പത്തനംതിട്ട:  ശക്തമായ ത്രികോണ മത്സരം നടന്ന കോന്നിയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.യു. ജനീഷ്‌കുമാര്‍ വിജയം ഉറപ്പിച്ചു. യു.ഡി.എഫിലെ റോബിന്‍ പീറ്ററിനെ 8000-ലേറെ വോട്ടിന് പിന്നിലാക്കിയാണ് സിറ്റിങ് എം.എല്‍.എ. ജനീഷ്‌കുമാര്‍ മണ്ഡലം നിലനിര്‍ത്തിയത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ മൂന്നാമതാണ്. 

ശബരിമല വിഷയവും ആചാരസംരക്ഷണവുമെല്ലാം ഏറ്റുവധികം ചര്‍ച്ച ചെയ്ത മണ്ഡലമായിരുന്നു കോന്നി. 2019-ലെ ഉപതിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമെന്നോണം എല്‍.ഡി.എഫും എന്‍.ഡി.എയും അതേ സ്ഥാനാര്‍ഥികളെ തന്നെ ഇത്തവണ കളത്തിലിറക്കി. കോന്നിയെ ദീര്‍ഘകാലം പ്രതിനിധീകരിച്ച അടൂര്‍പ്രകാശിന്റെ നോമിനിയായി റോബിന്‍ പീറ്റര്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായും മണ്ഡലത്തിലെത്തി. എന്നാല്‍ റോബിന്‍ പീറ്ററിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ കോണ്‍ഗ്രസില്‍നിന്നുതന്നെ എതിര്‍പ്പുകളുയര്‍ന്നത് മുന്നണിയില്‍ കല്ലുകടിയായിരുന്നു. 

പ്രചാരണവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ എന്‍.ഡി.എക്കായി കോന്നിയിലെത്തിയെങ്കിലും അതൊന്നും വോട്ടായി മാറിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെയും നിയമസഭ തിരഞ്ഞെടുപ്പിലെയും മെച്ചപ്പെട്ട വോട്ടുനിലയാണ് കെ. സുരേന്ദ്രന് വീണ്ടും കോന്നിയില്‍ മത്സരിക്കാന്‍ പ്രേരണയായത്. ഇത്തവണ മഞ്ചേശ്വരത്തിനൊപ്പം കോന്നിയിലും കെ. സുരേന്ദ്രന്‍ ജനവിധി തേടിയിരുന്നു. എന്നാല്‍ ബിജെപിയുടെ പ്രചാരണതന്ത്രങ്ങളൊന്നും മണ്ഡലത്തില്‍ ഏശിയില്ല. 

വര്‍ഷങ്ങളോളം അടൂര്‍ പ്രകാശ് വിജയിച്ചുവന്ന കോന്നി, 2019-ലെ ഉപതിരഞ്ഞെടുപ്പോടെയാണ് എല്‍.ഡി.എഫ്. പിടിച്ചെടുക്കുന്നത്. കന്നി മത്സരത്തില്‍ കെ.യു. ജനീഷ്‌കുമാര്‍ 9953 വോട്ടിനാണ് വിജയിച്ചത്. ചുരുങ്ങിയകാലം കൊണ്ട് മണ്ഡലത്തില്‍ ജനപ്രീതി നേടിയ ജനീഷ്‌കുമാറിനെ തന്നെ വീണ്ടും രംഗത്തിറക്കി ഇത്തവണയും എല്‍.ഡി.എഫ്. മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.