കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ എം.വി.ആർ. കാൻസർ സെന്ററിന്റെ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കാൻ സാധ്യത. പാലക്കാട് ജില്ലയിലെ നെന്മാറ മണ്ഡലം സി.എം.പി.ക്ക് ലഭിക്കുകയാണെങ്കിൽ അദ്ദേഹമായിരിക്കും സ്ഥാനാർഥി. പാർട്ടിയുടെ സംസ്ഥാന എക്സിക്യുട്ടീവ് യോഗം അടുത്താഴ്ച ചേരുന്നുണ്ട്. 2011-ൽ എം.വി. രാഘവൻ പരാജയപ്പെട്ട മണ്ഡലമാണ് നെന്മാറ.

എം.വി.ആർ. മത്സരിച്ചു എന്ന വൈകാരികതയിലാണ് അവിടെ മത്സരിക്കാൻ താത്പര്യം. മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. 2008-ൽ കൊല്ലങ്കോട് മണ്ഡലം മാറി നെന്മാറയായത് മുതൽ എൽ.ഡി.എഫാണ് ഇവിടെ വിജയിച്ചിരുന്നത്. 2011-ൽ സി.പി.എമ്മിലെ ചെന്താമരാക്ഷനാണ് എം.വി.ആറിനെ തോൽപ്പിച്ചത്. 2016-ൽ മുൻ ഡി.സി.സി. പ്രസിഡന്റ് കോൺഗ്രസിലെ എ.വി. ഗോപിനാഥിനെ കെ. ബാബു തോൽപ്പിച്ചു.

ചുരുങ്ങിയ കാലംകൊണ്ട് സഹകാരി എന്ന നിലയിൽ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയനായ സി.എൻ. വിജയകൃഷ്ണൻ മത്സരിക്കുന്നതിൽ യു.ഡിഎഫിനും താത്പര്യമാണ്. നെന്മാറ മണ്ഡലം ഉൾപ്പെടുന്ന മുതലമടയിലാണ് വിജയകൃഷ്ണൻ നേതൃത്വം നൽകുന്ന ലാഡർ എന്ന സ്ഥാപനത്തിന്റെ ശ്രദ്ധേയമായ പദ്ധതിയായ ഓൾഡ് ഏജ് ഹോമിന് തുടക്കം കുറിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.എം.പി.ക്ക് ഒരു സീറ്റാണ് യു.ഡി.എഫ്. നൽകിയത്. കുന്നംകുളത്ത് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച ജനറൽ സെക്രട്ടറി സി.പി. ജോൺ പരാജയപ്പെട്ടു. ഇക്കുറി സി.പി. ജോണിന് ഉറച്ച് മണ്ഡലംതന്നെ സി.എം.പി. പ്രതീക്ഷിക്കുന്നു.

Content Highlight: CN Vijayakrishnan may contest from Nemmara