പത്തനംതിട്ട: തോല്‍വി മാത്രമല്ല ജില്ലയിലെ എന്‍.ഡി.എ. ക്യാമ്പിനെ മൗനത്തിലാക്കുന്നത്. പല ചോദ്യങ്ങള്‍ക്കും എന്ത് ഉത്തരം പറയുമെന്ന ആശങ്ക കൂടി നേതാക്കളുടെ നിശ്ശബ്ദതയ്ക്ക് പിന്നിലുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയതില്‍നിന്ന് പതിനായിരത്തിലേറെ വോട്ടുകള്‍ അഞ്ചിടത്തും നഷ്ടപ്പെട്ടു. ഇത് എവിടെ പോയി എന്ന് വരുംദിവസങ്ങളില്‍ നേതാക്കള്‍ അണികളെ ബോധ്യപ്പെടുത്തേണ്ടിവരും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് എങ്ങും നേടാനായില്ലെന്നതിനും ന്യായീകരണം കണ്ടെത്തേണ്ടിവരും.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിച്ച കോന്നി മണ്ഡലത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 46,506-ഉം 2019-െല നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ 39786-ഉം നേടിയ സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 32,811 വോട്ടുകളാണ്. ഉപതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 6,975 വോട്ടാണ് കുറഞ്ഞത്. ലോക്സഭയിലേതിനേക്കാള്‍ 13695 വോട്ടും കുറഞ്ഞു.

ആറന്മുളയില്‍ 2016-ല്‍ 37906-ഉം 2019-ല്‍ ലോക്സഭയില്‍ 50497-ഉം വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ 29099 വോട്ടുകള്‍ മാത്രമാണ് ബിജു മാത്യുവിന് നേടാനായത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ 21398-ഉം നിയമസഭയില്‍ കിട്ടിയ 8807 വോട്ടും നഷ്ടപ്പെട്ടു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ തര്‍ക്കമുണ്ടായ തിരുവല്ല മണ്ഡലത്തില്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയ്ക്ക് 22674 വോട്ടാണ് കിട്ടിയത്. 2016-ല്‍ 31439-ഉം 2019-ല്‍ ലോക്സഭയില്‍ 37439-ഉം വോട്ടും നേടിയ സ്ഥാനത്താണിത്. നിയമസഭയില്‍ കിട്ടിയതിനേക്കാള്‍ 8765-ഉം ലോക്സഭയിലേതിനേക്കാള്‍ 14765 വോട്ടും കുറഞ്ഞു.

കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് വന്ന പന്തളം പ്രതാപന്‍ അടൂരില്‍ 23980 വോട്ട് നേടി. 2016-ല്‍ 25940-ഉം 2019-ല്‍ ലോക്സഭയില്‍ 51260 വോട്ടുകളും നേടിയ സ്ഥാനത്താണിത്. നിയമസഭയിലേതിനേക്കാള്‍ 1960-ഉം ലോക്സഭയില്‍ കിട്ടിയതിലും 27280 വോട്ടും കുറഞ്ഞു. റാന്നിയില്‍ ബി.ഡി.ജെ.എസാണ് മത്സരിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പദ്മകുമാര്‍ 19587 വോട്ട് നേടി. 2016-ല്‍ 28201-ഉം 2019-ല്‍ 39560 വോട്ടും നേടിയ സ്ഥാനത്താണിത്. നിയമസഭയില്‍ കിട്ടിയ 8614 വോട്ടും ലോക്സഭയില്‍ നേടിയ 19973 വോട്ടും നഷ്ടമായി.