തിരുവല്ല: ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ തിരുവല്ലയില്‍ ഉണ്ടായ പരസ്യപ്രതിഷേധത്തില്‍ അന്വേഷണം നടത്താനൊരുങ്ങി പാര്‍ട്ടി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പ് പ്രതിഷേധക്കാര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് സൂചനകള്‍. 

അതേസമയം തനിക്കെതിരെ ഉണ്ടായത് പെയ്ഡ് പ്രതിഷേധമാണെന്ന് അശോകന്‍ കുളനട പ്രതികരിച്ചു. സ്ഥാനാര്‍ഥി ആവാന്‍ തയ്യാറെടുത്ത ആളുടെ സ്ഥാപനത്തിലെ പെയ്ഡ് ആളുകളാണ് പ്രതിഷേധത്തിന് പിന്നില്‍. പങ്കെടുത്തവര്‍ക്കെതിരെ അന്വേഷണത്തിന് ശേഷം അച്ചടക്ക നടപടി ഉണ്ടാവുമെന്നും അശോകന്‍ കുളനട പ്രതികരിച്ചു. 

അശോകന്‍ കുളനടയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രവര്‍ത്തകര്‍ തിരുവല്ലയില്‍ പ്രകടനം നടത്തിയിരുന്നു. യുവമോര്‍ച്ച നേതാവ് അനൂപ് ആന്റണിയെ സ്ഥാനാര്‍ഥി ആക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മഹിളാമോര്‍ച്ച പ്രവര്‍ത്തകരടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.