രു മുന്നണിക്കും പിടികൊടുക്കാത്ത ജില്ലയാണ് പത്തനംതിട്ട. ആര്‍ക്കും ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെടാന്‍ കഴിയാത്ത ജില്ലയില്‍ തിരഞ്ഞെടുപ്പുകളില്‍ ഇടത് വലത് മുന്നണികള്‍ മാറിമാറി വിജയക്കൊടി നാട്ടി. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നാല് നിയമസഭ മണ്ഡലങ്ങള്‍ പിടിച്ചെടുത്ത് എല്‍.ഡി.എഫ്. ആധിപത്യം സ്ഥാപിച്ചപ്പോള്‍ കോന്നിയില്‍ മാത്രമായി യു.ഡി.എഫ്. ഒതുങ്ങി. എന്നാല്‍ 2019-ലെ ഉപതിരഞ്ഞെടുപ്പിലൂടെ കോന്നിയും പിടിച്ചെടുത്ത് എല്‍.ഡി.എഫ്. നിയമസഭ മണ്ഡലങ്ങളില്‍ സമ്പൂര്‍ണ ആധിപത്യം ഉറപ്പിച്ചു. പക്ഷേ, ജില്ലയുടെ രാഷ്ട്രീയ മനസ് എല്ലായ്പ്പോഴും പ്രവചനാതീതമാണ്. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നാലിടത്ത് എല്‍.ഡി.എഫിന് വിജയം നേടാനായപ്പോള്‍ 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. അടൂര്‍ ഒഴിച്ച് എല്ലാ മണ്ഡലങ്ങളിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനായിരുന്നു മുന്നേറ്റം. ഇതെല്ലാം തന്നെയാണ് പത്തനംതിട്ടയുടെ രാഷ്ട്രീയമനസ് ആര്‍ക്കൊപ്പമാകുന്ന ചോദ്യത്തിന് എല്ലാം പ്രവചനാതീതമാണെന്ന ഉത്തരം നല്‍കേണ്ടിവരുന്നത്.

ആറന്മുള, കോന്നി, റാന്നി, തിരുവല്ല, അടൂര്‍ എന്നിങ്ങനെ അഞ്ച് നിയമസഭ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് നിയമസഭ തിരഞ്ഞെടുപ്പിലേക്കും എല്‍.ഡി.എഫിനുള്ള ആത്മവിശ്വാസം. പത്തനംതിട്ട ജില്ലാ പഞ്ചായത്തും നഗരസഭയും അടക്കം പിടിച്ചെടുത്താണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടിയത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ കടന്നുവരവും എല്‍.ഡി.എഫിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നഷ്ടപ്പെട്ട മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുകയും കൂടുതല്‍ സീറ്റുകളില്‍ വിജയവുമാണ് യുഡിഎഫിന്റെ ലക്ഷ്യം. ഇതിനായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പ് പറയുന്നത്. കോന്നി, അടൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ ബിജെപിക്കും പ്രതീക്ഷയുണ്ട്. ആഞ്ഞുപിടിച്ചാല്‍ ജില്ലയില്‍ വിജയം നേടാമെന്ന് ബിജെപിയും കണക്കുക്കൂട്ടുന്നു.

ജില്ലയിലെ മണ്ഡലങ്ങളിലൂടെ

ആറന്മുള

ആകെ വോട്ടര്‍മാര്‍-2,33,365

പുരുഷന്മാര്‍-1,10,404 സ്ത്രീകള്‍-1,22,960 ട്രാന്‍സ്ജെന്‍ഡര്‍-ഒന്ന്.


ഐക്യ കേരള രൂപവത്കരണം മുതല്‍ നിലവിലുളള നിയമസഭാ മണ്ഡലമാണ് ആറന്മുള. ഐക്യമുന്നണിക്ക് ശക്തമായ വേരോട്ടമുളള മണ്ഡലം എന്ന ഖ്യാതിയുണ്ടെങ്കിലും പലപ്പോഴും ഇടത് മുന്നണിയെ പുണര്‍ന്ന ചരിത്രം ആറന്മുളയ്ക്കുണ്ട്. കോയിപ്രം, തോട്ടപ്പുഴശേരി, അയിരൂര്‍, ആറന്മുള, മെഴുവേലി, കുളനട, മുളക്കുഴ പഞ്ചായത്തുകള്‍ ചേര്‍ന്നതായിരുന്നു പഴയ നിയമസഭാ മണ്ഡലം.

