പന്തളം: കാരിരുമ്പിന്റെ കരുത്തുള്ള മനസ്സ്, പാര്‍ട്ടിയുടെ പേരുകേട്ടാല്‍ രക്തം തിളയ്ക്കുന്ന യൗവനം, ഒളിവിലും തെളിവിലും മാറിമാറി മിന്നലാട്ടം നടത്തുന്നകാലത്ത് പാറവിള ഗോപാലനെന്ന സഖാവ് പാര്‍ട്ടിയിലെ നേതാക്കളുടെ രക്ഷാകവചമായിരുന്നു. എഴുപത്തിയാറാം വയസ്സിലും പാര്‍ട്ടിക്കൊപ്പം തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് കുരമ്പാല പാറവിളയില്‍ പി.എസ്.ഗോപാലനെന്ന പാറവിള ഗോപാലന്‍.

കര്‍ഷകത്തൊഴിലാളിയായ അച്ഛന്‍ ശങ്കരന്‍ ചെങ്കൊടി കൈകളില്‍ പിടിപ്പിക്കുമ്പോള്‍ കിട്ടിയ ആവേശം ഇന്നും അതേപോലെ നില്‍ക്കുന്നുവെന്ന് നെഞ്ചത്ത് കൈവെച്ച് ഗോപാലന്‍ പറയുന്നു. 67-ല്‍ കുരമ്പാല ബ്രാഞ്ചില്‍ പാര്‍ട്ടി പ്രവര്‍ത്തകനായും പിന്നീട് ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

12 ഔണ്‍സ് റേഷനുവേണ്ടി പന്തളത്തുനടന്ന സമരത്തിലും പോലീസ് വെടിവെയ്പിലും 23-ാം പ്രതിയായി പേരുചേര്‍ക്കപ്പെട്ട ഗോപാലന്‍ കൊയ്ത്ത് സമരങ്ങള്‍, മിച്ചഭൂമി സമരം തുടങ്ങിയ സമരങ്ങളില്‍ പങ്കാളിയായി. മാവേലിക്കരയിലും കൊട്ടാരക്കരയിലും ജയില്‍വാസവുമനുഭവിച്ചു.

നേതാക്കള്‍ക്ക് ഭീഷണിയുണ്ടായിരുന്ന കാലത്ത് അവരുടെ രക്ഷാകവചമായിരുന്നു ഗോപാലന്‍. പാര്‍ട്ടി അതിനുള്ള പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. പാര്‍ട്ടി നേതാക്കളായിരുന്ന കുഞ്ഞികൃഷ്ണന്‍ നായര്‍ക്കൊപ്പവും ടി.എസ്.രാഘവന്‍പിള്ളയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ചു. മുന്‍ എം.എല്‍.എ. വി.കേശവനും പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.എസ്.രാഘവന്‍പിള്ളയ്ക്കും സംരക്ഷകനായി നിന്നു. ഇടയ്ക്ക് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഗോപാലനെതിരേ നടപടിയുണ്ടായെങ്കിലും ഒരു തികഞ്ഞ കമ്യൂണിസ്റ്റായി ഓരോ തിരഞ്ഞെടുപ്പിലും പഴയ വീര്യത്തോടെ ഗോപാലന്‍ ചൊങ്കൊടിക്കുകീഴിലുണ്ട്.