അടൂര്‍: രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുമ്പോള്‍ അടൂരിന് അഭിമാനിക്കാന്‍ കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി അടൂരിന്റെ നിയുക്ത എം.എല്‍.എ. ചിറ്റയം ഗോപകുമാര്‍ എത്തുന്നു. കേരള നിയമസഭയിലെ 17-ാമത് ഡെപ്യൂട്ടി സ്പീക്കറായിട്ടാണ് ചിറ്റയം എത്തുന്നത്. 2004-ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായതിനുശേഷം 17 വര്‍ഷം കഴിഞ്ഞ് ചിറ്റയത്തിലൂടെയാണ് അടൂരിന് അഭിമാനിക്കാന്‍ ഒരു ഭരണഘടനാപദവി ലഭിക്കുന്നത്.

മൂന്നാം തവണയാണ് ചിറ്റയം അടൂരില്‍ വിജയിക്കുന്നത്. 2011-ല്‍ അടൂര്‍ മണ്ഡലം സംവരണ മണ്ഡലമായതോടെയാണ് ചിറ്റയം നിയമസഭയിലേക്ക് മത്സരിക്കാന്‍ എത്തുന്നത്. ആദ്യമത്സരത്തില്‍ പന്തളം സുധാകരനെ 607 വോട്ടിനും 2016-ല്‍ കെ.കെ.ഷാജുവിനെ 25,640 വോട്ടിനും 2021-ല്‍ എം.ജി.കണ്ണനെ 2919 വോട്ടിനുമാണ് ചിറ്റയം പരാജയപ്പെടുത്തിയത്. ചിറ്റയം ഡെപ്യൂട്ടി സ്പീക്കര്‍ ആകുന്നതോടെ മണ്ഡലത്തില്‍ വികസമുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അടൂരിലെ ജനങ്ങള്‍.

ആനന്ദപ്പള്ളി മരമടിക്ക് അനുമതി നേടിയെടുക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷയുണ്ട്. ചിറ്റയമാണ് ഈ വിഷയം രണ്ടുതവണ നിയമസഭയില്‍ അവതരിപ്പിച്ചത്. ഇതിന്റെ ഫലമായി സംസ്ഥാന സര്‍ക്കാര്‍ മരമടിമത്സരം നടത്താന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. പക്ഷേ, തുടര്‍നടപടികളായപ്പോള്‍ തിരഞ്ഞെടുപ്പ് വന്നു. ചിറ്റയം ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് എത്തുന്നതോടെ കോവിഡ് പ്രതിസന്ധിയില്ലെങ്കില്‍ ഇത്തവണ മരമടി നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ആനന്ദപ്പള്ളിക്കാര്‍. ചിറ്റയം ഗോപകുമാറിന്റെ സ്ഥാനലബ്ധിയില്‍ ഭാര്യ സി.ഷേര്‍ലിഭായിയും മക്കളായ എസ്.ജി.അമൃതയും എസ്.ജി.അനുജയും സന്തോഷത്തിലാണ്. അച്ഛന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആകുമെന്ന് തിങ്കളാഴ്ച രാവിലെതന്നെ സൂചനയുണ്ടായിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ അച്ഛന്‍ ഫോണില്‍ വിളിച്ചിരുന്നു. അപ്പോള്‍ സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കൊല്ലത്തായിരുന്നു. തിരുവനന്തപുരത്തേക്ക് പോയി. രാത്രി വീട്ടില്‍ മടങ്ങിയെത്തി. അച്ഛന് മധുരം നല്‍കി സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു മക്കളായ അമൃതയും അനുജയും.