പത്തനംതിട്ട: അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയ റാന്നി, ആദ്യംമുതല്‍ കൂറ് വ്യക്തമാക്കിയ കോന്നിയും തിരുവല്ലയും ആറന്മുളയും. പതിയെ പതിയെ ആണെങ്കിലും ജയമുറപ്പിച്ച് അടൂരും. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും ചുവപ്പണിഞ്ഞ് പത്തനംതിട്ടയും സംസ്ഥാനമാകെ അലയടിച്ച ഇടതുതരംഗത്തിനൊപ്പംനിന്നു. 

ശബരിമല വിഷയവും പ്രളയവും കോവിഡുമെല്ലാം നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാ മണ്ഡലങ്ങളിലും വിജയം നേടാനായത് എല്‍ഡിഎഫിന് വലിയ നേട്ടമാണ്. ഇടതുകോട്ടയായ റാന്നിയില്‍ കിതച്ചു കിതച്ചാണെങ്കിലും എല്‍.ഡി.എഫ്. വിജയക്കൊടി നാട്ടി. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രമോദ് രാമന്‍ അവസാനംവരെ നീണ്ടുനിന്ന സസ്‌പെന്‍സിനൊടുവില്‍ വിജയം ഉറപ്പിച്ചു.

അടൂരിലും പതിയെ പതിയെ ലീഡുയര്‍ത്തിയായിരുന്നു എല്‍.ഡി.എഫിന്റെ പട്ടാഭിഷേകം. ഒടുവില്‍ സി.പി.ഐയുടെ ചിറ്റയം ഗോപകുമാര്‍ അവിടെ ഹാട്രിക് വിജയം നേടി. ഇടയ്ക്ക് ലീഡ് നിലയില്‍ പിറകില്‍ പോയെങ്കിലും മാത്യു ടി. തോമസിനെ തിരുവല്ല കൈവിട്ടില്ല. ആറന്മുളയില്‍ തുടര്‍ച്ചയായ രണ്ടാംജയം നേടി വീണ ജോര്‍ജും ഇടതുപക്ഷത്തിന് കരുത്തായി. ശക്തമായ ത്രികോണമത്സരം നടന്ന കോന്നിയില്‍ എല്‍.ഡി.എഫിന്റെ കെ.യു. ജനീഷ്‌കുമാറും ജയിച്ചുകയറി. 

യു.ഡി.എഫിലെ റോബിന്‍ പീറ്റര്‍, എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ എന്നിവരെ തറപ്പറ്റിച്ചാണ് കെ.യു. ജനീഷ്‌കുമാര്‍ കോന്നി സീറ്റ് നിലനിര്‍ത്തിയത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മാത്രം ലീഡ് നേടാനായ റോബിന്‍ പീറ്ററിന് പിന്നീട് വെല്ലുവിളി ഉയര്‍ത്താനായില്ല. അവസാനംവരെ ജനീഷ്‌കുമാര്‍ ലീഡ് നിലനിര്‍ത്തി. മൂന്നാമതായ കെ. സുരേന്ദ്രന്‍ കോന്നിയില്‍ ചിത്രത്തിലേ ഉണ്ടായില്ല. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ദേശീയനേതാക്കള്‍ പ്രചാരണത്തിനെത്തിയ കോന്നിയില്‍ അതൊന്നും വോട്ടാക്കി മാറ്റാന്‍ ബിജെപിക്കായില്ല. ശബരിമല വിഷയം സജീവചര്‍ച്ചയാക്കിയെങ്കിലും അതും ബി.ജെ.പിക്ക് തുണയായില്ല. 

തിരുവല്ലയില്‍ ജെ.ഡി.എസ് നേതാവായ മാത്യു ടി. തോമസിനിത് അഞ്ചാം വിജയമാണ്. 2006-മുതല്‍ തുടര്‍ച്ചയായി തിരുവല്ലയെ പ്രതിനിധീകരിക്കുന്ന മാത്യു ടി തോമസ് 2021-ലും മണ്ഡലം നിലനിര്‍ത്തി. കേരള കോണ്‍ഗ്രസ് (ജോസഫ്) നേതാവ് കുഞ്ഞുകോശി പോളായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി. വോട്ടെണ്ണലിന്റെ ചില ഘട്ടങ്ങളില്‍ കുഞ്ഞുകോശി പോള്‍ മുന്നിലെത്തിയെങ്കിലും ഏറെനേരം അത് തുടരാനായില്ല. ഒടുവില്‍ ഫലം പുറത്തറിയുമ്പോള്‍ 11421 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മാത്യു ടി. തോമസ് തിരുവല്ലയില്‍നിന്ന് ജയിച്ചുകയറിയത്. 

