പത്തനംതിട്ട: ആറന്മുളയില്‍ അപ്രതീക്ഷമായി ഒന്നും സംഭവിച്ചില്ലെന്ന് പറയാനാവില്ല. കാരണം ഇത്രയും ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വീണയോ മുന്നണിയോപോലും വിചാരിച്ചുകാണില്ല. മണ്ഡലത്തിന്റെ സമസ്തമേഖലകളിലും സാര്‍വാധിപത്യമുറപ്പിച്ചാണ് രണ്ടാം തവണത്തെ വിജയം.വികസനം പറഞ്ഞായിരുന്നു ആദ്യഘട്ടത്തില്‍ പ്രചാരണം.എന്നാല്‍ സാമുദായിക സമവാക്യങ്ങളിലുണ്ടാകുന്ന മാറ്റവും കണക്കിലെടുത്ത വീണ പ്രവര്‍ത്തനത്തിലെ പാളിച്ചകള്‍ മാറ്റാന്‍ സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രിയേയും സമീപിച്ചു. സി.പി.എം. നേതാക്കള്‍ പ്രവര്‍ത്തനത്തില്‍ ശുഷ്‌കാന്തി കാട്ടുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ ജില്ലയിലെത്തി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ രണ്ടാംഘട്ടം ആയപ്പോഴേക്കും മുന്നണി എണ്ണയിട്ടയന്ത്രംപോലെ പ്രവര്‍ത്തിച്ചു. ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നുണ്ടാകുമെന്ന കരുതിയ എതിര്‍പ്പുപോലും വീണയ്‌ക്കെതിരേ ഉണ്ടായില്ലെന്നുതന്നെയാണ് സൂചന.

മുഖ്യ എതിരാളികളായ എല്‍.ഡി.എഫിനും യു.ഡി.എഫിനുമിടയില്‍ മത്സരം കഴിഞ്ഞ തവണത്തെ ആവര്‍ത്തനമായിരുന്നു. പാളിച്ചകള്‍ തിരുത്തിയാല്‍ വിജയിച്ചുകയറാമെന്ന ആത്മവിശ്വാസമാണ് യു.ഡി.എഫിലെ കെ. ശിവദാസന്‍ നായരെ വീണ്ടും പോരിനിറക്കിയത്.

എന്‍.എസ്.എസ്. വോട്ടുകള്‍ ഏകീകരിക്കുകയും പരമ്പരാഗത യു.ഡി.എഫ്. വോട്ടുകള്‍ ലഭിക്കുകയും ചെയ്താല്‍ വിജയിക്കാനാകുമെന്ന യു.ഡി.എഫ്. ക്യാമ്പിന്റെ കണക്കുകൂട്ടല്‍ തെറ്റിയതായി തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. താഴേതട്ടില്‍ യു.ഡി.എഫ്. സംവിധാനം തീര്‍ത്തും ദുര്‍ബലമായതാണ്‌ െഎക്യമുന്നണിക്ക് ഇത്തവണയും തിരിച്ചടിയായത്. പ്രചാരണത്തിലുടനീളം ജനപ്രാതിനിധ്യം കുറഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ പലപ്പോഴും ചര്‍ച്ചയായെങ്കിലും പരിഹാരമുണ്ടാക്കാന്‍ യു.ഡി.എഫ്. സംവിധാനത്തിന് കഴിഞ്ഞില്ല.കോണ്‍ഗ്രസിന്റെ കുത്തകയായ പഞ്ചായത്തുകളില്‍പോലും വലിയ തിരിച്ചടികളുണ്ടായി. എന്‍.ഡി.എ.യുെട സ്ഥാനാര്‍ഥിത്വം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന വിശകലനങ്ങളും പാളി. ചില ക്രിസ്ത്യന്‍ സഭകളിലുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടത് തിരിച്ചറിയാന്‍പോലും തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കായില്ല.

ബി.ജെ.പിയാകട്ടെ കാവിരാഷ്ട്രീയത്തിന്റെ പുത്തന്‍ പരീക്ഷണശാലയാക്കി ആറന്മുളയെ മാറ്റാനാണ് ശ്രമിച്ചത്. കഴിഞ്ഞ നിയമസഭാ, ലോക് സഭാ തിരഞ്ഞെടുപ്പുകളില്‍ കുതിച്ചുകയറിയ മണ്ഡലത്തില്‍ ഈ ശ്രമം വിജയിക്കുമെന്നതായിരുന്നു കണക്കുകൂട്ടല്‍. സംസ്ഥാന സമിതി അംഗവും ഓര്‍ത്തഡോക്‌സ് സഭാംഗവുമായ ബിജു മാത്യുവിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി അണികള്‍ക്കും എന്തിന് നേതാക്കള്‍ക്കും അപ്രതീക്ഷിതമായിരുന്നു. ഇത് പാര്‍ട്ടിക്ക് പറ്റിയപാളിച്ചയെന്നും തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.ബിജുവിനെ സ്ഥാനാര്‍ഥിയാക്കിയുള്ള പരീക്ഷണം പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയെടുക്കുന്നതില്‍ പാര്‍ട്ടി അമ്പേ പരാജയപ്പെട്ടു. ഇത് തുടക്കം മുതല്‍ പ്രവര്‍ത്തനത്തേയും ബാധിച്ചു.

ഓര്‍ത്തഡോക്‌സ് സഭയുടെ സര്‍ക്കാര്‍ വിരുദ്ധ വികാരം മുതലാക്കാനായിരുന്നു ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. പാര്‍ട്ടിയോട് എന്നും പുറംതിരിഞ്ഞുനിന്നിരുന്ന ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനാകുമെന്നും നേതാക്കള്‍ കരുതി. എന്നാല്‍ ചില നേതാക്കളുടെ നിസ്സഹകരണവും താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനമില്ലായ്മും കൂടിയായപ്പോള്‍ 2016-ല്‍ നേടിയ വോട്ടുപോലും നേടാന്‍ എന്‍.ഡി.എ.യ്ക്ക് സാധിച്ചില്ല.