2009-ല്‍ മണ്ഡല പുനര്‍ നിര്‍ണയെത്തെ തുടര്‍ന്ന് ജില്ലയിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലമായി ആറന്മുള. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരും ഈ മണ്ഡലത്തിലാണ്. പഴയ മണ്ഡലത്തിലെ അയിരൂര്‍ പഞ്ചായത്ത് റാന്നി മണ്ഡലത്തിലേക്കും മുളക്കുഴ പഞ്ചായത്ത് ചെങ്ങന്നൂരിലേക്കും മാറി.

ഇല്ലാതായ കല്ലൂപ്പാറ മണ്ഡലത്തിലെ ഇരവിപേരൂര്‍ പഞ്ചായത്ത്, പത്തനംതിട്ട നിയമസഭാ മണ്ഡലത്തിലെ കോഴഞ്ചേരി, മല്ലപ്പുഴശേരി, നാരങ്ങാനം, ഇലന്തൂര്‍, ഓമല്ലൂര്‍, ചെന്നീര്‍ക്കര പഞ്ചായത്തുകളും പത്തനംതിട്ട നഗരസഭയും ആറന്മുള മണ്ഡലത്തേട് ചേര്‍ന്നപ്പോള്‍ 12 പഞ്ചായത്തുകളും നഗരസഭയും ചേര്‍ന്നതായി ആറന്മുള നിയമസഭാ മണ്ഡലം.

veena george

ഇരവിപേരൂര്‍, മല്ലപ്പുഴശേരി, ചെന്നീര്‍ക്കര, മെഴുവേലി, നാരങ്ങാനം പഞ്ചായത്തുകളും പത്തനംതിട്ട നഗരസഭയും എല്‍.ഡി.എഫ്.വിജയിച്ചപ്പോള്‍ കോയിപ്രം, ആറന്മുള, കോഴഞ്ചേരി, ഇലന്തൂര്‍, ഓമല്ലൂര്‍ പഞ്ചായത്തുകള്‍ യു.ഡി.എഫും, കുളനട പഞ്ചായത്ത് ബി.ജെ.പി.യും, തോട്ടപ്പുഴശേരി പഞ്ചായത്തില്‍ യു.ഡി.എഫ്., എന്‍.ഡി.എ.പിന്തുണയോടെ സി.പി.എം. വിമതനായി വിജയിച്ച സ്വതന്ത്രനും പഞ്ചായത്ത് ഭരണം കൈയാളുന്നു. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കോയിപ്രം, കോഴഞ്ചേരി, കുളനട, ഇലന്തൂര്‍ ജില്ലാ പഞ്ചായത്തുകള്‍ യു.ഡി.എഫിനെ കൈവിട്ടു.

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിച്ചപ്പോള്‍, ഇലന്തൂര്‍, പന്തളം ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം എല്‍.ഡി.എഫിനാണ്.


തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം

എല്‍.ഡി.എഫ്.

പത്തനംതിട്ട നഗരസഭ , ഇരവിപേരൂര്‍, മല്ലപ്പുഴശേരി, ചെന്നീര്‍ക്കര, മെഴുവേലി, നാരങ്ങാനം .

യു.ഡി.എഫ്.

കോഴഞ്ചേരി, ആറന്മുള, കോയിപ്രം, ഇലന്തൂര്‍, ഓമല്ലൂര്‍.

ബി.ജെ.പി.

കുളനട

സ്വതന്ത്രന്‍

തോട്ടപ്പുഴശേരി

2016 നിയമസഭാ തിരഞ്ഞെടുപ്പ്

വീണാ ജോര്‍ജ്(എല്‍.ഡി.എഫ്.)64,523, അഡ്വ. കെ.ശിവദാസന്‍നായര്‍(യു.ഡി.എഫ്.)56,877, എം.റ്റി.രമേശ്(എന്‍.ഡി.എ.)37,906. ഭൂരിപക്ഷം-7646

2019-ലോക്സഭാ തിരഞ്ഞെടുപ്പ്

ആന്റോ ആന്റണി(യു.ഡി.എഫ്.)59,277, വീണാ ജോര്‍ജ്(എല്‍.ഡി.എഫ്.)52,684, കെ.സുരേന്ദ്രന്‍(എന്‍.ഡി.എ.)50,497. ഭൂരിപക്ഷം-6593.

 

കോന്നി

ആകെ വോട്ടര്‍മാര്‍-200,210

പുരുഷന്‍മാര്‍-94,441

സ്ത്രീകള്‍-1,05,769

1965-ലാണ് കോന്നി നിയമസഭാ നിയോജകമണ്ഡലം നിലവില്‍ വരുന്നത്. തുടക്കത്തില്‍ ഏഴ് പഞ്ചായത്തുകളായിരുന്നു ഉണ്ടായിരുന്നത്.

