തിരുവനന്തപുരം:  നേമത്ത് ഒരു തവണ എം.എല്‍.എയായിട്ടുണ്ടെന്നും വേറെ ബന്ധമൊന്നുമില്ലെന്നും ഒ. രാജഗോപാല്‍ എം.എല്‍.എ. നേമത്തെ തിരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന ചോദ്യത്തിനായിരുന്നു രാജഗോപാലിന്റെ മറുപടി. രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്ന സാഹചര്യത്തില്‍ മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായും മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

നേമത്ത് കെ.മുരളീധരന്റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞത് സംബന്ധിച്ച ചോദ്യത്തിന് അത് ശരിയായ ഏര്‍പ്പാടല്ലെന്നായിരുന്നു രാജഗോപാലിന്റെ മറുപടി. ആക്രമണം നടത്തിയത് ബിജെപി പ്രവര്‍ത്തകരാണെന്ന് അവര്‍ പറയുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു. 

പരാജയഭീതി കൊണ്ടാണ് ബിജെപി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്ന് മുരളീധരന്‍ ആരോപിച്ചല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു. 

നേമത്തെ ബിജെപിയുടെ സിറ്റിങ് എം.എല്‍.എയാണ് രാജഗോപാല്‍. ഇത്തവണ ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് നേമം. നിര്‍ണായകമായ വോട്ടെടുപ്പ് ദിവസമാണ് നേമത്തെ സംബന്ധിച്ച് രാജഗോപാല്‍ തണുപ്പന്‍ പ്രതികരണം നടത്തിയതെന്നതും ശ്രദ്ധേയമാണ്. 

 

ലൈവ് ബ്ലോഗ്

Content Highlights:Kerala Assembly Election 2021: State heads to polling booths on Tuesday

Content Highlights: bjp mla o rajagopal response about nemam election