പത്തനംതിട്ട: കോണ്‍ഗ്രസ് എം.പി. അടൂര്‍ പ്രകാശിനും റോബിന്‍ പീറ്ററിനും എതിരേ കോന്നിയില്‍ പോസ്റ്ററുകള്‍. കോന്നിയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന റോബിന്‍ പീറ്റര്‍ അടൂര്‍ പ്രകാശിന്റെ ബിനാമിയാണെന്നും റോബിന്‍ പീറ്ററെ കോന്നിയ്ക്ക് വേണ്ടെന്നുമാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. കെ.പി.സി.സി. വിഷയത്തില്‍ ഇടപെടണമെന്നും കോണ്‍ഗ്രസ് സംരക്ഷണ വേദിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നു. 

ആറ്റിങ്ങല്‍ എം.പി.യുടെ ബിനാമി റോബിന്‍ പീറ്ററെ കോന്നിയ്ക്ക് വേണ്ടെന്നാണ് പോസ്റ്ററിലെ തലവാചകം. കോന്നി ഉപതിരഞ്ഞെടുപ്പില്‍ മോഹന്‍രാജിനെ എന്‍.എസ്.എസ്. സ്ഥാനാര്‍ഥിയായി ആക്ഷേപിച്ച് പരാജയപ്പെടുത്തിയില്ലേ, റോബിന്‍ പീറ്റര്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളെ തോല്‍പ്പിച്ചതിന് നേതൃത്വം നല്‍കിയില്ലേ, പ്രമാടം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിക്കാന്‍ കാരണമായില്ലേ, കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നതാണോ മത്സരിക്കാനുള്ള യോഗ്യത തുടങ്ങിയ ചോദ്യങ്ങളും പോസ്റ്ററിലുണ്ട്. 

കോന്നി നിയോജകമണ്ഡലത്തിലെ പ്രമാടം ഉള്‍പ്പെടെയുള്ള മേഖലകളിലാണ് തിങ്കളാഴ്ച പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അതിനിടെ, തിങ്കളാഴ്ച രാവിലെ തന്നെ പലയിടത്തും റോബിന്‍ പീറ്ററിന്റെ അനുയായികള്‍ പോസ്റ്ററുകള്‍ നീക്കം ചെയ്യുകയും ചെയ്തു. 

കോന്നി ഉപതിരഞ്ഞെടുപ്പിന് മുമ്പും റോബിന്‍ പീറ്ററിനെതിരേ കോണ്‍ഗ്രസില്‍നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. കോന്നിയില്‍ സ്ഥാനാര്‍ഥിയായി റോബിന്‍ പീറ്ററിനെ അടൂര്‍ പ്രകാശ് നിര്‍ദേശിച്ചെങ്കിലും കോണ്‍ഗ്രസിലെ ഒരുവിഭാഗം എതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് മോഹന്‍രാജ് കോന്നി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായത്. അന്നുണ്ടായതിന് സമാനമായ പ്രതിഷേധങ്ങളാണ് കോണ്‍ഗ്രസില്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നത്. 

അതേസമയം, ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ഗുരുതരവിഷയമാണെന്ന് കോണ്‍ഗ്രസ് നേതാവ് പഴകുളം മധു മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അച്ചടക്കം പാലിക്കണം. ആരും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടതില്ല. അത് സംസ്ഥാന നേതൃത്വവും ഹൈക്കമാന്‍ഡും ചെയ്‌തോളും. പോസ്റ്ററുകള്‍ പതിച്ചത് കോണ്‍ഗ്രസുകാരാണെന്ന് കരുതുന്നില്ല. കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതയെന്ന് വരുത്തിതീര്‍ക്കാന്‍ സിപിഎമ്മോ ബിജെപിയോ ചെയ്തതാകുമെന്നും കോന്നിയില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസമില്ലെന്നും പഴകുളം മധു പറഞ്ഞു. 

Content Highlights: posters against adoor prakash and robin peter in konni