നിയമസഭാ മണ്ഡലങ്ങള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ പഞ്ചായത്തുകളുടെ എണ്ണം 11 ആയി. 1996-ലെ തിരഞ്ഞെടുപ്പുവരെ കോണ്‍ഗ്രസ്, ഇടതുപക്ഷ സ്ഥാനാര്‍ഥികളെ മാറിമാറി വിജയിപ്പിച്ചിട്ടുണ്ട്.

1996-ല്‍ കോണ്‍ഗ്രസിലെ അടൂര്‍ പ്രകാശ് 806 വോട്ടുകള്‍ക്ക് വിജയിച്ചു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് എം.പി. ആയതിനെത്തുടര്‍ന്നാണ് അടൂര്‍ പ്രകാശ് എം.എല്‍.എ. സ്ഥാനം രാജിവെച്ചത്. നീണ്ട 23 വര്‍ഷം അടൂര്‍ പ്രകാശിനൊപ്പമായിരുന്നു കോന്നി മണ്ഡലം.

2019 ഒക്ടോബറില്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം.ലെ കെ.യു.ജനീഷ് കുമാര്‍ മണ്ഡലം തിരിച്ച് പിടിച്ചു.

ഇത്തവണ വിജയം ആവര്‍ത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍.ഡി.എഫ്.കേന്ദ്രങ്ങള്‍. ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ അനൈക്യമാണ് മണ്ഡലം നഷ്ടപ്പെട്ടതിന് കാരണമായി അവര്‍ വിലയിരുത്തുന്നത്. ഇത്തവണ തിരികെപ്പിടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.

janeeshkumar

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് ശക്തമായ മേല്‍ക്കൈയാണ് ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പരമ്പരാഗതമായി കൈവശംവെച്ചിരുന്ന പ്രമാടം, മൈലപ്ര പഞ്ചായത്തുകള്‍ സി.പി.എം. ഭരണത്തിലാണ്.

ചിറ്റാറില്‍ യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയിട്ടും അട്ടിമറിയിലൂടെ എല്‍.ഡി.എഫ്.പഞ്ചായത്ത് ഭരണം പിടിച്ചടക്കി. 11 പഞ്ചായത്തുകളില്‍ ഒന്‍പതിടത്ത് എല്‍.ഡി.എഫിനാണ് ഭരണം രണ്ടിടത്ത് യു.ഡി.എഫിനും. ബി.ജെ.പി.ക്ക് പഞ്ചായത്ത് ഭരണം ഇല്ലെങ്കിലും കോന്നി, കലഞ്ഞൂര്‍, പ്രമാടം, വള്ളിക്കോട്, മലയാലപ്പുഴ, മൈലപ്ര, ചിറ്റാര്‍, ഏനാദിമംഗലം പഞ്ചായത്തുകളില്‍ അംഗങ്ങള്‍ ഉണ്ട്.

തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം

എല്‍.ഡി.എഫ്.

സീതത്തോട്, ചിറ്റാര്‍, അരുവാപ്പുലം, കലഞ്ഞൂര്‍, ഏനാദിമംഗലം, പ്രമാടം, വള്ളിക്കോട്, മൈലപ്ര, മലയാലപ്പുഴ

യു.ഡി.എഫ്.

കോന്നി, തണ്ണിത്തോട്

2016 നിയമസഭാ വോട്ടിങ് നില

അടൂര്‍പ്രകാശ്-72,800

അഡ്വ. ആര്‍.സനല്‍ കുമാര്‍-52,052

ഡി.അശോക് കുമാര്‍-16,713.

ഭൂരിപക്ഷം: 20,748

2019 പാര്‍ലമെന്റ് വോട്ടിങ് നില

ആന്റോ ആന്റണി, കോണ്‍ഗ്രസ്-49,667

വീണാ ജോര്‍ജ്, സി.പി.എം.-46,946

കെ.സുരേന്ദ്രന്‍, ബി.ജെ.പി.-46,506

ഭൂരിപക്ഷം: 2721

2019 നിയമസഭാഉപതിരഞ്ഞെടുപ്പ്

കെ.യു.ജനീഷ്‌കുമാര്‍, സി.പി.എം.-54,099

പി.മോഹന്‍രാജ്, കോണ്‍ഗ്രസ്-44,146

കെ.സുരേന്ദ്രന്‍, ബി.ജെ.പി.-39,786

ഭൂരിപക്ഷം: 9953

 

