം നമ്മള്‍ തുറന്നുകൊടുക്കണം. അതാണ് വേണ്ടത്. കലാലയ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. അതുവച്ച് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മത്സരിക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. എനിക്ക് അതിനുള്ള പ്രായവും സമയവും കഴിഞ്ഞു. രാഷ്ട്രീയ നേതാവിന്റെ വേഷം തനിക്ക് ചേരില്ലെന്നും വിഷയാധിഷ്ഠിതമായാണ് നിലപാടെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
എന്‍.എസ്.എസിനു സ്വീകാര്യനായ ജിജി തോംസണ്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന പ്രചാരണം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഭ്യൂഹങ്ങള്‍ തള്ളി അദ്ദേഹം രംഗത്തെത്തിയത്.
Content Highlights: New generation should come in politics