പത്തനംതിട്ട: ജില്ലയില്‍ അഞ്ച് മണ്ഡലങ്ങളിലായി രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ പലയിടത്തും സംഘര്‍ഷം. സ്ഥാനാര്‍ഥികളെ തടഞ്ഞുവെയ്ക്കുന്ന സംഭവങ്ങളടക്കമാണ് വോട്ടെടുപ്പ് ദിനം ഉണ്ടായത്. വലിയ സംഘര്‍ഷങ്ങളിലേക്ക് പോകാതെ ഏറെ പണിപ്പെട്ടാണ് പോലീസ് ഇവിടങ്ങളില്‍ രംഗം ശാന്തമാക്കിയത്.

പത്തനംതിട്ട നഗരസഭയിലെ ചുട്ടിപ്പാറ വാര്‍ഡിലെ 223-ാം നമ്പര്‍ ബൂത്തില്‍ സി.പി.എം. ബൂത്ത് ഏജന്റായ െഷഫീഖ് വരാന്തയില്‍ കൊടിപിടിച്ചുനിന്നത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കോണ്‍ഗ്രസിലെ വാര്‍ഡ് കൗണ്‍സിലര്‍ എം.സി. െഷറീഫിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ക്കുകയും, പോലീസിനോട് പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കൊടിയുമായി നിന്നയാളെ മാറ്റിയതോടെയാണ് രംഗം ശാന്തമായത്. കൊടിയോ ചിഹ്നങ്ങളോ യാതൊന്നും ബൂത്തിനടുത്ത് ഉണ്ടാകരുതെന്ന കമ്മിഷന്റെ നിര്‍ദേശം ലംഘിച്ചാണ് കൊടി എത്തിച്ചതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ എം.എസ്. െഷരീഫ് പറഞ്ഞു.

ഏനാത്ത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് മര്‍ദനമേറ്റു

ഏനാത്ത്: പോളിങ് ബൂത്തിന് സമീപത്തുണ്ടായ തര്‍ക്കത്തിനിടെ വോട്ട് ചെയ്യാന്‍ വരിയില്‍നിന്ന കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ മര്‍ദിച്ചു. കൈതപ്പറമ്പ് വല്ല്യത്ത് വടക്കേതില്‍ ഷിജു (46) വിനാണ് മര്‍ദനമേറ്റത്ത്. സംഭവത്തില്‍ സി.പി.എം. നേതാവ് കൈതപറമ്പ് കുന്നില്‍ പീസ് കോട്ടേജില്‍ ജോണ്‍കുട്ടിയെ (56) ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു.

കൈതപറമ്പ് സാംസ്‌കാരിക 200-ാം നമ്പര്‍ ബൂത്തില്‍ മോക്‌പോള്‍ കഴിഞ്ഞ ഉടന്‍ രാവിലെ ഏഴോടെയാണ് സംഭവം. എല്‍.ഡി.എഫ്. ഏജന്റ് സ്ഥലത്ത് ഇല്ലാതെ മോക്‌പോള്‍ നടത്തി എന്ന് ആരോപിച്ച് ജോണ്‍കുട്ടി റിട്ടേണിങ് ഓഫീസറുമായി തര്‍ക്കിച്ചു. ഈ സമയം വോട്ട് ചെയ്യാനായി ക്യൂവില്‍നിന്ന ബൂത്ത് ഏജന്റ് കൂടിയായ ഷിജു ഇതിന് മറുപടി പറഞ്ഞതോടെയാണ് മര്‍ദനത്തില്‍ കലാശിച്ചത്. എന്നാല്‍, എല്‍.ഡി.എഫ്. ഏജന്റ് മോക്‌പോള്‍ സമയത്ത് സ്ഥലത്തുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതറിയാതെയാണ് ജോണ്‍കുട്ടി തര്‍ക്കിച്ചത്. അറസ്റ്റ് ചെയ്ത ജോണ്‍കുട്ടിയെ പിന്നീട് ജാമ്യത്തില്‍ വിട്ടതായി ഏനാത്ത് പോലീസ് പറഞ്ഞു. പരിക്കേറ്റ ഷിജുവിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീണാ ജോര്‍ജിനെയും ശിവദാസന്‍ നായരെയും തടഞ്ഞു