റാന്നി

ആകെ വോട്ടര്‍മാര്‍-1,90,468

സ്ത്രീകള്‍-98451

പുരുഷന്‍മാര്‍-92016

ട്രാന്‍സ്‌ജെന്‍ഡര്‍-1

നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടത്തിനൊരുങ്ങുകയണ് റാന്നി. 1996 മുതല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതിനൊപ്പമാണ് മണ്ഡലം. എന്നാല്‍, മിക്ക ലോക്സഭാ തിരഞ്ഞെടുപ്പുകളിലും മണ്ഡലം വലതുമുന്നണിക്കൊപ്പവുമാണ്. നിലനിര്‍ത്താന്‍ എല്‍.ഡി.എഫും, തിരിച്ചുപടിക്കാന്‍ യു.ഡി.എഫും. പിടിച്ചെടുക്കാന്‍ എന്‍.ഡി.എ.യും അണിയറ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

കോട്ടാങ്ങല്‍, വെച്ചൂച്ചിറ, പെരുനാട്, നാറാണംമൂഴി, പഴവങ്ങാടി, അങ്ങാടി, കൊറ്റനാട്, എഴുമറ്റൂര്‍, അയിരൂര്‍, റാന്നി, വടശ്ശേരിക്കര, ചെറുകോല്‍ ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് റാന്നി മണ്ഡലം. ഇതില്‍ കൊറ്റനാട്, എഴുമറ്റൂര്‍, കോട്ടാങ്ങല്‍ പഞ്ചായത്തുകള്‍ മല്ലപ്പള്ളി താലൂക്കിലും മറ്റെല്ലാം റാന്നിയിലുമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അങ്ങാടി, റാന്നി, കോട്ടാങ്ങല്‍, അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകളില്‍ ഒരുമുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല.

വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ. പിന്തുണച്ചതിനെ തുടര്‍ന്ന് എല്‍.ഡി.എഫിന് ഭരണം ലഭിച്ചെങ്കിലും രാജിവെച്ചു. ഭൂരിപക്ഷമില്ലാത്ത റാന്നി, അങ്ങാടി പഞ്ചായത്തുകളില്‍ പ്രസിഡന്റ് സ്ഥാനം എല്‍.ഡി.എഫ്. അംഗത്തിനും വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനുമാണ്.

തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം

എല്‍.ഡി.എഫ്.

റാന്നി ബ്ലോക്ക് പഞ്ചായത്ത്, പെരുനാട്, വടശ്ശേരിക്കര, എഴുമറ്റൂര്‍, കൊറ്റനാട്, അയിരൂര്‍, റാന്നി, അങ്ങാടി ഗ്രാമപ്പഞ്ചായത്തുകള്‍

യു.ഡി.എഫ്.

വെച്ചൂച്ചിറ, നാറാണംമൂഴി, പഴവങ്ങാടി.

ബി.ജെ.പി.

ചെറുകോല്‍.

2016 നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില

രാജു ഏബ്രഹാം(എല്‍.ഡി.എഫ്.)58,749

മറിയാമ്മ ചെറിയാന്‍(യു.ഡി.എഫ്.)44,153

കെ.പത്മകുമാര്‍(എന്‍.ഡി.എ.)28,201

ഭൂരിപക്ഷം-14,596

2019 പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വോട്ടുനില

ആന്റോ ആന്റണി(യു.ഡി.എഫ്.)50,755

വീണാ ജോര്‍ജ്(എല്‍.ഡി.എഫ്.)42,931 കെ.സുരേന്ദ്രന്‍(എന്‍.ഡി.എ.)39,560

ഭൂരിപക്ഷം:7824

 

തിരുവല്ല

ആകെ വോട്ടര്‍മാര്‍-2,08,708

സ്ത്രീകള്‍-1,09,218

പുരുഷന്‍മാര്‍-99,490

മണ്ഡലത്തിന്റെ തേരുതെളിക്കാന്‍ ഇത്തവണ ആര്. ചായ്വ് എങ്ങോട്ടെന്ന് ഒരിക്കലും വ്യക്തമല്ലാത്ത മണ്ഡലമാണ് തിരുവല്ല. ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വലതുമുന്നണിക്കൊപ്പം നില്‍ക്കുമ്പോള്‍, നിയമസഭാ തിരഞ്ഞെടുപ്പെത്തുമ്പോള്‍ ഇടതുപക്ഷത്തേക്ക് മാറും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികള്‍ക്കും നഷ്ടക്കണക്ക് പറയാനുണ്ടെങ്കിലും നേട്ടമേറെയും ഇടതിനൊപ്പമാണ്. തിരുവല്ല നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നിലനിര്‍ത്താനായെങ്കിലും മൊത്തം വോട്ടില്‍ ഇടതിനാണ് മുന്‍തൂക്കം. സമീപകാല ചരിത്രത്തില്‍ ഇതാദ്യം.

