തിരുവനന്തപുരം: ആറ്റിങ്ങല്‍ നഗരസഭയ്ക്ക് പുറമെ ചെറുന്നിയൂര്‍, കരവാരം, കിളിമാനൂര്‍, മണമ്പൂര്‍ ഒട്ടൂര്‍, പഴയകുന്നുംമേല്‍, പുളിമാത്ത്, വക്കം എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. പട്ടികജാതി സംവരണ മണ്ഡലമായ ഇവിടെ 2016 മുതല്‍ ബി. സത്യനാണ് എംഎല്‍എ. വ്യക്തമായ ഒരു രാഷ്ട്രീയ ചായ്‌വും ഒരു മുന്നണിയോടും കാണിക്കാത്ത മണ്ഡലമാണ് ഇത്. 

മണ്ഡലം രൂപീകൃതമായ 1957 മുതല്‍ 2016 വരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ മാറിമാറി മുന്നണികളെ പരീക്ഷിച്ച ആറ്റിങ്ങലില്‍ ആര്‍ക്കും കൃത്യമായ മേല്‍കൈ അവകാശപ്പെടാനില്ല. എന്നാല്‍ 2011, 2016 തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബി. സത്യന്‍ ഇവിടെ തുടര്‍ച്ചയായി ജയിച്ചു. ഇത്തവണ രണ്ടുതവണ മത്സരിച്ചവരെ ഒഴിവാക്കുന്ന നയത്തെ തുടര്‍ന്ന് സത്യന് പകരം ഒ.എസ്. അംബികയെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്. പുതുമുഖമാണ് സ്ഥാനാര്‍ഥി. 

2016 ല്‍ യുഡിഎഫില്‍ ആര്‍എസ്പിക്ക് നല്‍കിയ സീറ്റാണ് ആര്‍എസ്പിക്ക് വേണ്ടി ഇത്തവണ അഡ്വ. എ. ശ്രീധരനാണ് മത്സരിക്കുന്നത്. എന്‍ഡിഎയ്ക്ക് വേണ്ടി യുവമോര്‍ച്ച നേതാവായിരുന്ന അഡ്വ. പി. സുധീറും മത്സരിക്കുന്നു. 

സാമുദായിക സമവാക്യങ്ങള്‍ കൊണ്ട് ഇടതുപക്ഷ ആശയങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണ് ആറ്റിങ്ങലെങ്കിലും ഇരുമുന്നണികളെയും മണ്ഡലം പിന്തുണച്ചിട്ടുണ്ട്. അതികായന്‍മാര്‍ ഏറ്റുമുട്ടിയ മണ്ഡലത്തില്‍ സിപിഎമ്മിന് വേണ്ടി 2011 ല്‍ അഡ്വ ബി സത്യന്‍ ആയിരുന്നു മണ്ഡലത്തില്‍ മത്സരിച്ചത്. 30,065 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇവിടെ നിന്ന് അദ്ദേഹം ജയിച്ചത്. 2016ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും സത്യനെ തന്നെ എല്‍ഡിഎഫ് നിര്‍ത്തി വിജയിപ്പിച്ചു. ഭൂരിപക്ഷവും ഉയര്‍ന്നു.

ആറ്റിങ്ങൽ നിയോജകമണ്ഡലം
നിയമസഭ തിരഞ്ഞെടുപ്പ്‌ 2016 എൽഡിഎഫ് -ഭൂരിപക്ഷം 40383
എൽഡിഎഫ്  72808
യുഡിഎഫ്  32425
എൻഡിഎ  27602
 
ലോകസഭ തിരഞ്ഞെടുപ്പ്‌ 2019  യുഡിഎഫ്-ഭൂരിപക്ഷം  3824
യുഡിഎഫ് 380995
എൽഡിഎഫ് 342748
എൻഡിഎ 244284
 
തദ്ദേശതിരഞ്ഞെടുപ്പ് 2020   എൽഡിഎഫ്-ഭൂരിപക്ഷം 9954 

എൽഡിഎഫ്

60222

യുഡിഎഫ്

50268
എൻഡിഎ 36193

എന്നാല്‍ 2019ലെ ലോക്സഭാ, തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ തുടര്‍ വിജയം ആഗ്രഹിച്ചെത്തുന്ന ഇടതുപക്ഷത്തിന് അനുകൂലമല്ല.  ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫിനായിരുന്നു മുന്‍തൂക്കം. തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതിന് തിരിച്ചടിയുണ്ടായ ചുരുക്കം ചില മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങല്‍. എല്‍ഡിഎഫിന്റെ കൈയിലുണ്ടായിരുന്ന വക്കം, ചെറുന്നിയൂര്‍, കിളിമാനൂര്‍, പുളിമാത്ത് എന്നീ പഞ്ചായത്തുകളിലെ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. അതിലേറെ സിപിഎമ്മിനെ ഞെട്ടിച്ചത് എല്‍ഡിഎഫിന്റെ കൈയില്‍ നിന്ന് അവരുടെ ഉറച്ച കോട്ടയെന്ന് കരുതിയിരുന്ന കരവാരം പഞ്ചായത്തിന്റെ ഭരണം ബിജെപി നേടിയതാണ്. 

എല്‍ഡിഎഫിന്റെ ഉറച്ച കേന്ദ്രങ്ങളിലേക്ക് ബിജെപിക്കും യുഡിഎഫിനും സ്വീകാര്യത വര്‍ധിച്ചു. ഇത് എല്‍ഡിഎഫിന്റെ വോട്ടുബാങ്കില്‍ വിട്ടലുണ്ടാക്കി. ഹിന്ദു വിശ്വാസികളില്‍ ശബരിമല വിഷയം ഇപ്പോഴും അതൃപ്തിക്കിടയാക്കി നില്‍ക്കുകയും അത് പ്രചാരണ വിഷയമാക്കി എന്‍ഡിഎയും യുഡിഎഫും സജീവമാക്കി നിര്‍ത്തുകയും ചെയ്യുന്ന സാഹചര്യം.

തുടര്‍ച്ചയായി മണ്ഡലത്തില്‍ വോട്ട് വര്‍ധിക്കുന്ന പ്രവണതയാണ് ബിജെപി കാണിക്കുന്നത്. 2011 ല്‍ 4,844 വോട്ടുണ്ടായിരുന്ന ബിജെപി, എന്‍ഡിഎ മുന്നണിയായി മത്സരിച്ച സമയത്ത് 2016ല്‍ 27,602 വോട്ടായി അത് വര്‍ധിച്ചു. അതിനാല്‍ ഇത്തവണ എന്‍ഡിഎ വോട്ട് വര്‍ധിച്ചാല്‍ അത് എല്‍ഡിഎഫിനായിരിക്കും കൂടുതല്‍ ദോഷം ചെയ്യുക എന്ന വിലയിരുത്തലുണ്ട്.

Content Highlights: Attingal State Assembly constituency OS Ambika A Sreedharan p Sudheer