പത്തനംതിട്ട:  തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കഴിഞ്ഞെങ്കിലും അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം.ജി. കണ്ണന് വിശ്രമമില്ല. പാര്‍ട്ടി യോഗങ്ങളും പരിപാടികളുമായി തിരക്കിലാണ് അദ്ദേഹം. പ്രചാരണസമയത്ത് നേരിട്ടുകാണാന്‍ കഴിയാത്തവരെ സന്ദര്‍ശിക്കാനും ഈ സമയം വിനിയോഗിക്കുന്നു. പോളിങ് കഴിഞ്ഞ് കണക്കുക്കൂട്ടലുകളുടെ വേളയില്‍ അടൂരില്‍ വിജയം സുനിശ്ചിതമാണെന്നാണ് എം.ജി. കണ്ണന്റെ പ്രതികരണം.

നല്ല വിജയം പ്രതീക്ഷിക്കുന്നു, 9000 വോട്ടിന്റെ ഭൂരിപക്ഷം

അടൂരില്‍ ഇത്തവണ നല്ല വിജയം പ്രതീക്ഷിക്കുന്നു. 9000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് കണക്കുക്കൂട്ടല്‍. മണ്ഡലത്തിലെ എല്ലായിടത്തുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പാര്‍ട്ടിക്ക് പുറമേ പൊതുസമൂഹവും അനുകൂലമായിനിന്നു. 

യുഡിഎഫും പാര്‍ട്ടിയും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നൂറില്‍ നൂറ് മാര്‍ക്കാണ്. യുഡിഎഫ് സംവിധാനവും കോണ്‍ഗ്രസ് പാര്‍ട്ടിയും ഒറ്റക്കെട്ടായിനിന്ന് പ്രവര്‍ത്തിച്ചു. 

കരിപുരണ്ട കൈകളില്‍ കണ്ടത് അമ്മയെ... 

പ്രചാരണത്തിനിടെ കടമ്പനാട് കശുവണ്ടി ഫാക്ടറിയിലെ സന്ദര്‍ശനമാണ് മനസില്‍തട്ടിയത്. ഫാക്ടറിയില്‍ പോയപ്പോള്‍ നൂറുകണക്കിന് അമ്മമാര്‍ എന്നെ സ്വീകരിക്കാനെത്തി. അവരുടെ കൈകളില്‍ കരിപുരണ്ടിരുന്നു. അതില്‍ ഒരമ്മ എന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചപ്പോള്‍ ആ കരി കണ്ടു. അപ്പോള്‍ എന്റെ ചെറുപ്പകാലമാണ് എനിക്ക് ഓര്‍മ്മ വന്നത്. അന്ന് എന്റെ അമ്മയും ഇതുപോലെയായിരുന്നു. വൈകിട്ട് സ്‌കൂള്‍ വിട്ട് വരുമ്പോള്‍ ആ കരിപുരണ്ട കൈകളാലാണ് അമ്മ എന്നെ കെട്ടിപ്പിടിച്ചിരുന്നത്. 

വ്യക്തിപരമായ അധിക്ഷേപം ജനങ്ങള്‍ തിരിച്ചറിഞ്ഞു

മകനെ ആര്‍സിസിയില്‍ ചികിത്സയ്ക്ക് കൊണ്ടുപോയെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് എതിരാളികള്‍ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടന്നത്. മകന്റെ ചികിത്സയ്ക്ക് പോയത് സഹതാപതരംഗമാകുമെന്ന് ഭയന്ന് അവര്‍ വിറളിപൂണ്ടു. എനിക്കെതിരേ നോട്ടീസ് ഇറക്കി. എന്നാല്‍ അതെല്ലാം ജനങ്ങള്‍ തിരിച്ചറിഞ്ഞു. 

മകന്റെ ചികിത്സ

മകന്‍ ശിവകിരണിന്റെ ചികിത്സ തുടരുകയാണ്. ഇനി അടുത്തമാസവും ആര്‍സിസിയില്‍ ചെക്കപ്പിന് പോകണം.

മാനസികമായി തളര്‍ത്തി, കുടുംബം വേദനിച്ചു

വ്യക്തിപരമായ അധിക്ഷേപം മാനസികമായി തളര്‍ത്തി. ഭാര്യയും അച്ഛനും കുടുംബവുമെല്ലാം വളരെയേറേ വേദനിച്ചു. ദയവ് ചെയ്ത് ഒരു പൊതുപ്രവര്‍ത്തകനോടും ഇത് ചെയ്യരുതെന്നാണ് അപേക്ഷ. സംഭവത്തില്‍ എഫ്.ഐ.ആര്‍. ഇട്ടെങ്കിലും പോലീസ് നീതിപൂര്‍വം ഇടപെട്ടില്ല. നോട്ടീസിറക്കിയതിന് പിന്നിലുള്ള ആളെ പോലീസ് കണ്ടെത്തിയിട്ടില്ല. എല്ലാ തിരഞ്ഞെടുപ്പിനും തലേദിവസം ഇത്തരം നെറികെട്ട രാഷ്ട്രീയം സിപിഎമ്മും ഇടതുപക്ഷവും മാത്രമേ ചെയ്യുകയുള്ളൂ.

Content Highlights:  adoor udf candidate mg kannan response after election polling