mathew t thomas

നിയോജകമണ്ഡലത്തിലെ മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ഇടതുമുന്നണിയുടെ കൈവശമാണുള്ളത്. പുളിക്കീഴ്, ആനിക്കാട് ഡിവിഷനുകള്‍ ത്രിതല പഞ്ചായത്ത് സംവിധാനം വന്നതിനുശേഷം ആദ്യമായാണ് ഇടതുപക്ഷത്തെത്തുന്നത്. പുളിക്കീഴ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകളും ഇടതുമുന്നണിക്കൊപ്പമാണിപ്പോള്‍. കഴിഞ്ഞവട്ടം ബി.ജെ.പി. ഭരിച്ചിരുന്ന നെടുമ്പ്രം, കുറ്റൂര്‍ പഞ്ചായത്തുകള്‍ എല്‍.ഡി.എഫിലായി. യു.ഡി.എഫ്. ഭരിച്ച കവിയൂര്‍ പഞ്ചായത്ത് ബി.ജെ.പി. പിടിച്ചു. ഇടതുമുന്നണി ഭരിച്ചിരുന്ന നിരണം, കടപ്ര പഞ്ചായത്തുകള്‍ യു.ഡി.എഫും പിടിച്ചെടുത്തു.

തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം

യു.ഡി.എഫ്.

തിരുവല്ല (നഗരസഭ), നിരണം, കടപ്ര, മല്ലപ്പള്ളി, ആനിക്കാട്, കല്ലൂപ്പാറ.

എല്‍.ഡി.എഫ്.

നെടുമ്പ്രം, പെരിങ്ങര, കുറ്റൂര്‍, കുന്നന്താനം, പുറമറ്റം.

ബി.ജെ.പി.

കവിയൂര്‍

2016 നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില

മാത്യു ടി.തോമസ്(എല്‍.ഡി.എഫ്.)59,660

ജോസഫ് എം.പുതുശ്ശേരി(യു.ഡി.എഫ്.)51,398

അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് (എന്‍.ഡി.എ.)31,439

ഭൂരിപക്ഷം-8262

2019 പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വോട്ടുനില

ആന്റോ ആന്റണി(യു.ഡി.എഫ്.)54,250

വീണാ ജോര്‍ജ്(എല്‍.ഡി.എഫ്)-50,511

കെ.സുരേന്ദ്രന്‍ (എന്‍.ഡി.എ.)40,186

ഭൂരിപക്ഷം: 3739.

 

അടൂര്‍

ആകെ വോട്ടര്‍മാര്‍- 2,03,737

സ്ത്രീകള്‍- 1,08,567

പുരുഷന്‍മാര്‍- 95,168.

ട്രാന്‍സ്ജെന്‍ഡര്‍മാര്‍- 2

അടൂര്‍, പന്തളം നഗരസഭകളും, പന്തളം തെക്കേക്കര, തുമ്പമണ്‍, കൊടുമണ്‍, ഏഴംകുളം, ഏറത്ത്, പള്ളിക്കല്‍, കടമ്പനാട് ഗ്രാമപ്പഞ്ചായത്തുകളും ഉള്‍പ്പെടുന്ന നിയമസഭാമണ്ഡലമാണ് അടൂര്‍. 1965-ലാണ് അടൂര്‍ മണ്ഡലം രൂപീകൃതമാകുന്നത്.

ഇരുപതുവര്‍ഷത്തോളം യു.ഡി.എഫ്. തുടര്‍ച്ചയായി വിജയിച്ച മണ്ഡലമായിരുന്നു ഇത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു എം.എല്‍.എ. 2011-ല്‍ സംവരണ മണ്ഡലമായശേഷം നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മണ്ഡലം നഷ്ടപ്പെട്ടു. എല്‍.ഡി.എഫിന്റെ ചിറ്റയം ഗോപകുമാര്‍ വിജയിച്ചു.

2016-ലും ചിറ്റയം ഗോപകുമാര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 25,640 വോട്ടിനാണ് വിജയിച്ചത്. ഇന്ന് മണ്ഡലത്തിലെ ആറുപഞ്ചായത്തുകളും ഒരുനഗരസഭയും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും എല്‍.ഡി.എഫിന്റെ കൈകളിലാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞൈടുപ്പില്‍ യു.ഡി.എഫ്. മൂന്നാംസ്ഥാനത്തായ മണ്ഡലമാണ് അടൂര്‍.

തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം

യു.ഡി.എഫ്.

തുമ്പമണ്‍(പഞ്ചായത്ത്)

എല്‍.ഡി.എഫ്.

അടൂര്‍( നഗരസഭ), പള്ളിക്കല്‍, കടമ്പനാട്, ഏഴംകുളം, ഏറത്ത്, കൊടുമണ്‍, പന്തളം തെക്കേക്കര.

ബി.ജെ.പി.

പന്തളം (നഗരസഭ)

2016 നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടുനില

ചിറ്റയം ഗോപകുമാര്‍(എല്‍.ഡി.എഫ്.)76034, കെ.കെ.ഷാജു(യു.ഡി.എഫ്.)50,574, അഡ്വ. പി.സുധീര്‍(ബി.ജെ.പി.)25,940.

ഭൂരിപക്ഷം-25,640

2019 ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടുനില

ആന്റോ ആന്റണി(യു.ഡി.എഫ്.)49,280 വീണാ ജോര്‍ജ്(എല്‍.ഡി.എഫ്.)53,216 കെ.സുരേന്ദ്രന്‍(എന്‍.ഡി.എ.)51,260

ഭൂരിപക്ഷം - 1956

 

പ്രളയം മുതല്‍ കോവിഡ് വരെ...

2018-ലെ മഹാപ്രളയം മുതല്‍ കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ വരെ നിയമസഭ തിരഞ്ഞെടുപ്പില്‍ സജീവപ്രചരണവിഷയമാണ്. ഇതോടൊപ്പം സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ പ്രവര്‍ത്തനവും ശബരിമല വിഷയവുമെല്ലാം തിരഞ്ഞെടുപ്പ് പ്രചരണത്തെ സജീവമാക്കും.

2018-ലെ പ്രളയത്തില്‍ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ നേരിടേണ്ടിവന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ട. റാന്നി, ആറന്മുള, തിരുവല്ല തുടങ്ങിയ നിയമസഭ മണ്ഡലങ്ങളില്‍ കെടുതികള്‍ രൂക്ഷമായിരുന്നു. അന്ന് പ്രളയത്തെ നേരിട്ടതും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതുമെല്ലാം വോട്ടാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയകക്ഷികള്‍. പ്രളയത്തിന് പിന്നാലെയെത്തിയ കോവിഡിലും സഹായഹസ്തങ്ങളുമായി രാഷ്ട്രീയപാര്‍ട്ടികള്‍ സജീവമായിരുന്നു.

flood

ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ടയില്‍ തന്നെയാണ് ശബരിമല വിഷയം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുക. ലോക്സഭ തിരഞ്ഞെടുപ്പിലും കോന്നി ഉപതിരഞ്ഞെടുപ്പിലും ശബരിമല വിഷയം സജീവമായിരുന്നു. എന്നാല്‍ ശബരിമല വിഷയത്തില്‍ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും സ്ത്രീപ്രവേശനത്തില്‍ കടുംപിടുത്തം വേണ്ടെന്ന നിലപാടെടുത്തതും വലിയ തിരിച്ചടിയിലേക്ക് നയിക്കില്ലെന്നാണ് ഇടതുമുന്നണിയുടെ കണക്കുക്കൂട്ടല്‍. അതേസമയം, ശബരിമല വിഷയം സജീവമായി നിലനിര്‍ത്താന്‍ യു.ഡി.എഫും ബി.ജെ.പിയും ഒരുപോലെ ശ്രമിക്കും.

സമുദായ സമവാക്യങ്ങള്‍... കേരള കോണ്‍ഗ്രസ് സ്വാധീനം

എന്‍.എസ്.എസും ക്രിസ്ത്യന്‍ സമുദായങ്ങളും സ്വീകരിക്കുന്ന നിലപാടുകള്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ നിര്‍ണായകമാകും. ആറന്മുള, റാന്നി, തിരുവല്ല എന്നിവിടങ്ങളിലാണ് ക്രിസ്ത്യന്‍ സമുദായങ്ങളുടെ നിലപാടുകള്‍ നിര്‍ണായക സ്വാധീനം ചെലുത്തുക. ഇവിടങ്ങളിലെ സ്ഥാനാര്‍ഥിനിര്‍ണയവും ഇതെല്ലാം പരിഗണിച്ചായിരുന്നു.

ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത നിയമസഭ തിരഞ്ഞെടുപ്പില്‍ പലയിടത്തും സ്വാധീനിച്ചേക്കും. ആറന്മുളയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെയടക്കം വോട്ടുകള്‍ ഏകീകരിക്കപ്പെട്ടതാണ് കഴിഞ്ഞതവണ വീണ ജോര്‍ജിന് വിജയമൊരുക്കിയത്. എന്നാല്‍ നിലവില്‍ ഓര്‍ത്തോഡോക്സ് വിഭാഗം സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്നത് എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം. അതേസമയം, യാക്കോബായ വിഭാഗത്തിന്റെ പിന്തുണ എല്‍.ഡി.എഫിന് തന്നെയാകും.

udf

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണിയിലേക്ക് വന്നത് വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് എല്‍.ഡി.എഫ് ക്യാമ്പിന്റെ പ്രതീക്ഷ. റാന്നി, തിരുവല്ല, ആറന്മുള തുടങ്ങിയ മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസിന്റെ സാന്നിധ്യം ഗുണംചെയ്യുമെന്നും മുന്നണി വിലയിരുത്തുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ സാന്നിധ്യം എല്‍.ഡി.എഫിന് ഏറെ നേട്ടംകൊയ്യാന്‍ സഹായിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലും ഇതാവര്‍ത്തിക്കാനാകുമെന്നാണ് എല്‍.ഡി.എഫ്. പ്രതീക്ഷ.

സ്ഥാനാര്‍ഥികള്‍, സാധ്യതകള്‍...

ആറന്മുള, കോന്നി, റാന്നി, തിരുവല്ല, അടൂര്‍ എന്നീ അഞ്ച് മണ്ഡലങ്ങളിലും സിറ്റിങ് എം.എല്‍.എ.മാര്‍ തന്നെ എല്‍.ഡി.എഫിന് വേണ്ടി വീണ്ടും ജനവിധി തേടാനാണ് സാധ്യത. ഇതില്‍ റാന്നിയില്‍ രാജു എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി മാത്രമാണ് അല്പം സംശയം ബാക്കിനില്‍ക്കുന്നത്.

റാന്നി സീറ്റ് കേരള കോണ്‍ഗ്രസിന് കൈമാറുകയാണെങ്കില്‍ രാജു എബ്രഹാം ഇനിയൊരങ്കത്തിനിറങ്ങില്ല. അതേസമയം, സീറ്റ് കൈമാറരുതെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. രാജു എബ്രഹാമിനെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്നും ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നു. അങ്ങനെയാണെങ്കില്‍ ആറാം തവണയും രാജു എബ്രഹാം തന്നെ റാന്നിയില്‍ മത്സരിക്കുമോ എന്നകാര്യത്തില്‍ സംസ്ഥാന നേതൃത്വമാകും അന്തിമ തീരുമാനമെടുക്കുക. ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന ഭാരവാഹിയായ റോഷന്‍ റോയ് മാത്യുവിന്റെ പേരും മണ്ഡലത്തില്‍ എല്‍.ഡി.എഫ്. പരിഗണിക്കുന്നുണ്ട്.

റാന്നിയില്‍ കെ.പി.സി.സി. സെക്രട്ടറി റിങ്കു ചെറിയാന്‍, ഡി.സി.സി. അധ്യക്ഷന്‍ ബാബു ജോര്‍ജ്, കെ. ജയവര്‍മ എന്നിവരുടെ പേരുകളാണ് യു.ഡി.എഫിന്റെ ചര്‍ച്ചകളിലുള്ളത്. എന്‍.ഡി.എയില്‍ ബിഡിജെഎസ് ആണ് മത്സരിക്കുന്നതെങ്കില്‍ കെ.പദ്മകുമാര്‍ തന്നെ വീണ്ടും ജനവിധി തേടിയേക്കും. അതേസമയം, പ്രമീളദേവി, പ്രദീപ് അയിരൂര്‍ എന്നിവരുടെ പേരുകളും എന്‍.ഡി.എ. ക്യാമ്പില്‍ ചര്‍ച്ച ചെയ്യുന്നു.

bjp

സി.പി.ഐ.യുടെ കൈവശമുള്ള അടൂരില്‍ ഇത്തവണയും ചിറ്റയം ഗോപകുമാര്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥി. മൂന്നാംവട്ടം മത്സരത്തിനിറങ്ങുന്ന ചിറ്റയത്തിന്റെ കൈകളില്‍ മണ്ഡലം സുരക്ഷിതമാണെന്നാണ് സി.പി.ഐ.യുടെ വിലയിരുത്തല്‍. യു.ഡി.എഫ് ക്യാമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്‍, പന്തളം പ്രതാപന്‍ തുടങ്ങിയ പേരുകള്‍ ഉയരുന്നു. എന്‍.ഡി.എ.യില്‍ പ്രാരംഭ ചര്‍ച്ചകളായിട്ടില്ലെങ്കിലും പന്തളം നഗരസഭാധ്യക്ഷ സുശീലാ സന്തോഷും പരിഗണിക്കപ്പെടാം.

