പത്തനംതിട്ട: ആറന്മുള വിമാനത്താവള സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. അന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറിയായിരുന്ന പി.പ്രസാദിനെ അടിയന്തരമായി കാണണമെന്ന് പറഞ്ഞ് സുഗതകുമാരി വിളിക്കുന്നു.

'ഇതിപ്പം രാവിലെ അവിടെനിന്ന് പോന്നതേയുള്ളല്ലോ'യെന്ന് പ്രസാദ്. 'പറഞ്ഞത് കേള്‍ക്കൂ... ഇവിടെ വരിക' എന്നായി കവയിത്രി. പ്രസാദ് അവിടെയെത്തിയപ്പോള്‍ സുഗതകുമാരി ഒരു കവര്‍ നീട്ടി. 'ഇതെന്താ ചേച്ചീ,' എന്ന് പ്രസാദ്. 'നീയത് തുറന്നുനോക്കൂ' എന്ന് കവയിത്രിയും.

25,000 രൂപയായിരുന്നു അത്. 'ഇത് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി തന്നുവിട്ടതാണ്. നിനക്ക് കേസ് നടത്തിപ്പില്‍ ഒത്തിരി പൈസ ചെലവായി എന്നറിഞ്ഞ് അദ്ദേഹം തന്നതാണ്.

അദ്ദേഹത്തിന് അവാര്‍ഡായി കിട്ടിയ തുകയാണിത്.' പ്രസാദിന്റെ ഭാര്യയുടെ രണ്ട് സ്വര്‍ണവളകളാണ് പ്രസാദ് കേസിന്റെ ആവശ്യത്തിന് പണയംവെച്ചതെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഹരിത ട്രിബ്യൂണലിലെ പരാതിക്കാരില്‍ ഒരാള്‍ പ്രസാദ് ആയിരുന്നു.

കവര്‍ തുറന്നശേഷം പ്രസാദ് പറഞ്ഞു. 'ചേച്ചീ ഇതുകൊണ്ട് കാര്യമില്ല. സ്വര്‍ണം ലേലത്തില്‍ പോയി.'

ഒരുചിരിയോടെ അദ്ദേഹം മടങ്ങി. ആറന്മുള സമരത്തില്‍ പങ്കെടുക്കുന്നവരുടെ കൈവശം പണമില്ലായിരുന്നുവെന്നത് പ്രസാദിനും അറിയാം.

സ്വന്തംനിലയില്‍ നടത്തിയ കേസുകള്‍ക്കൊന്നും അദ്ദേഹം ആരോടും പണം ചോദിച്ചില്ല. കെ.പി.ശ്രീരംഗനാഥനും പി.പ്രസാദുമടക്കം ഒരുപാട് സുമനസ്സുകളാണ് അന്ന് സമരത്തെ മുമ്പോട്ടുകൊണ്ടുപോകാന്‍ സ്വന്തം ചെലവില്‍ പോരാടിയത്.

ആറന്മുളയിലെ മണ്ണും ജലവും ഇല്ലാതാക്കുന്ന വിമാനത്താവള പദ്ധതിക്കെതിരേ ആദ്യം സമരത്തിനെത്തിയത് എ.ഐ.വൈ.എഫായിരുന്നു.

അവരുടെ സമരം നയിച്ചാണ് പ്രസാദ് ആദ്യം ആറന്മുളയിലെത്തിയത്.

ഐക്കരമുക്കില്‍ അദ്ദേഹം പ്രസംഗിച്ചത് ഇതിന്റെ വിപത്തുകള്‍ ചൂണ്ടിക്കാട്ടിയാണ്. പിന്നീട് പള്ളിയോട-പള്ളിവിളക്ക് സമിതിയും ഏകോപനസമിതിയുമൊക്കെ സമരത്തിന് നേതൃത്വം നല്‍കുമ്പോള്‍ പ്രസാദും അതില്‍ പങ്കാളിയായി.

സുഗതകുമാരി ജനറല്‍ കണ്‍വീനറായിത്തുടങ്ങിയ സമരസമിതിയില്‍ കുമ്മനം രാജശേഖരന്‍, എ.പദ്മകുമാര്‍, പി.പ്രസാദ് എന്നിവരായിരുന്നു കണ്‍വീനര്‍മാര്‍.

വിവിധ രാഷ്ട്രീയകക്ഷികളെ ഒരു കുടക്കീഴിലെത്തിക്കുകയെന്ന സുഗതകുമാരിയുടെ നയം വിജയംനേടുകയും ചെയ്തു.

108 ദിവസം നീണ്ടുനിന്ന സമരകാലത്ത് സി.പി.ഐ. ജില്ലാ സെക്രട്ടറിയായിരുന്നു പ്രസാദ്. രാവിലെയും വൈകീട്ടും സമരത്തിന്റെ അന്നത്തെയും പിറ്റേന്നത്തെയും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

ഹരിത ട്രിബ്യൂണലിലെ വിധിയാണ് ആറന്മുള പദ്ധതിയുടെ വാതിലടച്ചതില്‍ പ്രധാനമായത്. ഹൈക്കോടതിയില്‍ പ്രസാദ് നല്‍കിയ കേസിലാണ് സര്‍ക്കാര്‍വക സ്ഥലം വേര്‍തിരിക്കാനും തോട് തുറക്കാനും വിധിവന്നത്. പിന്നീട് ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഴുവന്‍ ഭൂമിയിലും കൃഷിയിറക്കി ആറന്മുളയുടെ പച്ചപ്പ് തിരിച്ചുപിടിച്ചു.

Content Highlight: P Prasad New Minister from CPI