പത്തനംതിട്ട: ഇടത് കൊടുങ്കാറ്റില്‍ അടിമുടി ചുവന്നു പത്തനംതിട്ട. യു.ഡി.എഫ്. പ്രതീക്ഷകള്‍ കടപുഴകി നിലവിട്ട് താഴ്ന്നു. അഞ്ചില്‍ അഞ്ചും നേടി ചരിത്രം ആവര്‍ത്തിക്കുമെന്ന് എല്‍.ഡി.എഫ്. പ്രഖ്യാപിച്ചിരുന്നെങ്കിലും സംപൂജ്യരാകുമെന്ന് ഒരിക്കലും യു.ഡി.എഫ്. നേതാക്കള്‍ നിനച്ചിരുന്നില്ല. മറ്റ് മൂന്ന് മണ്ഡലങ്ങള്‍ നഷ്ടമായാലും റാന്നിയും ആറന്മുളയും ഒപ്പം പോരുമെന്ന് വോട്ടെണ്ണല്‍ ദിനത്തിന്റെ തലേന്നും ഡി.സി.സി. നേതൃത്വവും ഉറച്ച് വിശ്വസിച്ചു. അടിയൊഴുക്കുകള്‍ മുതല്‍ക്കൂട്ടാകുമെന്നായിരുന്നു ഈ കരുതലിന് പിന്നില്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പ്രചാരണത്തിനെത്തിയിട്ടും കോന്നിയില്‍ ബി.ജെ.പി.ക്ക് വോട്ടുയര്‍ത്താനായില്ല. ഇവിടെ സ്ഥാനാര്‍ഥിയായ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തനാകേണ്ടി വന്നു. ശബരിമല ഉള്‍പ്പെടുന്ന ജില്ലയിലെ മറ്റിടങ്ങളിലും പാര്‍ട്ടിക്ക് അഭിമാന നേട്ടങ്ങളില്ല.

ഉമ്മന്‍ ചാണ്ടി ആദ്യമേ പറഞ്ഞു

മുന്‍തവണത്തെ തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വേണം ഇത്തവണ പോരിനിറങ്ങേണ്ടതെന്ന നിര്‍ദ്ദേശം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജില്ലയിലെ നേതാക്കള്‍ക്ക് ആദ്യമേ കൈമാറിയിരുന്നു. ഈ പരിശ്രമമുണ്ടായില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി. ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും സംസ്ഥാന നേതാക്കള്‍ പരിഹരിച്ചു. റാന്നിയിലും കോന്നിയിലും അടൂരിലും ആറന്മുളയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് രംഗത്തിറങ്ങിയത്. ഈ നാലു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വിജയം പ്രതീക്ഷിക്കുകയും ചെയ്തു. തിരുവല്ലയില്‍ ജോസഫ് വിഭാഗത്തില്‍ നിന്നുള്ള കുഞ്ഞുകോശി പോളാണ് യു.ഡി.എഫിനായി രംഗത്തിറങ്ങിയത്.

അടിയൊഴുക്കിന് തടയിട്ട്

യു.ഡി.എഫിന്റെ തന്ത്രങ്ങള്‍ക്ക് തടയിടാനുളള കരുനീക്കങ്ങള്‍ മറുവശത്ത് രൂപപ്പെടുത്തുന്ന തിരക്കിലായിരുന്നു ഇടതുമുന്നണി. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വേള മുതല്‍ എണ്ണയിട്ട യന്ത്രം പോലെ എല്‍.ഡി.എഫിന്റെ സംഘടനാസംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. പ്രചാരണയോഗങ്ങളിലെ ജനസഞ്ചയം കണ്ട് മുഖ്യമന്ത്രിയും സംതൃപ്തനായി. ഇക്കാര്യം അദ്ദേഹം തുറന്ന് പറയുകയും ചെയ്തു. അഞ്ചുമണ്ഡലങ്ങളും വീണ്ടും ഇടതിനെ തുണയ്ക്കുമെന്ന ആത്മവിശ്വാസം സ്ഥാനാര്‍ഥികളിലും നേതാക്കളിലും കൂടുതല്‍ ശക്തമായി. ആറന്മുളയില്‍ സാമുദായിക സമവാക്യങ്ങള്‍ തിരിച്ചടിയാകുമോയെന്ന സംശയത്തില്‍ ഈ ആശങ്ക നേതാക്കള്‍ പരസ്യമായി പങ്ക് വെച്ചു. ഈ പ്രചാരണം വീണാ ജോര്‍ജിന് നേട്ടമായിയെന്ന വിലയിരുത്തലുമുണ്ട്.

റാന്നിയില്‍ രാജു എബ്രഹാമിന്റെ അഭാവം തിരിച്ചടിയാകുമെന്ന ഭീതി ചില നേതാക്കളിലും പ്രവര്‍ത്തകരിലുമുണ്ടായിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാനാകാതെ എല്‍.ഡി.എഫ്. ആടിയുലയുമെന്ന മുന്‍വിധിയില്‍ യു.ഡി.എഫ്. മുഴുകി. അടൂരിലുള്‍പ്പെടെ വിജയം മോഹിച്ച് മത്സരരംഗത്തുള്ളവര്‍ കഠിനാധ്വാനം ചെയ്‌തെങ്കിലും കോണ്‍ഗ്രസിന്റെയും മുന്നണിയുടെയും സംഘടനാസംവിധാനം പലപ്പോഴും ക്രിയാത്മകമായില്ലെന്ന പരാതിയുമുയര്‍ന്നു.

ആരോഹണം പ്രതീക്ഷിച്ച് കിനാവ് കണ്ട വലതുമുന്നണിക്ക് തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയേക്കാള്‍ വേദനയേകുന്നതായി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. ഈ കനത്ത തോല്‍വി ഡി.സി.സി. നേതൃത്വത്തെയും പ്രതിരോധത്തിലാഴ്ത്തുന്നു.

തനിയാവര്‍ത്തനം

കഴിഞ്ഞ തവണത്തെ എല്‍.ഡി.എഫ്. വിജയഗാഥയുടെ ആവര്‍ത്തനമാണ് ഇക്കുറിയും ജില്ലയിലുണ്ടായത്. 2016-ല്‍ കോന്നിയൊഴികെ നാലുസീറ്റുകളില്‍ ഇടത് ആധിപത്യമായിരുന്നു. 2019-ലെ ഉപതിരഞ്ഞെടുപ്പില്‍ കോന്നിയും ചെങ്കൊടിയേന്തി. 

സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും ക്ഷേമനടപടികളുമായിരുന്നു ഇടതുപ്രചാരണത്തിന്റെ കുന്തമുന. എതിരാളികള്‍ സര്‍ക്കാരിനെതിരേ ഉയര്‍ത്തിയ ആരോപണങ്ങളെ സമര്‍ഥമായി എല്‍.ഡി.എഫ്. മറികടന്നു. തുടര്‍ഭരണം ഉറപ്പായ നിലയ്ക്ക് പ്രതിപക്ഷത്തിരിക്കാന്‍ മാത്രമായി എം.എല്‍.എ.യെ തിരഞ്ഞെടുക്കുന്നത് എന്തിനെന്ന ചോദ്യവും വോട്ടര്‍മാര്‍ക്കിടയില്‍ അലയടിച്ചു. വിശ്വാസ സംരക്ഷണമുയര്‍ത്തിയുള്ള എതിര്‍പ്രചാരണങ്ങളും കാര്യമായി ഏശിയില്ലെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം. നേതൃത്വവും വ്യക്തമാക്കി.