കോന്നിയില്‍ സിറ്റിങ് എം.എല്‍.എ. കെ.യു. ജനീഷ് കുമാര്‍ തന്നെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാകും. ജനീഷ്‌കുമാറിന് ചുരുങ്ങിയ കാലയളവില്‍ മണ്ഡലത്തില്‍ ജനപ്രീതി നേടാനായെന്നും വിജയം തുടരാനാകുമെന്നുമാണ് എല്‍.ഡി.എഫിന്റെ കണക്കുക്കൂട്ടല്‍.

23 വര്‍ഷം മണ്ഡലത്തെ പ്രതിനിധാനംചെയ്ത നിലവില്‍ ലോക്സഭാംഗമായ അടൂര്‍ പ്രകാശിന്റെ നിര്‍ദേശം പരിഗണിച്ചായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയം. ഉപതിരഞ്ഞെടുപ്പില്‍ പ്രകാശ് നിര്‍ദേശിച്ച റോബിന്‍ പീറ്റര്‍ ഇക്കുറി സ്ഥാനാര്‍ഥിയാകുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് കോന്നി. മേഖലാ സെക്രട്ടറി ഷാജി ആര്‍. നായര്‍, വി.എ. സൂരജ് എന്നിവരും പരിഗണിക്കപ്പെടാം.

ആറന്മുളയില്‍ വീണാ ജോര്‍ജ് തന്നെ വീണ്ടും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാകും. മുന്‍ ഡി.സി.സി. പ്രസിഡന്റ് പി. മോഹന്‍രാജ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പഴകുളം മധു, മുന്‍ എം.എല്‍.എ. കെ. ശിവദാസന്‍ നായര്‍ എന്നിവരുടെ പേരുകള്‍ കോണ്‍ഗ്രസില്‍ ഉയരുന്നുണ്ട്. കെ.പി.സി.സി. സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി. ഉപാധ്യക്ഷന്‍ എ. സുരേഷ് കുമാര്‍, സ്റ്റെല്ല തോമസ് എന്നിവരുടെ പേരുകളും ചര്‍ച്ചകളിലുണ്ട്. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, ഷാജി ആര്‍. നായര്‍, ജി. രാമന്‍ നായര്‍ എന്നിവരുടെ പേരുകള്‍ ബി.െജ.പി.യില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിനെ സ്ഥാനാര്‍ഥിയാക്കാനും നീക്കമുണ്ട്.

തിരുവല്ലയില്‍ മാത്യു ടി. തോമസ് തന്നെ വീണ്ടും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായേക്കും. യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തിരുവല്ല സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവല്ല, റാന്നി സീറ്റുകള്‍ ജോസഫ് വിഭാഗവും കോണ്‍ഗ്രസും വെച്ചുമാറുന്നതിനെക്കുറിച്ചും അണിയറയില്‍ ചര്‍ച്ചയുണ്ട്. ജോസഫ് വിഭാഗം മത്സരിച്ചാല്‍ കുഞ്ഞുകോശി പോള്‍, ജോസഫ് എം. പുതുശ്ശേരി, വിക്ടര്‍ ടി. തോമസ് എന്നിവരില്‍ ആരെങ്കിലും സ്ഥാനാര്‍ഥിയാകും. ബി.ജെ.പി. സ്ഥാനാര്‍ഥിയായി യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയുടെ പേര് ചര്‍ച്ചചെയ്യപ്പെടുന്നു.

ഇന്‍പുട്ട്സ്: പ്രവീണ്‍കൃഷ്ണന്‍, അനീഷ് ചന്ദ്രന്‍, കെ.ആര്‍.കെ. പ്രദീപ്, അനുഭദ്രന്‍, യു.പി. ഉല്ലാസ്‌കുമാര്‍, എന്‍. ശ്രീകുമാര്‍. ഏകീകരണം: ഇലക്ഷന്‍ ഡെസ്‌ക്, മാതൃഭൂമി ഡോട്ട് കോം

Content Highlights: kerala assembly election 2021 pathanamthitta district wise report