പത്തനംതിട്ട: യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമായിരുന്ന കോന്നി തിരിച്ചുപിടിക്കാനായി അടൂർ പ്രകാശ് എം.പിയുടെ നിർദേശങ്ങൾക്ക് പരിഗണന നൽകാൻ കോൺഗ്രസ്. സ്ഥാനാർഥി നിർണയത്തിലടക്കം അദ്ദേഹത്തിന് മുഖ്യറോളുണ്ടാകും.
96 മുതൽ 2016 വരെ അടൂർ പ്രകാശ് തുടർച്ചയായി ജയിച്ചുവന്ന മണ്ഡലമാണിത്. 2019-ൽ അദ്ദേഹം ലോക്‌സഭയിലേക്ക് ജയിച്ചതോടെ നിയമസഭാംഗത്വം രാജിവെച്ചു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി പി. മോഹൻരാജ് സി.പി.എമ്മിലെ കെ.യു. ജനീഷ് കുമാറിനോട് പരാജയപ്പെട്ടു. അടൂർ പ്രകാശ് ഇരുപതിനായിരത്തിൽപ്പരം വോട്ടിന് ജയിച്ച സ്ഥലത്ത് കോൺഗ്രസ് സ്ഥാനാർഥി തോറ്റത് 9000-ത്തിലേറെ വോട്ടുകൾക്കാണ്.
സ്ഥാനാർഥി നിർണയം കോൺഗ്രസിൽ പരസ്യകലാപത്തിനിടയാക്കി. അടൂർ പ്രകാശ് നിർദേശിച്ച റോബിൻ പീറ്ററിനെ സ്ഥാനാർഥിയാക്കാൻ നേതൃത്വം തയ്യാറാകാതിരുന്നതാണ് അസ്വാരസ്യങ്ങൾക്ക് വഴിവെച്ചത്. അന്ന് പ്രമാടം പഞ്ചായത്ത് പ്രസിഡന്റായിരുന്ന റോബിനിപ്പോൾ ജില്ലാ പഞ്ചായത്ത് അംഗമാണ്.
സ്ഥാനാർഥി നിർണയത്തിലെ ഭിന്നതകൾ പ്രചാരണത്തിലടക്കം പ്രതിഫലിച്ചതാണ് തോൽവിക്ക് കാരണമായി വിലയിരുത്തപ്പെട്ടത്. ഇത്തവണ അത്തരം പ്രതിസന്ധികൾ ഒഴിവാക്കാനാണ് ശ്രമം. സ്ഥാനാർഥി നിർണയത്തിൽ അടൂർ പ്രകാശിന്റെ നിർദേശത്തിന് പരിഗണന നൽകുമെന്ന് ഉന്നതനേതൃത്വം അദ്ദേഹത്തെ ധരിപ്പിച്ചതായാണ് സൂചന.
Content Highlights: Adood prakash, Assembly election