പത്തനംതിട്ട: മന്ത്രിസ്ഥാനത്തേക്ക് പാര്‍ട്ടി നിര്‍ദേശിച്ചെന്ന തീരുമാനം വീണ ജോര്‍ജ് അറിയുന്നത് യാത്രക്കിടെ. സി.പി.എം. നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു വീണ ജോര്‍ജ്. ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫും ഒപ്പമുണ്ടായിരുന്നു. കൊട്ടാരക്കരയ്ക്ക് സമീപം എത്തിയപ്പോള്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി തീരുമാനം അറിയിച്ചുകൊണ്ട് മൊബൈലില്‍ ആദ്യവിളിയെത്തി.

പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസാണ് മന്ത്രിസഭയിലേക്ക് പാര്‍ട്ടി പേര് നിര്‍ദേശിച്ച വിവരം അറിയിക്കുന്നത്. ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞു. പിന്നീട് തിരുവനന്തപുരത്ത് എത്തുംവരെ തങ്ങള്‍ക്ക് പരസ്പരം സംസാരിക്കാന്‍പോലും കഴിഞ്ഞില്ലെന്ന് വീണ പറഞ്ഞു. ഇരുവരുടെയും മൊബൈല്‍ ഫോണുകളിലേക്ക് നിരന്തരം വിളികള്‍... സന്തോഷം അറിയിച്ചും അഭിനന്ദിച്ചും നിര്‍ത്താതെ കോളുകള്‍... സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.അനന്തഗോപന്‍, ആര്‍.ഉണ്ണികൃഷ്ണപിള്ള എന്നിവരെല്ലാം വിളിച്ചു- വീണ ജോര്‍ജ് പറഞ്ഞു.

രാവിലെതന്നെ ദൃശ്യമാധ്യമങ്ങളില്‍ മന്ത്രിയായേക്കും എന്ന വാര്‍ത്തകള്‍ കണ്ടിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും മണ്ഡലത്തില്‍നിന്നുള്ളവരും നിരന്തരം വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു.

കൊടുമണ്‍ അങ്ങാടിക്കല്‍ നോര്‍ത്തിലെ വീട്ടില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുമ്പോള്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങിയിട്ടേയുള്ളൂ. രണ്ട് മക്കളെയും അമ്മ റോസമ്മ കുര്യാക്കോസിനൊപ്പം ആക്കിയിട്ടായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര.

ദീര്‍ഘകാലത്തെ മാധ്യമപ്രവര്‍ത്തനജീവിതത്തില്‍ മന്ത്രിമാരുള്‍പ്പെടെ നിരവധി പ്രമുഖരോട് സംസാരിക്കുകയും അഭിമുഖങ്ങള്‍ നടത്തേണ്ടിവരികയും ചെയ്തിട്ടുള്ള വീണ, താന്‍ എന്നെങ്കിലും മന്ത്രിപദവിയിലെത്തുമെന്ന് കരുതിയിരുന്നോ എന്ന ചോദ്യത്തിന് സ്വപ്നങ്ങളില്‍ പോലും അങ്ങനെ ഒരു ചിന്ത ഉണ്ടായിട്ടില്ലെന്നായിരുന്നു മറുപടി. പൊതുപ്രവര്‍ത്തനത്തോടും രാഷ്ട്രീയത്തോടുമൊക്കെ താത്പര്യമുണ്ടായിരുന്നു. പക്ഷേ, മന്ത്രിപദവിയെക്കുറിച്ചൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല.

ജില്ലയില്‍നിന്നുള്ള ആദ്യ വനിതാ മന്ത്രി എന്ന നിയോഗം ലഭിക്കുമ്പോള്‍ എല്ലാം പത്തനംതിട്ട ജില്ലയിലെയും തന്റെ മണ്ഡലമായ ആറന്മുളയിലേയും ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണ് വീണ. ആറന്മുളയിലെ പ്രിയപ്പെട്ടവര്‍ക്ക് നന്ദി- വീണ പറഞ്ഞു.