റാന്നി: 104-ാം വയസ്സിലും കുഞ്ഞുപിള്ള നടന്ന് ബൂത്തിലെത്തി വോട്ടവകാശം വിനിയോഗിച്ചു. വോട്ട് ചെയ്യാതിരിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല. എണീറ്റ് നടക്കാനാവുന്നിടത്തോളം കാലം ബൂത്തിലെത്തി വോട്ടുചെയ്തിരിക്കും. കുമ്പളാംപൊയ്ക താന്നിക്കല്‍ കുഞ്ഞുപിള്ള പറയുന്നു. പ്രായമായവരുടെ വോട്ടുകള്‍ വീട്ടിലെത്തി ചെയ്യിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പഴയ പോലെ വോട്ടിങ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്താലെ കുഞ്ഞുപിള്ളയ്ക്ക് തൃപ്തിയാകൂ. അതിനാല്‍ ഇക്കുറിയും കുമ്പളാംപൊയ്ക സി.എം.എസ്.സ്‌കൂളിലെ 189-ാം നമ്പര്‍ ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി.

വീട്ടില്‍നിന്നു ബൂത്തിലേക്ക് അധികം ദൂരമില്ല. ഒറ്റയ്ക്കാണ് വന്നത്. എങ്കിലും കൂടുതല്‍ നടക്കണമെങ്കില്‍ വടിയുടെ സഹായം വേണം. ബൂത്തില്‍നിന്ന് തിരിച്ചു വീട്ടിലക്ക് വലിയ കയറ്റം കയറി വേണം എത്താന്‍, അതിനും വടിയുടെ സഹായം ഉപകരിക്കും. അല്പം കേള്‍വി കുറവുണ്ട്. ഈ പ്രായത്തിലും വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം നന്നായറിയാം.

പണ്ട് അഞ്ച് രൂപ കരമടയ്ക്കുന്നവര്‍ക്ക് മാത്രമായിരുന്നു വോട്ടവകാശമുള്ളത്. അന്ന് ഞങ്ങള്‍ക്കൊന്നും വോട്ടില്ലായിരുന്നു. പിന്നീടാണ് എല്ലാവര്‍ക്കും വോട്ടുചെയ്യാനവസരമുണ്ടായത്. പട്ടം താണുപിളളയുടെ കാലത്തെ തിരഞ്ഞെടുപ്പിനേക്കുറിച്ചൊക്കെ സംസാരിക്കാനാണ് പ്രിയം. മഹാത്മജി ജില്ലയിലെത്തിയപ്പോള്‍ കാണാന്‍ പോയതും ഓര്‍മിക്കുന്നു. പഴയകാല രാഷ്ട്രീയ നേതാക്കളില്‍ പലരെയും അടുത്തറിയാമെന്നും ഈ മുത്തച്ഛന്‍ പറയുന്നു. നാട്ടുകാരുടെ ഇടയില്‍ അദ്ദേഹം ഇപ്പോഴും അറിയപ്പെടുന്നത് നല്ല കര്‍ഷകനായിട്ടാണ്. ഭാര്യ ഭാര്‍ഗവി ഏഴുമാസം മുമ്പ് മരിച്ചു. ഒരു മകനടക്കം അഞ്ച് മക്കളാണ്. മൂന്നാമത്തെ മകള്‍ക്കൊപ്പമാണ് താമസം. നാലാം തലമുറവരെയായി. എല്ലാവരുടെയും പേരുകളൊന്നും പറയാന്‍ കഴിയുന്നില്ല. വോട്ടു രേഖപ്പെടുത്തിയ ശേഷം കുമ്പളാംപൊയ്കയിലെ കടത്തിണ്ണയില്‍ അല്പം വിശ്രമിച്ചശേഷമായിരുന്നു മടക്കം.