പ്രമാടം: അമ്മയ്ക്ക് മുന്നില്‍ താനിരിക്കുന്ന ചിത്രത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അല്പനേരം നോക്കിനിന്നു. ചിത്രം സമ്മാനിച്ച ചെങ്ങന്നൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി എം.വി.ഗോപകുമാറിനോട് ഇതാര് വരച്ചെന്നതായി അടുത്ത ചോദ്യം. പ്രോട്ടോക്കോള്‍ കാരണം വേദിയിലേക്ക് വരാനാകാതെ പുറത്ത് നില്‍ക്കുന്ന കൊച്ചു ചിത്രകാരനെ നേതാക്കള്‍ ചൂണ്ടിക്കാട്ടി. കൈയ് ഉയര്‍ത്തി പ്രധാനമന്ത്രി ശരണ്‍ ശശികുമാറെന്ന പത്താംക്ലാസുകാരനെ സ്നേഹത്തോടെ അഭിവാദ്യം ചെയ്തു. കിട്ടിയ വലിയ അംഗീകാരത്തില്‍ ആ കുഞ്ഞുമനസ്സും കണ്ണും നിറഞ്ഞു.

ഛായാചിത്രം ചെങ്ങന്നൂരിന്റെ ഉപഹാരമായാണ് പ്രധാനമന്ത്രിക്ക് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി എം.വി.ഗോപകുമാര്‍ നല്‍കിയത്. സ്റ്റെന്‍സില്‍ പോര്‍ട്രെയ്റ്റ് വരയ്ക്കുന്നതില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തി ശ്രദ്ധേയനായ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ശരണ്‍ ശശികുമാര്‍. ചിത്രരചനയില്‍ വേള്‍ഡ് റെക്കോഡ് കൂടാതെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡും ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡും അറേബ്യന്‍ ബുക്ക് ഓഫ് റെക്കോഡും ഇതിനോടകം സ്വന്തമാക്കി. ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ ശരണ്‍ ലോക്ഡൗണ്‍ കാലത്താണ് മുഖചിത്രങ്ങള്‍ വരച്ചുതുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായാചിത്രം ഏറ്റവും വേഗത്തില്‍ വരച്ചതിനും റെക്കോഡുണ്ട്. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മുഖചിത്രങ്ങള്‍ വരയ്ക്കുന്നതിലും റെക്കോഡിട്ടു. എട്ടാം വയസ്സില്‍ കാരിക്കേച്ചറും മ്യൂറല്‍ ചിത്രങ്ങളും വരച്ചുതുടങ്ങി. ദുബായില്‍ വ്യവസായിയായ മാവേലിക്കര ചെന്നിത്തല കാരായ്മ ശ്രീവിഹാറില്‍ ശശികുമാറിന്റെയും ബിന്ദുവിന്റെയും മകനാണ്. കൃഷ്ണാനന്ദിന്റെ ശിക്ഷണത്തിലാണ് ചിത്രരചനാപഠനം.

ലോക്ഡൗണ്‍ കാലത്ത് അഞ്ചുമാസം കൊണ്ട് 75 മുഖചിത്രങ്ങള്‍ വരച്ചു. ദുബായ്, അബുദാബി ഭരണാധികാരികളുടെ ചിത്രങ്ങളും വരച്ച് ശ്രദ്ധ നേടി. കഴിഞ്ഞ ദിവസം ചെന്നിത്തലയില്‍ എത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനോടും സ്ഥാനാര്‍ത്ഥി എം.വി.ഗോപകുമാറിനോടും തന്റെ ആഗ്രഹം പറഞ്ഞിരുന്നു.

പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ ശരണിന് വേദിയില്‍ കയറാന്‍ കഴിയുമായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ശരണിന്റെ ആഗ്രഹപ്രകാരം ചെങ്ങന്നൂരിന്റെ ഉപഹാരമായി ചിത്രം നല്‍കിയത്.