പത്തനംതിട്ട: പ്രക്കാനം ജങ്ഷന്‍. സമയം 3.30. നടന്‍ ജഗദീഷ് വന്നിറങ്ങുമ്പോള്‍ സാമാന്യം വലിയ ആള്‍ക്കൂട്ടം. വേഷം ചുവപ്പും നീലയും കലര്‍ന്ന നിറത്തിലെ ഷര്‍ട്ടും നീല ജീന്‍സും. നിര്‍മാതാവും സംവിധായകനുമായ എം.രഞ്ജിത്തിനൊപ്പമാണ് ജഗദീഷ് എത്തിയത്. ഇറങ്ങിയ പാടെ പ്രവര്‍ത്തകര്‍ ഷാള്‍ അണിയിച്ചു. സാമാന്യം നല്ല ആള്‍ക്കൂട്ടമുണ്ട്. ജഗദീഷ് എത്തിയത് അറിയിച്ചുകൊണ്ടുള്ള അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ ചീറിപ്പാഞ്ഞു. ഇത്തിരി നേരം കഴിഞ്ഞപ്പോഴേക്കും ജഗദീഷിനെ ചുറ്റി വലിയ ആള്‍ക്കൂട്ടം. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം ആരാധകരുമെത്തി. പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് താരത്തെ കാണാനാകുന്നില്ല. ചിലര്‍ പരിഭവം പറഞ്ഞു. സിനിമയിലെ ജഗദീഷിന്റെ ട്രേഡ് മാര്‍ക്ക് ഡയലോഗുകള്‍ ചിലര്‍ പരാമര്‍ശിച്ചു. ഇതിനിടെ ചിലര്‍ പാട്ടുപാടണം, തമാശ പറയണമെന്നൊക്കെ താരാധനയോടെ അഭ്യര്‍ഥിക്കുകയാണ്. അതുവരെ ചിരിച്ചുകൊണ്ടുനിന്ന ജഗദീഷിന്റെ മുഖഭാവം മാറി. ഇത് തമാശയ്ക്കും പാട്ടിനുമുള്ള സമയമല്ല. ഗൗരവമേറിയ തിരഞ്ഞെടുപ്പാണ്. ചിരിച്ചുകളയാന്‍ നേരമില്ല. ആറന്‍മുള മണ്ഡലത്തില്‍ അഡ്വ. കെ.ശിവദാസന്‍ നായരുടെ വിജയം ഉറപ്പാക്കണം. ശിവദാസന്‍ സാര്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ചുകഴിയുമ്പോള്‍ വീണ്ടും വരാം. അപ്പോള്‍ തമാശ പറയാം, പാട്ടുപാടാം. ഗൗരവം വിടാതെയായിരുന്നു സംസാരം. താരം പറഞ്ഞകാര്യം പിടികിട്ടിയപ്പോള്‍ ആരാധകരും പ്രവര്‍ത്തകരും ഒരുപോലെ കൈയടിച്ചു.

പിന്നീട് സംസാരിക്കാനായി മൈക്ക്‌ ൈകയ്യിലെടുത്തതോടെ തനി രാഷ്ട്രീയക്കാരനായി ജഗദീഷ്. എല്ലാം ശരിയാക്കാന്‍ അധികാരത്തില്‍ വന്നവര്‍ അഞ്ചു വര്‍ഷംകഴിഞ്ഞപ്പോള്‍ എന്താണ് ശരിയാക്കിയത്. ഒന്നും ശരിയായില്ലെന്ന് മാത്രമല്ല.

ജനങ്ങള്‍ തീരാ ദുരിതത്തിലായെന്ന് ജഗദീഷിന്റെ കമന്റ്‌ ൈകയ്യടിയോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. രാഹുല്‍ ഗാന്ധിയുടെ സ്വപ്നപദ്ധതിയായ ന്യായ് പദ്ധതിയിലൂടെ 72,000 രൂപ വര്‍ഷം ജനങ്ങളുടെ അക്കൗണ്ടില്‍ എത്തുമെന്ന് എം.രഞ്ജിത്ത് പറഞ്ഞു. പ്രസംഗം കഴിഞ്ഞ് വാഹനത്തില്‍നിന്നു ഇറങ്ങിയപാടെ ഇരുവരെയും ആള്‍ക്കൂട്ടം വളഞ്ഞു. സെല്‍ഫിയെടുക്കണം. പ്രവര്‍ത്തകര്‍ കൂട്ടമായി നിന്നു. അവര്‍ക്ക് നടുവില്‍ മടികൂടാതെ ജഗദീഷും, രഞ്ജിത്തും. കോന്നിയിലേയും അടൂരിലേയും യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയും പ്രചാരണത്തിനായി ജഗദീഷ് എത്തിയിരുന്നു.

Content Highlights: actor jagadeesh in aranmula