പാലക്കാട്: തരൂര്‍ മണ്ഡലത്തില്‍ മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ.പി.കെ. ജമീലയെ മത്സരിപ്പിക്കുന്നതിനെതിരേ സിപിഎമ്മില്‍ പ്രതിഷേധം ശക്തമാകുന്നു. മന്ത്രി എ.കെ. ബാലനെതിരേ പാലക്കാട് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തരൂര്‍ മണ്ഡലത്തെ കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പാണ് പോസ്റ്ററിലുള്ളത്. 

ഇന്ന് രാവിലെയാണ് പാലക്കാട് നഗരത്തിലെ പല പ്രദേശങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം ഓഫീസ് സ്ഥിതി ചെയ്യുന്ന വിക്ടോറിയ കോളേജ് പരിസരം, മന്ത്രി എ.കെ. ബാലന്റെ വീടുള്ള പറക്കുന്നം, പ്രസ് ക്ലബ് പരിസരം എന്നിവിടങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍. പോസ്റ്ററുകള്‍ പലതും കീറിയ നിലയിലാണ്. ആരുടേയും പേരെടുത്ത് പറയാതെ സേഫ് കമ്മ്യൂണിസ്റ്റ് എന്ന പേരിലാണ് പോസ്റ്ററുകള്‍. 

എ.കെ. ബാലന്റെ ഭാര്യ പി.കെ. ജമീലയെ തരൂരില്‍ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ജില്ലയിലെ സി.പി.എം. നേതാക്കള്‍ക്കിടയില്‍ തന്നെ ആദ്യഘട്ടത്തില്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നു. ഇന്ന് ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മറ്റിയും ചേരാനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടത്. 

പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, പി.കെ.ശശി, പി.ഉണ്ണി എന്നിവര്‍ക്ക് സീറ്റ് നിഷേധിച്ചിരുന്നു. എം.ബി. രാജേഷിന് തൃത്താലയില്‍ വി.ടി ബല്‍റാമിനെതിരേയാണ് സീറ്റ് നല്‍കിയത്. എന്‍.എന്‍. കൃഷ്ണദാസും മത്സരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പ്രധാനപ്പെട്ട നേതാക്കള്‍ക്ക് സീറ്റ് നിഷേധിക്കുകയും പി.കെ. ജമീല ജയിക്കുകയും തുടര്‍ഭരണം ലഭിക്കുകയും ചെയ്താല്‍ അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനുള്ള തന്ത്രമാണെന്നാണ് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ആരോപിക്കുന്നത്.

Content Highlights: Posters against A K Balan in Palakkad