ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ഭരണമാറ്റം ഉണ്ടാകുന്നതിനനുസരിച്ച് തിരുവനന്തപുരം ജില്ലയുടെ നിറം ചുവന്നും ത്രിവര്‍ണം പുതച്ചും നിന്നു. കഴിഞ്ഞതവണ ആദ്യമായി താമര വിരിയിച്ചും തലസ്ഥാനം പുതുപരീക്ഷണം നടത്തി. 2016-ല്‍ എല്‍.ഡി.എഫ്.-9, യു.ഡി.എഫ്.- 4, ബി.ജെ.പി.-1 എന്നിങ്ങനെയായിരുന്നു വിധിയെഴുത്ത്. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിലൂടെ എല്‍.ഡി.എഫ്. ഒരു സീറ്റ് കൂടി വര്‍ധിപ്പിച്ചു. 2011-ല്‍ യു.ഡി.എഫ്.-9, എല്‍.ഡി.എഫ്.-5 എന്നതായിരുന്നു നില. മൂന്ന് മുന്നികളും ഇഞ്ചോടിഞ്ച് മത്സരിക്കുന്ന ജില്ലയായതിനാല്‍ പാറുന്ന കൊടിക്കൊപ്പം ആള്പ്പൊക്കവും ജയം നിശ്ചയിക്കുന്നതില്‍ പ്രധാനഘടകമാണ്.
14 മണ്ഡലങ്ങളടങ്ങിയ ജില്ലയില്‍ സിറ്റിങ് എം.എല്‍.എ.മാര്‍ ഏതാണ്ടെല്ലാവരും വീണ്ടും മത്സരിക്കാന്‍ ഇറങ്ങുമെന്നുറപ്പ്. രണ്ട് ടേം നിബന്ധന സി.പി.എമ്മും സി.പി.ഐ.യും കര്‍ക്കശമാക്കിയാല്‍ ബി. സത്യന്(ആറ്റിങ്ങല്‍), സി. ദിവാകരന് (നെടുമങ്ങാട്), വി. ശശി( ചിറയിന്‍കീഴ്) എന്നിവര്‍ ഒഴിവാകും. നിയമസഭയില്‍ ബി.ജെ.പി.ക്ക് വേണ്ടി അക്കൗണ്ട് തുറന്ന ഒ. രാജഗോപാല്‍ (നേമം) പ്രായം കണക്കിലെടുത്ത് മാറിയേക്കും. ആദ്യ ടേം പൂര്‍ത്തിയാക്കിയ വി. ജോയ് (വര്‍ക്കല), ഡി.കെ. മുരളി (വാമനപുരം), സി.കെ. ഹരീന്ദ്രന്‍ (പാറശ്ശാല), ഐ.ബി. സതീഷ്(കാട്ടാക്കട), കെ. ആന്‍സലന്‍ ( നെയ്യാറ്റിന്‍കര), വി.കെ. പ്രശാന്ത് (വട്ടിയൂര്‍ക്കാവ്) എന്നിവര്‍ക്ക് സി.പി.എം. വീണ്ടും സീറ്റ് നല്‍കും. മന്ത്രി കടകംപള്ളി സുരേന്ദ്രനെ നിബന്ധനയില്‍ ഇളവുനല്‍കി കഴക്കൂട്ടത്ത് വീണ്ടും മത്സരിപ്പിക്കാനാണ് സാധ്യത. നെടുമങ്ങാട് സി. ദിവാകരന് മാറുന്ന പക്ഷം സി.പി.ഐ. ജില്ലാ സെക്രട്ടറി ജി. ആര്. അനിലിനാണ് സാധ്യത. കോണ്‍ഗ്രസിലും സിറ്റിങ് എം.എല്‍.എ.മാര്‍ക്ക് മാറ്റമുണ്ടാകില്ല. വി.എസ്. ശിവകുമാര്‍(തിരുവനന്തപുരം), കെ.എസ്. ശബരിനാഥന്(അരുവിക്കര), എം. വിന്‍സെന്റ്( കോവളം) എന്നിവര്‍ വീണ്ടും പോരിനിറങ്ങും.
കഴിയുന്നത്ര പുതുമുഖങ്ങളെ രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. അഭിമാനപോരാട്ടം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ രമേശ് ചെന്നിത്തലയുടെയും നേമത്ത് ഉമ്മന്‍ ചാണ്ടിയുടെയും പേരുകള്‍ വരെ അണിയറയില്‍ ചര്‍ച്ചയായി. കോണ്‍ഗ്രസ് ബി.ജെ.പി. ധാരണയെന്ന പ്രചാരണം പൊളിക്കാന്കൂടി ഇതുതകുമെന്നാണ് കണക്കുകൂട്ടല്‍. മുന്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥന് വേണുരാജാമണിയുടെ പേര് വട്ടിയൂര്‍ക്കാവിലേക്കും ആരോഗ്യവിദഗ്ധന്‍ ഡോ. എസ്.എസ്. ലാലിനെ കഴക്കൂട്ടത്തേക്കും പരിഗണിക്കുന്നു. പുതുമുഖങ്ങളായ പി.എസ്. പ്രശാന്ത് (നെടുമങ്ങാട്), കെ.എസ്. ഗോപകുമാര്‍ (ചിറയിന്‍കീഴ്), ജെ.എസ്. അഖില്‍ (കഴക്കൂട്ടം), ആര്.വി. രാജേഷ്( നേമം, കാട്ടാക്കട), എം. മുനീര്‍( വര്‍ക്കല), വിനോദ് കോട്ടുകാല്‍ (നെയ്യാറ്റിന്‍കര), മണക്കാട് സുരേഷ് എന്നിവര്‍ പരിഗണിക്കപ്പെടുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ രമണി പി. നായരെ വാമനപുരത്തേക്കും ആന്‍സജിതാ റസലിനെ കാട്ടാക്കടയിലേക്കും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്ക് നറുക്ക് വീണാല്‍ പാലോട് രവി (നെടുമങ്ങാട്), ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, തമ്പാനൂര്‍ രവി (പാറശ്ശാല), ആര്. സെല്‍വരാജ് ( നെയ്യാറ്റിന്‍കര), എന്‍. ശക്തന്(കാട്ടക്കട, നേമം) എന്നിവര്‍ പട്ടികയില്‍ ഇടംപിടിക്കും. നേമത്തെ വിജയം ആവര്‍ത്തിക്കാന്‍ കുമ്മനം രാജശേഖരനെ മത്സരരംഗത്തിറക്കാനാണ് ബി.ജെ.പി.യുടെ ആലോചന. പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തിയ വട്ടിയൂര്‍ക്കാവില്‍ വി.വി. രാജേഷ് സ്ഥാനാര്‍ഥിയായേക്കും. വി. മുരളീധരന് മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ കഴക്കൂട്ടത്ത് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അദ്ദേഹമാകും സ്ഥാനാര്‍ഥി.
തോറ്റെങ്കിലും കഴിഞ്ഞപ്രാവശ്യം മികച്ചപ്രകടനം നടത്തിയ കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസും പാറശ്ശാലയില്‍ കരമന ജയനും വീണ്ടും മത്സരിക്കാന്‍ തയ്യാറെടുക്കുന്നു.