തിരുവല്ല: സംസ്ഥാന നിയമസഭയിലേക്കുള്ള ആദ്യതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തുനിന്ന തിരുവല്ലയെ പിന്നീട് വലതുപക്ഷ കോട്ടയെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയെങ്കിലും യാഥാര്‍ഥ്യം ഇതിനുമപ്പുറത്തായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വലതുമുന്നണികള്‍ക്ക് കൃത്യമായി വോട്ടുനല്‍കുകയും നിയമസഭയിലേക്ക് ഇടതുപക്ഷത്തെ പലവട്ടം പരിഗണിക്കുകയും ചെയ്ത രാഷ്ട്രീയമനസ്സ്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇരുകൂട്ടരെയും ഒരുപോലെ പരിഗണിക്കുന്നതിനൊപ്പം അടുത്തകാലത്തായി ബി.ജെ.പി.ക്കും തിരുവല്ലയുടെ രാഷ്ട്രീയ പൂമുഖം കസേരയിട്ടുകൊടുത്തു. കേരളത്തില്‍ ബി.ജെ.പി. അധികാരത്തിലെത്തിയ ആദ്യ ഗ്രാമപ്പഞ്ചായത്തുകളിലൊന്ന് തിരുവല്ലയിലെ നെടുമ്പ്രമായിരുന്നു.

2011-ന് മുമ്പും ശേഷവും എന്ന രീതിയിലാണ് തിരുവല്ല നിയമസഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് രംഗം വിഭജിക്കപ്പെടുന്നത്. 2011-ല്‍ ഇല്ലാതായ കല്ലൂപ്പാറ നിയോജകമണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകള്‍ തിരുവല്ലയിലേക്ക് കൂട്ടിച്ചേര്‍ത്തു. 2006-ല്‍ വിജയിച്ച ഇടതുമുന്നണിയിലെ മാത്യു ടി.തോമസ് 2011-ലും 2016-ലും വെന്നിക്കൊടി പാറിച്ചു.

ഇതിനിടെ നടന്ന മൂന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായിരുന്നു തിരുവല്ലയില്‍ ഭൂരിപക്ഷം. അതും നിയമസഭയില്‍ ഇടതിന് കിട്ടിയതിനേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍.

തിരുവല്ല നഗരസഭ, കുറ്റൂര്‍, കവിയൂര്‍, പെരിങ്ങര, നെടുമ്പ്രം, കടപ്ര, നിരണം, പഴയ കല്ലൂപ്പാറ മണ്ഡലത്തിലെ മല്ലപ്പള്ളി, ആനിക്കാട്, കല്ലൂപ്പാറ, പുറമറ്റം, കുന്നന്താനം എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് അസംബ്ലി മണ്ഡലം. അറുപതിനായിരത്തിലധികം കുടുംബങ്ങള്‍ താമസിക്കുന്നു.

അഞ്ച് പഞ്ചായത്തുകള്‍ വീതം ഇടത്, വലത് മുന്നണികള്‍ ഭരിക്കുന്നു. കവിയൂരില്‍ ബി.ജെ.പി.യും മണ്ഡലത്തിന്റെ തലസ്ഥാനമായ തിരുവല്ല നഗരസഭ വ്യക്തമായ ഭൂരിപക്ഷത്തിലല്ലെങ്കിലും വലതുമുന്നണിയുടെ കൈയില്‍.

മലയോരവും വയലോരവും ചേര്‍ന്ന നാട്ടില്‍ റബ്ബറും നെല്ലും ചര്‍ച്ചാ വിഷയമാണ്. 56 ശതമാനത്തിലധികം ഹിന്ദുവോട്ടുള്ള മണ്ഡലത്തില്‍ വിജയ പരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ഇതരവിഭാഗങ്ങളുടെ നിലപാടുകളാണ് നിര്‍ണായകമാകുന്നത്. ഇത്തവണ പ്രത്യക്ഷത്തില്‍ വിഭാഗീയ അടിയൊഴുക്കുകള്‍ ദൃശ്യമായിട്ടില്ല.

അഞ്ചും ജയിക്കാന്‍ മാത്യു ടി.തോമസ്

അടിയന്തരാവസ്ഥക്കാലത്തെ ആവേശത്തില്‍ രാഷ്ട്രീയ ജ്വാല നെഞ്ചേറ്റിയാണ് മാത്യു ടി.തോമസ് പ്രവര്‍ത്തനം തുടങ്ങുന്നത്. കേരള വിദ്യാര്‍ഥി ജനതയിലൂടെ തുടക്കം. പി.സി.തോമസ് എന്ന സിറ്റിങ് എം.എല്‍.എ.യെ മുട്ടുകുത്തിച്ചാണ് 1987-ല്‍ തിരുവല്ലയുടെ ജനപ്രതിനിധിയാകുന്നത്. അന്ന് പ്രായം 26. നിയമസഭയിലെ ബേബി. 1991-ലെ രണ്ടാം അങ്കത്തില്‍ മാമ്മന്‍ മത്തായിയോട് പരാജയം. പിന്നീട് 15 വര്‍ഷം തിരഞ്ഞെടുപ്പ് ഗോദയില്‍നിന്ന് മാറിനിന്നു.