2016-ല്‍ അട്ടിമറിജയത്തിലൂടെ ആറന്മുള പിടിച്ചെടുത്ത വീണ ജോര്‍ജ് ഇത്തവണ മികച്ച ഭൂരിപക്ഷത്തിനാണ് വിജയം സ്വന്തമാക്കിയത്. വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ കൃത്യമായി ലീഡുയര്‍ത്തിയായിരുന്നു വീണയുടെ ജയം. 2016-ല്‍ 7646 വോട്ടിന് യു.ഡി.എഫിലെ കെ.ശിവദാസന്‍ നായരെ പരാജയപ്പെടുത്തിയ വീണാ ജോര്‍ജ് ഇത്തവണ പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് അതേ സ്ഥാനാര്‍ഥിയെ തന്നെ തോല്പിച്ചത്.

വിശ്വാസസംരക്ഷണവും ശബരിമല വിഷയവും ക്രിസ്ത്യന്‍ സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങളുമെല്ലാം എല്‍ഡിഎഫിന് വലിയ വെല്ലുവിളി സൃഷ്ടിച്ചേക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അതൊന്നും തന്റെ വോട്ടര്‍മാര്‍ക്കിടയില്‍ ഒരു സ്വാധീനവും ചെലുത്തിയില്ലെന്നാണ് മിന്നുംജയത്തിലൂടെ വീണ ജോര്‍ജ് തെളിയിച്ചിരിക്കുന്നത്. 

ഹാട്രിക് ജയം തേടിയിറങ്ങിയ ചിറ്റയം ഗോപകുമാറിന് അത്ര എളുപ്പമല്ലായിരുന്നു അടൂരിലെ കാര്യങ്ങള്‍. രണ്ടക്കവും മൂന്നക്കവുമായി ലീഡ് ഉയര്‍ത്തിയ ചിറ്റയം പലഘട്ടങ്ങളിലും പരുങ്ങി. എന്നാല്‍ വോട്ടെണ്ണലിന്റെ അവസാനറൗണ്ടുകളിലേക്ക് കടന്നപ്പോള്‍ ചെറുതാണെങ്കിലും കൃത്യമായ ലീഡ് നിലനിര്‍ത്തി ചിറ്റയം ഹാട്രിക് വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. 2016-ല്‍ 25324 വോട്ടിനായിരുന്നു ചിറ്റയം അടൂരില്‍നിന്ന് ജയിച്ചുകയറിയത്. എന്നാല്‍ ഇത്തവണ അത്രയൊന്നും നേടാനായില്ലെങ്കിലും മണ്ഡലം കൈവിട്ടില്ലെന്നത് എല്‍ഡിഎഫിന് ആശ്വസിക്കാം. യു.ഡി.എഫിലെ എം.ജി. കണ്ണന്‍ അവസാനംവരെ ആവേശംനിറഞ്ഞ മത്സരമാണ് കാഴ്ചവെച്ചത്. 

ഇത്രയുംകാലം പത്തനംതിട്ടയില്‍ എല്‍.ഡി.എഫിന് ഒട്ടും ആശങ്ക ഇല്ലാതിരുന്ന മണ്ഡലമായിരുന്നു റാന്നി. രാജു എബ്രഹാം എന്ന നേതാവിലൂടെ റാന്നി സിപിഎമ്മിന്റെ ഉരുക്കുകോട്ടയായിരുന്നു. എന്നാല്‍ മുന്നണി സമവാക്യങ്ങള്‍ മാറിയതോടെ സി.പി.എമ്മിന്റെ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കി. ഈ സീറ്റ് കൈമാറ്റം വോട്ടിലും പ്രതിഫലിച്ചോ എന്ന ചോദ്യമാണ് വോട്ടെണ്ണലിന്റെ ഓരോഘട്ടത്തിലും ഉയര്‍ന്നത്. 

കേരള കോണ്‍ഗ്രസ് നേതാവ് പ്രമോദ് നാരായണനാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി റാന്നിയില്‍ ഇത്തവണ മത്സരിച്ചത്. അവസാനം വരെ വളരെ ചെറിയ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രമോദ് മുന്നിട്ടുനിന്നത്. ഇടയ്ക്ക് യുഡിഎഫിലെ റിങ്കു ചെറിയാന്‍ ലീഡ് പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ പ്രമോദ് നാരായണന്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. രാജു എബ്രഹാം വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്ന മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഇത്തവണ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അതിനാല്‍തന്നെ വോട്ടെണ്ണലിന്റെ അവസാനംവരെ റാന്നിയില്‍ സസ്‌പെന്‍സും നിലനിന്നു.