പത്തനംതിട്ട : തോൽവി മാത്രമല്ല ജില്ലയിലെ എൻ.ഡി.എ. ക്യാമ്പിനെ മൗനത്തിലാക്കുന്നത്. പല ചോദ്യങ്ങൾക്കും എന്ത് ഉത്തരം പറയുമെന്ന ആശങ്ക കൂടി നേതാക്കളുടെ നിശ്ശബ്ദതയ്ക്ക് പിന്നിലുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയതിൽനിന്ന് പതിനായിരത്തിലേറെ വോട്ടുകൾ അഞ്ചിടത്തും നഷ്ടപ്പെട്ടു. ഇത് എവിടെ പോയി എന്ന് വരുംദിവസങ്ങളിൽ നേതാക്കൾ അണികളെ ബോധ്യപ്പെടുത്തേണ്ടിവരും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് എങ്ങും നേടാനായില്ലെന്നതിനും ന്യായീകരണം കണ്ടെത്തേണ്ടിവരും.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിച്ച കോന്നി മണ്ഡലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 46,506-ഉം 2019-െല നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 39786-ഉം നേടിയ സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 32,811 വോട്ടുകളാണ്. ഉപതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 6,975 വോട്ടാണ് കുറഞ്ഞത്. ലോക്‌സഭയിലേതിനേക്കാൾ 13695 വോട്ടും കുറഞ്ഞു.

ആറന്മുളയിൽ 2016-ൽ 37906-ഉം 2019-ൽ ലോക്‌സഭയിൽ 50497-ഉം വോട്ടുകളാണ് ലഭിച്ചത്. എന്നാൽ ഇത്തവണ 29099 വോട്ടുകൾ മാത്രമാണ് ബിജു മാത്യുവിന് നേടാനായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ 21398-ഉം നിയമസഭയിൽ കിട്ടിയ 8807 വോട്ടും നഷ്ടപ്പെട്ടു. സ്ഥാനാർഥി പ്രഖ്യാപനത്തിൽ തർക്കമുണ്ടായ തിരുവല്ല മണ്ഡലത്തിൽ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയ്ക്ക് 22674 വോട്ടാണ് കിട്ടിയത്. 2016-ൽ 31439-ഉം 2019-ൽ ലോക്‌സഭയിൽ 37439-ഉം വോട്ടും നേടിയ സ്ഥാനത്താണിത്. നിയമസഭയിൽ കിട്ടിയതിനേക്കാൾ 8765-ഉം ലോക്‌സഭയിലേതിനേക്കാൾ 14765 വോട്ടും കുറഞ്ഞു.

കോൺഗ്രസിൽനിന്ന് രാജിവെച്ച്‌ വന്ന പന്തളം പ്രതാപൻ അടൂരിൽ 23980 വോട്ട് നേടി. 2016-ൽ 25940-ഉം 2019-ൽ ലോക്‌സഭയിൽ 51260 വോട്ടുകളും നേടിയ സ്ഥാനത്താണിത്. നിയമസഭയിലേതിനേക്കാൾ 1960-ഉം ലോക്‌സഭയിൽ കിട്ടിയതിലും 27280 വോട്ടും കുറഞ്ഞു. റാന്നിയിൽ ബി.ഡി.ജെ.എസാണ് മത്സരിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പദ്മകുമാർ 19587 വോട്ട് നേടി. 2016-ൽ 28201-ഉം 2019-ൽ 39560 വോട്ടും നേടിയ സ്ഥാനത്താണിത്. നിയമസഭയിൽ കിട്ടിയ 8614 വോട്ടും ലോക്‌സഭയിൽ നേടിയ 19973 വോട്ടും നഷ്ടമായി.

Content Highlights: BJP vote share in pathanamthitta