പത്തനംതിട്ട: ശക്തമായ ത്രികോണമത്സരമായിരുന്നു കോന്നിയില്‍. പക്ഷേ, ഫലം വന്നപ്പോള്‍ കൂടുതല്‍ ചുവന്നു. ഉപതിരഞ്ഞെടുപ്പിലെ നഷ്ടം ഇത്തവണ മറികടക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന കോണ്‍ഗ്രസിനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ അട്ടിമറിവിജയം ലക്ഷ്യമിട്ടിരുന്ന ബി.ജെ.പി.ക്കും കോന്നിയിലെ ഫലം ഒരേപോലെ പ്രഹരമാണ്.

23 വര്‍ഷം കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് പ്രതിനിധീകരിച്ചിരുന്ന കോന്നി 2019-ലെ ഉപതിരഞ്ഞെടുപ്പിലാണ് എല്‍.ഡി.എഫ്. തിരിച്ചുപിടിച്ചത്. ഇക്കുറിയും മികച്ച ഭൂരിപക്ഷത്തോടെ കോന്നി നിലനിര്‍ത്തി അഭിമാനകരമായ വിജയമാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയും സി.പി.എമ്മിന്റെ യുവനേതാവുമായ കെ.യു.ജനീഷ് കുമാര്‍ നേടിയിരിക്കുന്നത്. കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളാണ് ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. വിജയിക്കാന്‍ കാരണമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍ ചുരുങ്ങിയ കാലംകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി എല്‍.ഡി.എഫും ജനീഷ് കുമാറും നടത്തിയ പ്രചാരണത്തിനാണ് ഇത്തവണ വോട്ടര്‍മാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

യു.ഡി.എഫും എന്‍.ഡി.എ.യും രാഷ്ട്രീയവിഷയങ്ങളും സംസ്ഥാന സര്‍ക്കാരിന് എതിരായ അഴിമതി ആരോപണങ്ങളും ആയുധമാക്കിയെങ്കിലും വികസന അജണ്ട പ്രചാരണത്തിന്റെ കേന്ദ്രവിഷയമാക്കുന്നതില്‍ എല്‍.ഡി.എഫ്. വിജയിച്ചു. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററിന്റെ തോല്‍വി കോണ്‍ഗ്രസിനുള്ളില്‍ ഏറെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവെച്ചേക്കും. അഞ്ച് തിരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ യു.ഡി.എഫിന്റെ ഉലയാത്ത കോട്ടയായിരുന്നു കോന്നി.

ഉപതിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് എം.പി. നിര്‍ദേശിച്ച റോബിന്‍ പീറ്ററിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത് പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.മോഹന്‍രാജിന്റെ തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്നായി ഈ ആഭ്യന്തരകലാപം വിലയിരുത്തപ്പെട്ടു. ഇത്തവണ പ്രശ്‌നങ്ങള്‍ക്ക് ഇട നല്‍കാതെ റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കി പഴുതടച്ച പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയത്. എന്നിട്ടുമുണ്ടായ കനത്ത തോല്‍വി കോണ്‍ഗ്രസിന് വലിയ ആഘാതമാണ്.

ശബരിമലയോട് അടുത്തുകിടക്കുന്ന മണ്ഡലത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. അന്നത്തെ വോട്ട് നില നിലനിര്‍ത്താനായില്ലെങ്കിലും 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യുടെ വോട്ട് നില വലിയതോതില്‍ ഉയര്‍ത്താന്‍ കെ.സുരേന്ദ്രന് കഴിഞ്ഞിരുന്നു.

ഇത്തവണയും ശക്തമായ പ്രചാരണമാണ് എന്‍.ഡി.എ. നടത്തിയത്. പക്ഷേ, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കെ.സുരേന്ദ്രന് വോട്ടില്‍ ഉണ്ടായ വലിയ കുറവ് ബി.ജെ.പി.യെയും അമ്പരപ്പിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ മത്സരിച്ച കോന്നിയിലുണ്ടായ തിരിച്ചടി പാര്‍ട്ടിക്കുള്ളിലും ചോദ്യങ്ങള്‍ ഉയര്‍ത്തും.