പത്തനംതിട്ട: വോട്ടെടുപ്പില്‍ ജില്ലയില്‍ പലയിടത്തും സംഘര്‍ഷം. ആറന്മുളയില്‍ സ്ഥാനാര്‍ഥികളായ വീണാ ജോര്‍ജിനെയും ശിവദാസന്‍ നായരെയും തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ആറന്മുള പഞ്ചായത്തിലെ ആറാട്ടുപുഴ ഗവ.യു.പി. സ്‌കൂളിലെ ബൂത്ത് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ തന്നെ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തടഞ്ഞതായി വീണാ ജോര്‍ജ് ആരോപിച്ചു. തുടര്‍ന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ശിവദാസന്‍നായരെ രണ്ടിടങ്ങളില്‍ തടഞ്ഞു ആറന്മുള പഞ്ചായത്തിലെ വല്ലന യു.പി.എസ്., സ്‌കൂളിലെത്തിയ ശിവദാസന്‍നായരെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ തടഞ്ഞത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പോളിങ് ഓഫീസറുമായി സംസാരിച്ചശേഷം അടുത്ത ബൂത്ത് സന്ദര്‍ശിക്കാനായി ഒരുങ്ങിയപ്പോള്‍ ഡി.വൈ.എഫ്.ഐ.ക്കാര്‍ തന്നെ തടയുകയായിരുന്നെന്ന് ശിവദാസന്‍നായര്‍ ആരോപിച്ചു. വൈകീട്ട് നാലിന് വള്ളംകുളത്ത് നാഷണല്‍ ഹൈസ്‌ക്കൂളിലെ ബൂത്ത് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും, പോലീസ് നിഷ്‌ക്രിയരായിനിന്നെന്നും ശിവദാസന്‍ നായര്‍ ആരോപിച്ചു.

വള്ളംകുളത്ത് സംഘര്‍ഷം

ഇരവിപേരൂര്‍: വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളില്‍ വോട്ടെടുപ്പിനിടെ യു.ഡി.എഫ്, എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ആറന്മുളയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ശിവദാസന്‍നായരെ തടയാന്‍ ശ്രമിച്ചതാണ് ഉന്തിലും തള്ളിലും കലാശിച്ചത്. ഇവിടത്തെ പോളിങ് സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയ്ക്കാണ് സംഭവം. പോലീസെത്തി ഇരുവിഭാഗത്തെയും നീക്കിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി പോളിങ് ബൂത്തില്‍ കയറാന്‍ എത്തിയത് തര്‍ക്കത്തിന് ഇടയാക്കിയതായി സി.പി.എം. ഏരിയ സെക്രട്ടറി സുരേഷ് കുമാര്‍ അറിയിച്ചു. ശിവദാസന്‍ നായരെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ തടയാന്‍ ഒരുങ്ങിയപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് കോണ്‍ഗ്രസിന്റെ ഓതറ മണ്ഡലം പ്രസിഡന്റ് എം.കെ.രഘുനാഥ് അറിയിച്ചു. ഇരുവിഭാഗത്തെയും പ്രവര്‍ത്തകരെ പോലീസെത്തി പറഞ്ഞുവിട്ടതായി തിരുവല്ല സി.ഐ.അറിയിച്ചു.

കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി; ഒരാള്‍ അറസ്റ്റില്‍ 

റാന്നി: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ ടാപ്പിങ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഒരാളെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.

സി.പി.എമ്മില്‍നിന്ന് പുറത്താക്കിയ പെരുമ്പെട്ടി സ്വദേശി യോഹന്നാനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്യാതെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ പെരുമ്പെട്ടിയില്‍ പന്തംകൊളുത്തി പ്രകടനവും പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി.

ചൊവ്വാഴ്ച പകല്‍ ഒന്നരയോടെ പെരുമ്പെട്ടി എം.റ്റി.യു.പി. സ്‌കൂളിലെ ബൂത്തില്‍ വോട്ടുചെയ്യാനെത്തിയ യോഹന്നാന്‍ സമീപമുള്ള എല്‍.ഡി.എഫ്. കൗണ്ടറിലെത്തി സ്ലിപ്പ് ചോദിച്ചു. ഇയാള്‍ അസഭ്യം പറഞ്ഞുവെന്നാരോപിച്ച് കൗണ്ടറിലുണ്ടായിരുന്നവരുമായി തര്‍ക്കമുണ്ടായി.

ഇവിടെനിന്നുപോയ യോഹന്നാന്‍ മൂന്നുമണിയോടെ വീണ്ടും എത്തി. വാക്കേറ്റമുണ്ടായപ്പോള്‍ ടാപ്പിങ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് സി.പി.എം.ബ്രാഞ്ച് സെക്രട്ടറി ലിന്‍സണിന്റെ പരാതി. യോഹന്നാനെ അറസ്റ്റ് ചെയ്തതായി ഇന്‍സ്പെക്ടര്‍ എസ്.ചന്ദ്രദാസ് പറഞ്ഞു.

പ്രതിയെ പോലീസ് റിമാന്‍ഡ് ചെയ്യാതെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.

സി.പി.ഐ. നിയോജകമണ്ഡലം സെക്രട്ടറി മനോജ് ചരളേല്‍ ഉദ്ഘാടനം ചെയ്തു. ബാബു ചാക്കോ, പ്രകാശ് പി.സാം തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രകടനത്തിനിടയില്‍ കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളില്‍നിന്നിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രകടനക്കാരും തമ്മിലും വാക്കേറ്റമുണ്ടായി. യോഹന്നാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നാണ് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ പറയുന്നത്.

അറസ്റ്റിലായ ആള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലെന്നും പ്രാഥമിക അംഗത്വംപോലുമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.