പത്തനംതിട്ട: 1996 മുതൽ സി.പി.എം. നേതാവ് രാജു എബ്രഹാം പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് റാന്നി. സി.പി.എമ്മിന്റെ സുരക്ഷിത മണ്ഡലങ്ങളിലൊന്ന്. 1996-ൽ രാജു എബ്രഹാമിലൂടെ അട്ടിമറി വിജയം നേടിയ ഇടതുമുന്നണിക്ക് പിന്നിടൊരിക്കലും മണ്ഡലം കൈവിട്ടിട്ടില്ല. പക്ഷേ, ഇത്തവണ റാന്നി സീറ്റ് ഇടതുമുന്നണി കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് കൈമാറിയേക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ ജോസ് വിഭാഗത്തിന്റെ മുതിർന്ന നേതാക്കൾ തന്നെ മത്സരത്തിനിറങ്ങും. കേരള കോൺഗ്രസിന്റെ കടന്നുവരവോടെ മണ്ഡലത്തിൽ വിജയം സുനിശ്ചിതമാണെന്നാണ് ഇടതുമുന്നണിയുടെ കണക്കുക്കൂട്ടൽ.
റാന്നിയിൽ എല്ലാസമവാക്യങ്ങളും ഒത്തുചേർന്ന സ്ഥാനാർഥിയായിരുന്നു രാജു എബ്രഹാം. എല്ലാ സമുദായങ്ങളുമായുള്ള മികച്ച ബന്ധമാണ് അഞ്ച് തവണയും രാജു ഏബ്രഹാമിന് തുണയായത്. 2016-ൽ 14,596 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു രാജു എബ്രഹാമിന്റെ(58,749 വോട്ട്) വിജയം. കോൺഗ്രസിന്റെ മറിയാമ്മ ചെറിയാനായിരുന്നു(44,153 വോട്ട്) അന്ന് യു.ഡി.എഫ്. സ്ഥാനാർഥി. എൻ.ഡി.എ. സ്ഥാനാർഥിയായി ബി.ഡി.ജെ.എസിൽനിന്ന് കെ.പദ്മകുമാറും മത്സരിച്ചു.
ഇത്തവണ റാന്നി സീറ്റിൽ സി.പി.എം. തന്നെ മത്സരിക്കുകയാണെങ്കിൽ രാജു എബ്രഹാമിന് ഒരവസരം കൂടി ലഭിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ തുടര്‍ച്ചയായി ആറാം തവണയാകും അദ്ദേഹം ജനവിധി തേടുക. തുടർഭരണം ലക്ഷ്യമിടുന്നതിനാൽ സി.പി.എം. റാന്നി സീറ്റിന്റെ കാര്യത്തിൽ വലിയ പരീക്ഷണത്തിന് മുതിർന്നേക്കില്ലെന്നാണ് സൂചന. അതേസമയം, ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന നേതാവായ റോഷൻ റോയ് മാത്യുവിന്റെ പേരും സി.പി.എമ്മിന്റെ പരിഗണനയിലുണ്ട്. യുവനേതാവെന്ന നിലയിൽ 2016-ലും റോഷൻ റോയ് മാത്യുവിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും അവസാനനിമിഷം രാജു എബ്രഹാമിനെ തന്നെ സി.പി.എം. സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
റാന്നി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് കൈമാറുകയാണെങ്കിൽ എൻ.എം. രാജു, സ്റ്റീഫൻ ജോർജ് എന്നിവരില്‍ ആരെങ്കിലും സ്ഥാനാർഥിയാകാനാണ് സാധ്യത. കെ.എം. മാണിയുടെ വിശ്വസ്തനായിരുന്ന എൻ.എം. രാജു പാർട്ടിയുടെ ജില്ലാനേതാവാണ്. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് ശേഷവും ജോസ് കെ.മാണിക്കൊപ്പം അടിയുറച്ചുനിന്ന നേതാവ് കൂടിയാണ് അദ്ദേഹം. കേരള കോൺഗ്രസിന്റെ സംസ്ഥാന നേതാവായ സ്റ്റീഫൻ ജോർജ് ജോസ് കെ.മാണിയുടെ അടുത്ത അനുയായിയാണ്. 2001-ൽ കടുത്തുരുത്തിയിൽ മത്സരിച്ച അദ്ദേഹം എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കടുത്തുരുത്തി സീറ്റിലാണ് സ്റ്റീഫന്‍ ജോര്‍ജിന്റെ പേര് പ്രധാനമായും പരിഗണിക്കുന്നത്. അവിടെ മറ്റൊരാള്‍ വന്നാല്‍ റാന്നിയില്‍ അദ്ദേഹം മത്സരിച്ചേക്കും
കെ.പി.സി.സി. സെക്രട്ടറിയായ റിങ്കു ചെറിയാന്റെ പേരാണ് റാന്നിയിൽ കോൺഗ്രസിന്റെ സജീവ പരിഗണനയിലുള്ളത്. മണ്ഡലത്തിൽ ഏറെ പരിചിതനായ നേതാവാണെന്നതും യുവാക്കൾക്കിടയിലെ സ്വാധീനവും റിങ്കു ചെറിയാന്റെ സാധ്യത വർധിപ്പിക്കുന്നു. അതേസമയം, തിരുവല്ലയ്ക്ക് പകരം റാന്നി സീറ്റ് യു.ഡി.എഫ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കൈമാറാനും സാധ്യതയുണ്ട്.
റാന്നി സീറ്റ് ബി.ഡി.ജെ.എസിന് നൽകുകയാണെങ്കിൽ ഇത്തവണയും കെ. പദ്മകുമാർ തന്നെ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ചേക്കും. സീറ്റിൽ മറ്റൊരാളെ പരിഗണിക്കാൻ സാധ്യതയില്ല. കഴിഞ്ഞതവണ 28,201 വോട്ടുകളാണ് കെ.പദ്മകുമാറിന് ലഭിച്ചത്.
Content Highlights:ranni assembly constituency candidate discussion