കോഴഞ്ചേരി: ആറന്മുളയില്‍ ഇടത്പക്ഷ മുന്നണിക്ക് പിന്തുണ നല്‍കിയെന്ന തരത്തില്‍ പള്ളിയോട സേവാസംഘത്തിന്റെ പേര് ഉപയോഗിച്ചതില്‍ പ്രതിഷേധം. പള്ളിയോട സേവാസംഘം ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതിനിടെയാണ് വ്യാജ പ്രചാരണം ആരംഭിച്ചത്.

കഴിഞ്ഞദിവസം പള്ളിയോട സേവാസംഘം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം പാടേ നിഷേധിച്ചു. ഏതെങ്കിലും സ്ഥാനാര്‍ഥിയെ മാത്രം പള്ളിയോട സേവാസംഘം പിന്തുണച്ചു എന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പത്രവാര്‍ത്തയായി പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണെന്ന് പള്ളിയോട സേവാസംഘം സെക്രട്ടറി പി.ആര്‍.രാധാകൃഷ്ണന്‍ അറിയിച്ചു.

കാലാകാലങ്ങളില്‍ പള്ളിയോടക്കരകളെ പ്രതിനിധീകരിച്ചിരുന്ന ജനപ്രതിനിധികളെല്ലാം തന്നെ സഹായിച്ചിട്ടുണ്ട്.മന്ത്രിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും നേരില്‍ക്കാണുന്നതിനും ഇവര്‍ എല്ലാക്കാലത്തും സഹായിച്ചിട്ടുമുണ്ട്. പമ്പയിലെ പുറ്റുകള്‍ നീക്കാനും റാമ്പുകള്‍ നിര്‍മിക്കാനും കടവുകള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ കാലാകാലങ്ങളായി ഉണ്ടായിട്ടുണ്ട്. അവയെല്ലാം എം.പി.മാരും എം.എല്‍.എ.മാരും നിര്‍വഹിച്ചിട്ടുണ്ട്.

പ്രളയം മൂലം പള്ളിയോട സേവാസംഘത്തിന് നേരിട്ട നഷ്ടം നികത്തുന്നതിന് യാതൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യം ധനകാര്യ മന്ത്രി 2019-ല്‍ ഫെബ്രുവരി ആറിന് നിയമസഭയില്‍ പ്രഖ്യാപിച്ചെങ്കിലും ഒരുസഹായവും ലഭിച്ചില്ല. വസ്തുതകള്‍ ഇതായിരിക്കേ പള്ളിയോട സേവാസംഘം ഒരുസ്ഥാനാര്‍ഥിയെ മാത്രം പിന്തുണച്ചതായി വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. പള്ളിയോട സേവാസംഘം ഒരു സാംസ്‌കാരിക സംഘടനയെന്ന നിലയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമാണുള്ളതെന്നും പള്ളിയോട സേവാസംഘം സെക്രട്ടറി അറിയിച്ചു.

2015-ല്‍ കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ ജലോത്സവത്തിനെത്തിയ പുരുഷാരത്തെ സാക്ഷിയാക്കി 51 ലക്ഷം രൂപ ഗ്രാന്റ് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുക ലഭിച്ചില്ല. സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്രത്തിലേക്കുള്ള ശുപാര്‍ശ ഒരുവര്‍ഷം വൈകി അയച്ചതാണ് കേന്ദ്ര സഹായം നഷ്ടമാകാന്‍ ഇടയാക്കിയതെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.

പിന്നീട് സംസ്ഥാന സര്‍ക്കാര്‍ 2017-ല്‍ ഓരോ പള്ളിയോടത്തിനും 25,000 രൂപ വീതവും വാര്‍ഷിക ഗ്രാന്റായി 10 ലക്ഷം രൂപയും അനുവദിച്ചെങ്കിലും പിന്നീട് പള്ളിയോടങ്ങള്‍ക്ക് നേരിട്ട് തുക കൈമാറുന്നത് നിര്‍ത്തലാക്കി. വാര്‍ഷിക ഗ്രാന്റ് 10 ലക്ഷം നല്‍കിയെങ്കിലും വള്ളംകളിക്ക് പന്തല്‍ നിര്‍മിക്കാന്‍ വര്‍ഷംതോറും ചെലവഴിച്ചിരുന്ന അഞ്ച് ലക്ഷം രുപയുടെ ബാധ്യത പള്ളിയോട സേവാസംഘത്തിന്റെ തലയിലായി. പ്രളയത്തെ തുടര്‍ന്ന് പള്ളിയോടങ്ങള്‍ക്ക് മൂന്നുകോടി രൂപയുടെ നഷ്ടമുണ്ടായി. ബജറ്റില്‍ സഹായം പ്രഖ്യാപിച്ചിട്ടും ഒരുരൂപ പോലും ലഭിച്ചില്ല.