അടൂര്‍: സാമൂഹമാധ്യമങ്ങളിലൂടെയും ലഘുലേഖകളിലൂടെയും തന്നെയും കുടുംബത്തെയും അപമാനിക്കുകയും അപവാദ പ്രചരണം നടത്തുകയും ചെയ്യുന്നു എന്നാരോപിച്ച് യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.ജി.കണ്ണന്‍ തിരഞ്ഞെടുപ്പ് വരണാധികാരിയായ അടൂര്‍ ആര്‍.ഡി.ഒ.യുടെ ഓഫീസിന് മുന്‍പില്‍ കുത്തിയിരുപ്പുസമരം നടത്തി. എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് എം.ജി.കണ്ണന്‍ ആരോപിക്കുന്നത്. 

അപവാദപ്രചാരണം നടത്തുന്നതു സംബന്ധിച്ച് വരണാധികാരിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ചാണ് കുത്തിയിരുപ്പുസമരം നടത്തിയത്. സംഭവം സംബന്ധിച്ച് അടൂര്‍ ഡിവൈ.എസ്.പി.ക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും നടപടി സ്വീകരിച്ചില്ലെന്ന് കണ്ണന്‍ പറഞ്ഞു. തുടര്‍ന്ന് 12.30-ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍.റെഡ്ഢി ആര്‍.ഡി.ഒ ഓഫീസില്‍ എത്തി കണ്ണനുമായി സംസാരിച്ചെങ്കിലും എഫ്.ഐ.ആര്‍. കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു കണ്ണന്റെ നിലപാട്. ഒടുവില്‍ ഡിവൈ.എസ്.പി. ബി.വിനോദ് എത്തി കേസെടുത്ത ശേഷമാണ് ഒരു മണിക്കുശേഷം സമരം അവസാനിപ്പിച്ചത്.

സംഭവമറിഞ്ഞ് ആന്റോ ആന്റണി എം.പി.യും സ്ഥലത്തെത്തിയിരുന്നു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയന്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കെതിരേ ആര്‍.ഡി.ഓയ്ക്ക് പരാതി നല്‍കി.

വ്യാജപ്രചാരണം; പോലീസ് കേസെടുത്തു

അടൂര്‍ നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.ജി.കണ്ണന്‍ എന്നിവര്‍ക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ മീഡിയ വഴിയും ലഘുലേഖവഴിയും അപവാദ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് അടൂര്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരേ ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വടക്കടത്തുകാവ് വാറുവില്‍ വീട്ടില്‍ അച്യുതന്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി അടൂര്‍ ഡിവൈ.എസ്.പി. ബി.വിനോദ് പറഞ്ഞു.

Content Highlights: mg kannan protest against social media posts