പത്തനംതിട്ട:   ആറന്മുളയില്‍ വീണ ജോര്‍ജും കോന്നിയില്‍ കെ.യു. ജനീഷ്‌കുമാറും വീണ്ടും മത്സരിക്കണമെന്ന് സി.പി.എം. ജില്ലാ നേതൃത്വം. റാന്നി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കരുതെന്നും രാജു എബ്രഹാമിന് ഒരു അവസരം കൂടി നല്‍കണമെന്നും സി.പി.എം. ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സി.പി.എം. സംസ്ഥാന സമിതി അന്തിമ തീരുമാനമെടുക്കും. 

25 വര്‍ഷമായി റാന്നിയെ പ്രതിനിധീകരിക്കുന്നത് രാജു എബ്രഹാമാണ്. അഞ്ച് തവണ എം.എല്‍.എ.യായതിനാല്‍ അദ്ദേഹത്തിന് ഇത്തവണ സീറ്റ് നല്‍കാനുള്ള സാധ്യതയും കുറവായിരുന്നു. എന്നാല്‍ വിജയസാധ്യത കണക്കിലെടുത്ത് രാജു എബ്രഹാമിന് ഒരു അവസരം കൂടി നല്‍കണമെന്നാണ് സി.പി.എം. ജില്ലാ നേതൃത്വത്തിന്റെ ആവശ്യം.

റാന്നി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള നീക്കത്തിലും ജില്ലയിലെ സി.പി.എമ്മിന് എതിര്‍പ്പുണ്ട്. റാന്നി സീറ്റ് വിട്ടുനല്‍കിയാല്‍ ജില്ലയില്‍ പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം രണ്ടായി ചുരുങ്ങും. അതിനാല്‍ റാന്നിയില്‍ ഒരുവീട്ടുവീഴ്ചയും വേണ്ടെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. അതേസമയം, രാജു എബ്രഹാമിന്റെ കാര്യത്തില്‍ സി.പി.എം. സംസ്ഥാന സമിതിയുടെ തീരുമാനം നിര്‍ണായകമാകും. 

Content Highlights: cpm mlas veena george and ku janeeshkumar will contest again in aranmula and konni