പത്തനംതിട്ട: റാന്നി മണ്ഡലത്തില്‍ മത്സരിക്കുന്നത് ആരെന്നതില്‍ എല്‍.ഡി.എഫില്‍ അനിശ്ചിതത്വം തുടരുന്നു. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റാണ് റാന്നി. മുന്നണിയിലേക്ക് കടന്നുവന്ന കേരള കോണ്‍ഗ്രസ് എം. റാന്നി സീറ്റില്‍ കണ്ണുവെച്ചിട്ടുണ്ട്. എന്നാല്‍, മണ്ഡലം കൈമാറുന്നത് പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്ന തരത്തില്‍ അഭിപ്രായം സി.പി.എം. നേതൃത്വത്തില്‍ ശക്തമായിട്ടുണ്ട്. വിട്ടുകൊടുക്കാവുന്ന തരത്തില്‍ പാര്‍ട്ടിക്ക് പത്തനംതിട്ട ജില്ലയില്‍ അധികസീറ്റുകള്‍ നിലവിലില്ലാത്തതിനാല്‍ റാന്നി കൈമാറുന്നത് ഉചിതമല്ലെന്ന അഭിപ്രായം നേതാക്കള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം പാര്‍ട്ടിയുടെ ഉന്നതനേതൃത്വം കൈക്കൊള്ളുമെന്നാണ് ജില്ലാ നേതാക്കളും പ്രതീക്ഷിക്കുന്നത്.
റാന്നി സീറ്റില്‍ മത്സരിക്കാനുള്ള താത്പര്യം നേരത്തേ കേരള കോണ്‍ഗ്രസ് എം. പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ചിരുന്നപ്പോള് തിരുവല്ല സീറ്റിലായിരുന്നു കേരള കോണ്‍ഗ്രസ് എം. മത്സരിച്ചിരുന്നത്. ജനതാദള്‍ എസിനായി മാത്യു ടി.തോമസ് മത്സരിച്ച ഈ സീറ്റ് വിട്ടുകിട്ടാന്‍ എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞാണ് റാന്നി സീറ്റിനായി മാണി വിഭാഗം പിടിമുറുക്കിയതെന്നും സൂചനയുണ്ടായിരുന്നു. ജില്ലയില്‍ ഒരുസീറ്റില്‍ ഉറപ്പായും പാര്‍ട്ടി സ്ഥാനാര്‍ഥി മത്സരരംഗത്തുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എം. വ്യക്തമാക്കുന്നു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍.എം.രാജു ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരിനാണ് പ്രധാന പരിഗണന.
അഞ്ചു മണ്ഡലങ്ങളില്‍ ആറന്മുള, കോന്നി, റാന്നി സീറ്റുകളാണ് സി.പി.എമ്മിനുള്ളത്. റാന്നി കൈമാറേണ്ടിവന്നാല്‍ ജില്ലയില്‍ പാര്‍ട്ടിയുടെ സീറ്റുകള്‍ രണ്ടായി ചുരുങ്ങും. കഴിഞ്ഞ അഞ്ചുതവണയും സി.പി.എമ്മിനായി രാജു എബ്രഹാമാണ് മണ്ഡലം നിലനിര്‍ത്തിയത്. നിശ്ചിത ടേമില്‍ കൂടുതല്‍ മത്സരിച്ചവര്‍ക്ക് സീറ്റ് വീണ്ടും സി.പി.എം. നല്‍കുമോയെന്നത് റാന്നിയിലെ സ്ഥാനാര്‍ഥിത്വത്തിലും അനിശ്ചിതത്വമേകുന്നു. എന്നാല്‍, വിജയസാധ്യത പരിഗണിച്ച് രാജു എബ്രഹാമിന് ഒരിക്കല്‍കൂടി അവസരം നല്‍കണമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്.
മുന്നൊരുക്കം തുടങ്ങി
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഞായറാഴ്ച സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കണ്വെന്ഷനുകളുള്പ്പെടെ വിളിച്ചുചേര്‍ക്കാനും തീരുമാനമെടുത്തു. മാര്‍ച്ച് രണ്ടിനും സെക്രട്ടേറിയറ്റ് യോഗം ചേരും.
ഒരു സീറ്റ് ഉറപ്പ്- എന്‍.എം.രാജു
കേരള കോണ്‍ഗ്രസ് എമ്മിന് കരുത്തുറ്റ സംഘടനാസംവിധാനമുള്ള ജില്ലയില്‍ പാര്‍ട്ടിക്ക് മത്സരിക്കാന്‍ ഒരു സീറ്റ് ലഭിക്കുമെന്നത് ഉറപ്പാണെന്ന് ജില്ലാ പ്രസിഡന്റ് എന്‍.എം.രാജു. അനുയോജ്യരായ സ്ഥാനാര്‍ഥികള്‍ അഞ്ചു മണ്ഡലങ്ങളിലുമുണ്ട്.
ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.