thiruvalla election

2006-ല്‍ വീണ്ടും ജനതാദള്‍ പ്രതിനിധിയായി വിക്ടര്‍ ടി.തോമസിനെ 8922 വോട്ടിന് പരാജയപ്പെടുത്തി. തുടര്‍ന്നിങ്ങോട്ട് പിന്‍തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. 2011-ല്‍ വീണ്ടും വിക്ടറിനെ 10767 വോട്ടിന് പരാജയപ്പെടുത്തി. 2016-ല്‍ കരുത്തനായ ജോസഫ് എം.പുതുശ്ശേരിയെ 8262 വോട്ടിന് മുട്ടുകുത്തിച്ചുള്ള തേരോട്ടം തുടരുന്നു. രണ്ട് വട്ടം മന്ത്രിയായി. മണ്ഡലത്തിലാരെയും പരിചയപ്പെടുത്തേണ്ട ആവശ്യം മാത്യു ടി.ക്കില്ല. വികസന മുന്നേറ്റമാണ് മാത്യു ടി.തോമസിന് ചൂണ്ടിക്കാട്ടാനുള്ളത്. ഓരോരുത്തര്‍ക്കും സര്‍ക്കാരില്‍നിന്ന് കിട്ടിയ കരുതല്‍ ഭൂരിപക്ഷം ഉയര്‍ത്തിയുള്ള വിജയത്തിനിടയാക്കുമെന്ന് മാത്യു ടി.തോമസ് പ്രതീക്ഷിക്കുന്നു.

കന്നിക്കൊയ്ത്തിന് കുഞ്ഞുകോശി പോള്‍

ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ ദീര്‍ഘനാള്‍ ജനപ്രതിനിധിയായി ഇരുന്നതിന്റെ കൈമുതലുമായാണ് യു.ഡി.എഫിന്റെ കുഞ്ഞുകോശി പോള്‍ പോര്‍മുഖത്ത് നില്‍ക്കുന്നത്. 1990-ല്‍ ആദ്യ ജില്ലാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നേടിയ വിജയവുമായാണ് കുഞ്ഞുകോശി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. പിന്നീട് മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റുമായി. ബ്ലോക്ക് പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗമാണ്. രാഷ്ട്രീയ ചാഞ്ചാട്ടമില്ലാതെ ജോസഫിനൊപ്പം ഉറച്ചുനിന്നതിന്റെ അഭിമാനം കുഞ്ഞുകോശിയുടെ പ്രചാരണ രംഗത്തുമുണ്ട്. സൗമ്യമായ ചിരിയിലൂടെ വോട്ടുതേടുന്നു. മല്ലപ്പള്ളിയെന്ന മലനാട്ടില്‍നിന്ന് അപ്പര്‍കുട്ടനാട്ടിലേക്ക് നീളുന്ന സൗഹൃദബന്ധങ്ങള്‍. ഒരുകൈവീശലില്‍ വോട്ടുറപ്പിക്കുന്ന ലാളിത്യം. മാറ്റം തിരുവല്ലയുടെ മനസ്സില്‍ ഉണ്ടെന്ന് ഉറപ്പിച്ചാണ് അദ്ദേഹത്തിന്റെ ഓരോ ചുവടുകളും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമീപനത്തോടുള്ള എതിര്‍പ്പ് യു.ഡി.എഫിന്റെ വിജയമായി മാറുമെന്നാണ് കുഞ്ഞുകോശി പോളിന്റെ പ്രതീക്ഷ.

thiruvalla election

അശോകന് അശേഷമില്ല ശോകം

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തിരുവല്ലയ്ക്ക് മുന്നില്‍ ത്രികോണപ്പോര് ഒരുക്കിയാണ് കടന്നുപോയത്. തന്ത്രി അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് 2016-ല്‍ എന്‍.ഡി.എ.യ്ക്കുവേണ്ടി തിളപ്പിച്ചെടുത്ത മണ്ഡലത്തെ കെ.സുരേന്ദ്രന്‍ പൊന്നോളം പ്രഭയില്‍ തിളക്കി. ഊതിക്കാച്ചിയ പൊന്ന് കനലില്‍നിന്ന് വിളയിച്ചെടുക്കാന്‍ ബി.ജെ.പി. രംഗത്തിറക്കിയത് ജില്ലാ പ്രസിഡന്റിനെത്തന്നെ. നിയമസഭയിലേക്ക് രണ്ടാം അങ്കമാണ് അശോകന്‍ കുളനടയ്ക്ക്. കഴിഞ്ഞ തവണ ആറന്മുള നിയോജകമണ്ഡലത്തില്‍ മത്സരിച്ചു. 2005 മുതല്‍ 2020 വരെ കുളനട ഗ്രാമപ്പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചതിന്റെ പാരമ്പര്യം. അഞ്ച് വര്‍ഷം പഞ്ചായത്ത് പ്രസിഡന്റുമായി. യുവമോര്‍ച്ച, കര്‍ഷകമോര്‍ച്ച തുടങ്ങിയവയിലും നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചു. 2019-ലേതിനേക്കാള്‍ പതിനായിരം വോട്ട് അധികം പിടിച്ചാല്‍ വിജയം ഉറപ്പെന്നാണ് കുളനടയുടെ കണക്കുകൂട്ടല്‍. തദ്ദേശ തിരഞ്ഞെടുപ്പിലും മേഖലയില്‍ ബി.ജെ.പി. പിന്നില്‍ പോയില്ല. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞുള്ള വോട്ടര്‍മാരുടെ പ്രതികരണം ആവേശം പകരുന്നതാണ് അശോകന്‍ കുളനടയുടെ വിജയപ്രതീക്ഷ.