ആറന്മുള: തിരഞ്ഞെടുപ്പ് ഫലപ്രവചനങ്ങള്‍ ശരിവച്ച് ആറന്മുളയില്‍ വീണാ ജോര്‍ജിന് തകര്‍പ്പന്‍ ജയം. 19,003 വോട്ടിന്റെ ഭൂരിപക്ഷം. 74,950 വോട്ടാണ് വീണയ്ക്ക് ലഭിച്ചത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. കെ. ശിവദാസന്‍ നായര്‍ക്ക് 55,947 ഉം എന്‍.ഡി.എ. സ്ഥാനാര്‍ഥി ബിജു മാത്യുവിന് 29,099 വോട്ടുമാണ് ലഭിച്ചത്.

രാവിലെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനുമുമ്പേ വീണാ ജോര്‍ജും കുടുംബവും ടി.വി.ക്കു മുന്നില്‍ സ്ഥാനം പിടിച്ചിരുന്നു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ വീണ ലീഡ് നേടി. ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, കോഴഞ്ചേരി, മല്ലപ്പുഴശേരി, ആറന്മുള, നാരങ്ങാനം, ഇലന്തൂര്‍, മെഴുവേലി, കുളനട, ചെന്നീര്‍ക്കര, ഓമല്ലൂര്‍ പഞ്ചായത്തുകളും പത്തനംതിട്ട നഗരസഭ എന്നിവയും ചേര്‍ത്താണ് ഒന്നാം റൗണ്ട് മുതല്‍ എണ്ണിത്തുടങ്ങിയത്. രണ്ടാം റൗണ്ടില്‍ തന്നെ ഭൂരിപക്ഷം രണ്ടായിരത്തിനുമുകളില്‍ എത്തിയതോടെ വീണാ ജോര്‍ജിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. ഇതേനില തുടരാന്‍ സാധിച്ചാല്‍ വിജയമുറപ്പാണെന്ന് ടി.വി. കണ്ടുകൊണ്ടിരുന്ന ഭര്‍ത്താവ് ജോര്‍ജ് ജോസഫ് പറഞ്ഞു. തൊട്ടുപിന്നാലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ശിവദാസന്‍ നായര്‍ മുന്നേറുന്നതായി ചാനലിലെ റിപ്പോര്‍ട്ടര്‍ പറഞ്ഞത് എല്ലാവരുടെയും മുഖത്ത് അല്പം ആശങ്ക ജനിപ്പിച്ചു. അഞ്ച് റൗണ്ട് പിന്നിട്ടപ്പോഴേക്കും വീണയുടെ ലീഡ് 4300 ആയി. ഒന്‍പതാം റൗണ്ടില്‍ ലീഡ് 10,981 ആയി ഉയര്‍ന്നു. 14-ാം റൗണ്ടില്‍ എത്തിയപ്പോള്‍ 13,471 വോട്ടിന്റെ വ്യക്തമായ മേധാവിത്വം സ്ഥാപിച്ചു. 17-ാം റൗണ്ടില്‍ ലീഡ് 16,128 ആക്കി വിജയം ഉറപ്പിച്ചു. അടുത്ത റൗണ്ടില്‍ ഭൂരിപക്ഷം 18,255 ആയി. 

വിജയമുറപ്പിച്ചതോടെ പിന്നീട് കുടുംബസമേതം കുമ്പഴ വടക്ക് കുറിയാക്കോസ് പള്ളിയില്‍ മാതാപിതാക്കളുടെ കല്ലറയില്‍ മെഴുകുതിരി തെളിച്ച് പ്രാര്‍ഥിച്ചു. വീണാ ജോര്‍ജ് പള്ളിയില്‍ എത്തിയെന്ന് അറിഞ്ഞതോടെ പ്രദേശത്തുണ്ടായിരുന്ന പ്രവര്‍ത്തകരെല്ലാം ഓടിയെത്തി. പിന്നീട് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്. ഓഫീസിലെത്തിയ വീണാ ജോര്‍ജിനെ അവിടുണ്ടായിരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. അകത്തേക്ക് കയറിയ വീണയെ അഡ്വ. അനന്തഗോപനും ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും ആര്‍.ഉണ്ണികൃഷ്ണപിള്ളയും ചേര്‍ന്ന് സ്വീകരിച്ചു. 'ശിവദാസന്‍ നായരോട് ഇത്രവേണമായിരുന്നോ വീണേ' എന്ന അനന്തഗോപന്റെ ചോദ്യത്തിന് എല്ലാവരും പൊട്ടിച്ചിരിച്ചു. വിജയാഹ്‌ളാദത്തിന്റെ ഭാഗമായി കൈയില്‍ കരുതിയിരുന്ന ലഡു എല്ലാവര്‍ക്കും നല്‍കിയാണ് വീണ മടങ്ങിയത്.

2016-ല്‍ 7646 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ശിവദാസന്‍നായരെ പരാജയപ്പെടുത്തിയ വീണ ഇക്കുറി അതിന്റെ ഇരട്ടിയിലധികം ഭൂരിപക്ഷത്തിലാണ് ശിവദാസന്‍നായരെ രണ്ടാം അങ്കത്തില്‍ മലര്‍ത്തിയടിച്ചത്. എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ ദൗര്‍ബല്യം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന യു.ഡി.എഫ്. കണക്ക് കൂട്ടല്‍ അമ്പേ പാളിയതായി തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.

സ്ത്രീ വോട്ടര്‍മാരില്‍ വീണയ്ക്കുള്ള സ്വാധീനമാണ് കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയത്തിന് കളമൊരുക്കിയതെന്ന്്്് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ എന്‍.ഡി.എ.ക്ക്് ഇക്കുറി ശക്തമായ പോരാട്ടം കാഴ്‌ചെവയ്ക്കാന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.