അടൂര്‍: തുടര്‍ച്ചയായി മൂന്നാം തവണയും അടൂരില്‍ ചിറ്റയം ഗോപകുമാര്‍ വിജയ തീരമണിഞ്ഞു. മുന്‍തവണകളില്‍നിന്നു വ്യത്യസ്തമായി വാശിയേറിയ മത്സരമാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ ചിറ്റയം ഇക്കുറി നേരിട്ടത്. വിജയം മാത്രം ലക്ഷ്യമിട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് എം.ജി.കണ്ണന്‍ രംഗത്തിറങ്ങിയതോടെ പോരാട്ടം പൊടിപാറി. ജേതാവ് ആരാണെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറയുമെന്നത് ഉറപ്പായിരുന്നു. കഴിഞ്ഞ തവണ 25460 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് ചിറ്റയം ജയിച്ചത്.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ചിറ്റയം പോരാട്ടത്തിനിറങ്ങിയത്. പ്രചാരണം അവസാന ലാപ്പിലേക്കെത്തും മുന്പ് തന്നെ എം.ജി.കണ്ണന്‍ ഒപ്പത്തിനൊപ്പമെത്തി. അടൂരില്‍ അട്ടിമറി വിജയം ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസ് നീക്കം തിരിച്ചറിഞ്ഞ് എല്‍.ഡി.എഫ്. നേതൃത്വം കൂടുതല്‍ ജാഗ്രത കാട്ടി. ഇരുവിഭാഗവും പരസ്പരം ആരോപണങ്ങളുന്നയിക്കുന്ന ഘട്ടം വരെയെത്തി. സാമുദായിക വോട്ടുകളിലും അടിയൊഴുക്കുണ്ടായി എന്നതാണ് ഫലം തെളിയിക്കുന്നത്. മിക്ക ബൂത്തുകളിലും ചിറ്റയത്തിനൊപ്പം വോട്ടുനില എത്തിക്കാന്‍ കണ്ണന് സാധിച്ചു. എന്‍.ഡി.എ.യ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1960 വോട്ട് കുറഞ്ഞു.

എന്‍.ഡി.എ.യ്ക്കായി മത്സരിച്ച കെ.പ്രതാപന്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് അങ്കത്തിനിറങ്ങിയത്.

ജില്ലയില്‍ സി.പി.ഐ. മത്സരിച്ച ഏകസീറ്റാണ് അടൂര്‍. 2011-ലാണ് ചിറ്റയം അടൂരില്‍ ആദ്യമായി മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനായിരുന്നു പ്രധാന എതിരാളി. 607 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു ആദ്യ ജയം.