പാലക്കാട്: മന്ത്രി എ.കെ.ബാലന് പകരം തരൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഭാര്യ കെ.പി.ജമീലയെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന്റെ പരിഗണനയില്‍. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തു. കെ.പി.ജമീല മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനമെടുക്കാതെ പറയാനാകില്ലെന്ന് സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം എ.കെ.ബാലന്‍ പ്രതികരിച്ചു.

പാര്‍ട്ടി തീരുമാനം എടുത്താല്‍ താന്‍ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലന്‍ നാലു ടേം പൂര്‍ത്തിയാക്കിയതോടെയാണ് തരൂരില്‍ അദ്ദേഹത്തിന് പകരം പാര്‍ട്ടി പകരക്കാരെ തേടുന്നത്. ആരോഗ്യ വകുപ്പ് മുന്‍ ഡയറക്ടര്‍ കൂടിയായ കെ.പി.ജമീല നിലവില്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കുന്നുണ്ട്.

മണ്ഡല പുനഃക്രമീകരണത്തിന് ശേഷം 2011 മുതലാണ് സംവരണ മണ്ഡലമായ തരൂരില്‍ ബാലന്‍ മത്സരത്തിനിറങ്ങുന്നത്. 2016-ല്‍ കോണ്‍ഗ്രസിലെ സി.പ്രകാശിനെ 23068 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാലന്‍ നാലാം തവണയും നിയമസഭയുടെ പടി കയറിയത്.