റാന്നി: റാന്നിയില്‍ ഇഞ്ചോടിഞ്ച് നടന്ന പോരാട്ടം ഇരുമുന്നണി നേതാക്കളെയും മുള്‍മുനയില്‍ നിര്‍ത്തി. മാറിവന്ന ഭൂരിപക്ഷവും ഒന്‍പത് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണുന്നത് അവസാനത്തേക്ക് മാറ്റിയതുമാണ് കൂടുതല്‍ ആകാംക്ഷയിലെത്തിച്ചത്.

19 റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ പോസ്റ്റല്‍ വോട്ടുകളടക്കം 10,352 വോട്ട് പ്രമോദ് നാരായണന് ഭൂരിപക്ഷം ഉണ്ടെങ്കിലും ഒന്‍പത് വോട്ടിങ് യന്ത്രം അവശേഷിച്ചത് ആശങ്ക വര്‍ധിപ്പിച്ചു. ആദ്യറൗണ്ടില്‍ 751 വോട്ടില്‍ ആരംഭിച്ച ഭൂരിപക്ഷം നാലാംറൗണ്ടില്‍ 141 ആയി കുറയുകയും അഞ്ചാംറൗണ്ടില്‍ 1457 ആയി ഉയരുകയും ചെയ്തു. ആറാംറൗണ്ടായപ്പോള്‍ 2069 ആയി ഭൂരിപക്ഷം. തുടര്‍ന്നുള്ള റൗണ്ടുകളില്‍ ഭൂരിപക്ഷം കുറഞ്ഞ് പത്താംറൗണ്ട് എത്തിയപ്പോള്‍ റിങ്കു 17 വോട്ടിന് മുന്നിലെത്തി. 11 റൗണ്ട് എത്തിയപ്പോള്‍ അത് 100 ആയി ഉയര്‍ന്നു. എന്നാല്‍ 12 റൗണ്ടുമുതല്‍ പ്രമോദ് നാരായണ്‍ മുന്നിലെത്തി. തുടര്‍ന്ന് അവസാനറൗണ്ടുവരെ ഭൂരിപക്ഷം നിലനിര്‍ത്തി. 19 റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 1752 ആയി ഭൂരിപക്ഷം ഉയര്‍ന്നു. തപാല്‍ വോട്ടുകളില്‍ 432 എണ്ണം റിങ്കുവിന് കൂടുതല്‍ കിട്ടിയപ്പോള്‍ പ്രമോദിന്റെ ഭൂരിപക്ഷം 1354 ആയി കുറഞ്ഞു. അവശേഷിച്ച ഒന്‍പത് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷം 1285 ആയി.

പ്രമോദ് നാരയണന്റെ നിയമസഭയിലേക്കുള്ള കന്നിയങ്കം വിജയം ആഘോഷിക്കാന്‍ ഭാര്യയും മക്കളും റാന്നി തോട്ടമണ്‍ തോട്ടുപുറത്ത് വീട്ടിലെത്തി. മത്സരിക്കാന്‍ തയ്യാറെടുത്തപ്പോള്‍ മുതല്‍ പ്രമോദ് നാരായണ്‍ കുടശ്ശനാട് നിന്ന് ഇങ്ങോട്ട് താമസം മാറ്റിയിരുന്നു. അമ്മ പി.കെ. രാധ കുടശ്ശനാട്ടെ വീട്ടിലിരുന്ന് മകന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ പ്രചാരണത്തില്‍ സജീവമായിരുന്ന ഭാര്യ ജ്യോതി ബാലകൃഷ്ണനും മക്കളായ പ്രണവും പ്രാര്‍ഥനയും റാന്നിയിലേക്കെത്തിയിരുന്നു. എന്നാല്‍ മറ്റെല്ലാം മണ്ഡലങ്ങളുെട ഫലം പ്രഖ്യാപിച്ചപ്പോഴും റാന്നിയുെട അന്തിമഫലം വ്യക്തമാകാന്‍ രാത്രി ഒന്‍പതുവരെ കാത്തിരിക്കേണ്ടിവന്നു.