തിരുവല്ല: അത്ര ആഹ്ലാദഭരിതനായല്ല മാത്യു ടി.തോമസിനെ എപ്പോഴും കാണാനാവുക. വോട്ടെണ്ണല്‍ ദിനം രാവിലെതന്നെ കേന്ദ്രത്തിലെത്തിയ അദ്ദേഹം എതിര്‍സ്ഥാനാര്‍ഥികളോടടക്കം കുശലം പറഞ്ഞ് നടക്കുന്നതിനിടെ മീഡിയ റൂമിലെത്തി. അവിടെ ചാനലില്‍ 11 വോട്ടിന് തിരുവല്ലയില്‍ എല്‍.ഡി.എഫ്. മുന്നിലെന്ന് ഫ്‌ളാഷ് മിന്നിമറയുന്നു. എട്ടുമണി കഴിഞ്ഞതേയുള്ളൂ.

തപാല്‍ വോട്ട് ഡയസിലെത്തിച്ചുടനെയാണ് സ്‌ക്രോളിങ്. കവര്‍ പൊട്ടിച്ചുടനെ താന്‍ 11 വോട്ടിന് മുന്നിലെത്തിയതെങ്ങനെയെന്ന് മീഡിയ റൂമില്‍ ഉണ്ടായിരുന്നവരോട് മാത്യു ടി.യുടെ അന്വേഷണം. അവിടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കാര്‍ക്കും അങ്ങനെ ഒരു വിവരം കിട്ടിയിരുന്നില്ല. തൊട്ടുമുമ്പ് കൗണ്ടിങ് സ്റ്റേഷന്റെ ഗേറ്റിന് മുമ്പില്‍ താന്‍ നില്‍ക്കുന്നതുകണ്ടാവും ലീഡിരിക്കട്ടെയെന്ന് കരുതിയതെന്ന തമാശ പങ്കിട്ട് മാത്യു ടി.തോമസ് കേന്ദ്രത്തിനുള്ളിലേക്ക് നടന്നു. പിന്നീട് മെഷീന്‍ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ ലീഡ് ഉറപ്പിച്ച് പുറത്തേക്കുപോയ അദ്ദേഹം 12.30-ഓടെ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടു- 'നന്ദി... ആഹ്ലാദം ആള്‍ക്കൂട്ടമാകരുതേ...'

തൊട്ടുപുറകേ അദ്ദേഹം വീണ്ടും വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി. ഇടയ്ക്ക്, ഒപ്പമുള്ള എല്ലാവരും ഭക്ഷണം കഴിച്ചോയെന്ന ഉറപ്പാക്കല്‍. ആഹ്ലാദപ്രകടനമൊന്നും നടത്തരുതെന്ന് ഉറപ്പാക്കാന്‍ സഹപ്രവര്‍ത്തകരുമായി സ്‌കൂള്‍മുറ്റത്തുനിന്ന് സന്ദേശം കൈമാറല്‍. മൈക്ക് അനൗണ്‍സ്മെന്റ് നടത്താനുള്ള നീക്കം പിന്നീട് ഉപേക്ഷിച്ചു.

ഓടിയെത്തിയ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് വിജയമുദ്ര കാണിച്ച് വീണ്ടും എണ്ണല്‍ കേന്ദ്രത്തിനുള്ളിലേക്ക്. തപാല്‍വോട്ടും എണ്ണി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വൈകീട്ടാണ് വീട്ടിലെത്തിയത്. അവിടെയും വലിയ ആഘോഷമില്ല. കോവിഡ് പ്രതിസന്ധി മറികടക്കാനാണ് തന്റെ പ്രാഥമിക പ്രവര്‍ത്തനമെന്ന് ആദ്യമേ പ്രഖ്യാപിച്ച മാത്യു ടി.തോമസിന് മനസ്സില്‍പ്പോലും ആഘോഷത്തിന് സ്ഥാനമില്ലാത്ത ഭാവമാണുണ്ടായിരുന്നത്.