പാലക്കാട്: കേള്‍വികേട്ട പാലക്കാടന്‍ കാറ്റും ചൂടുംപോലെയാണ് പാലക്കാടിന് രാഷ്ട്രീയവും. ഇടതുപക്ഷം കരുത്തുകാട്ടിയ മണ്ണാണെങ്കിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഇടതുപക്ഷത്തെ ഞെട്ടിച്ചതും ഇതേ മണ്ണുതന്നെ. കേരളത്തില്‍ മറ്റേതുമണ്ഡലം കൈവിട്ടാലും പാലക്കാടും ആലത്തൂരും കുലുങ്ങില്ലെന്ന വിശ്വാസം തിരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ മാറിമറിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ ഒരല്പം പതറിപ്പോയെങ്കിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലം എല്‍.ഡി.എഫിന് ആശ്വാസം പകരുന്നുണ്ട്. ഭൂരിപക്ഷം മണ്ഡലങ്ങളിലും മേല്‍ക്കൈ തിരിച്ചുപിടിക്കാനായതാണ് ഈ ആശ്വാസത്തിന് കാരണം. അതേസമയം, എല്ലാ നിയമസഭാമണ്ഡലങ്ങളിലും ബി.ജെ.പി. നേതൃത്വംനല്‍കുന്ന എന്‍.ഡി.എ. വോട്ടുവിഹിതം വര്‍ധിപ്പിച്ചിട്ടുമുണ്ട്. പലേടത്തും നിരാശയായിരുന്നെങ്കിലും കഴിഞ്ഞതവണത്തെക്കാള്‍ നില മെച്ചപ്പെടുത്താനായെന്ന ആശ്വാസം യു.ഡി.എഫും പ്രകടിപ്പിക്കുന്നു.
പാലക്കാട്, ആലത്തൂര്‍ ലോക്സഭാ മണ്ഡലങ്ങളുടെ ഭാഗമായ 11 നിയമസഭാമണ്ഡലങ്ങള്‍ക്കുപുറമേ പൊന്നാനി മണ്ഡലത്തിന്റെ ഭാഗമായ തൃത്താലയുള്‍പ്പെടെ 12 നിയമസഭാ മണ്ഡലങ്ങളാണ് പാലക്കാട്ട്.
രാഷ്ട്രീയപോരാട്ടംകൊണ്ട് മൂന്നുമണ്ഡലങ്ങളെങ്കിലും സംസ്ഥാനതലത്തില്‍ത്തന്നെ ഇത്തവണ ശ്രദ്ധാകേന്ദ്രമാകും. മലമ്പുഴ, പാലക്കാട്, തൃത്താല മണ്ഡലങ്ങളാണിവ. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. രണ്ടാംസ്ഥാനത്തെത്തിയ രണ്ടുമണ്ഡലങ്ങളാണ് മലമ്പുഴയും പാലക്കാടും. ഇവയുള്‍പ്പെടെ ഏഴ് മണ്ഡലങ്ങളില്‍ ഇത്തവണ എന്‍.ഡി.എ. മുന്നണി പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.
2001 മുതല്‍ രൂപംകൊണ്ട മലമ്പുഴ=വി.എസ്. എന്ന രാഷ്ട്രീയസമവാക്യം രംഗത്തില്ലാത്ത തിരഞ്ഞെടുപ്പാവും ഇത്തവണ. മലമ്പുഴയില്‍ പതിവുപോലെ സംസ്ഥാനതല നേതാക്കളെത്തുമോ, അതല്ല പാലക്കാട്ടുകാരാരെങ്കിലുംതന്നെ മത്സരിക്കുമോ എന്ന ചര്‍ച്ച മാസങ്ങളായി സജീവമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിലെയും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെയും വോട്ടുകണക്കുകള്‍ നെഞ്ചിടിപ്പ് കൂട്ടുന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞതവണ കേവലഭൂരിപക്ഷമില്ലാതെ പാലക്കാട് നഗരസഭ ഭരിച്ച ബി.ജെ.പി. ഇത്തവണ വ്യക്തമായ ഭൂരിപക്ഷവുമായാണ് അധികാരത്തിലെത്തിയിട്ടുള്ളത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ സി.പി.എം. പാലക്കാട്ട് മൂന്നാംസ്ഥാനത്തേക്ക് പതിക്കുകയും ചെയ്തിരുന്നു. നഗരസഭയുള്‍പ്പെടുന്ന മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെ പിടിച്ചുകെട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി. ഒരുങ്ങുന്നത്. മറുവശത്ത് സി.പി.എമ്മും ഇതേ ലക്ഷ്യമിടുന്നുണ്ട്.
കഴിഞ്ഞ രണ്ടുതവണ വി.ടി. ബല്‍റാം വിജയിച്ച തൃത്താല ഇത്തവണ ഏതുവിധേനയും തിരിച്ചുപിടിക്കാനാണ് ഇടതുമുന്നണി കോപ്പുകൂട്ടുന്നത്. സമൂഹമാധ്യമ പോസ്റ്റിന്റെ പേരിലുണ്ടായ വാഗ്വാദത്തെത്തുടര്‍ന്ന് സി.പി.എമ്മിന്റെ കണ്ണിലെ കരടായിമാറിയ ബല്‍റാമിനെതിരേ പ്രഖ്യാപിച്ച ഉപരോധം ഇപ്പോഴും തുടരുന്നുമുണ്ട്.
കഴിഞ്ഞതവണ ഇടതുമുന്നണിയില്‍ സി.പി.എം. ഒമ്പതിടത്തും സി.പി.ഐ. രണ്ടിടത്തും മത്സരിച്ചപ്പോള്‍ ചിറ്റൂരില്‍ ജനതാദള്‍(എസ്) ആണ് മത്സരിച്ചിരുന്നത്. ചിറ്റൂരില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിതന്നെയാവും ഇടതുമുന്നണിക്കായി രംഗത്ത്. മറുപക്ഷത്ത് കെ. അച്യുതന്‍ ഇത്തവണ മത്സരരംഗത്തുണ്ടാവാനിടയില്ല. ഇവിടെ പുതുമുഖങ്ങള്‍ക്കാവും യു.ഡി.എഫ്. പരിഗണന. സി.പി.ഐ. വിജയിച്ച പട്ടാമ്പി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിക്ക് മാറ്റമുണ്ടാവില്ല.
അതേസമയം, മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ അപ്രതീക്ഷിത പുതുമുഖത്തെ അവതരിപ്പിക്കാനാണ് ശ്രമം. മണ്ണാര്‍ക്കാട്ട് നിലവിലുള്ള എം.എല്‍.എ. എന്‍. ഷംസുദ്ദീന്‍ മത്സരിക്കുന്നില്ലെങ്കിലേ യു.ഡി.എഫില്‍ പകരം പേര് പരിഗണിക്കപ്പെടൂ.
സി.പി.എം. കഴിഞ്ഞതവണ മത്സരിച്ച ഒമ്പത് മണ്ഡലങ്ങളില്‍ നാലിടത്തെങ്കിലും പുതുമുഖങ്ങളെത്തും. പാര്‍ട്ടി ഇളവുനല്‍കിയാല്‍ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍ മത്സരരംഗത്തുണ്ടാവും. അല്ലെങ്കില്‍ ഇവിടെയും പുതിയയാളെ പരിഗണിക്കും. യു.ഡി.എഫിലും പുതുമുഖങ്ങള്‍ക്ക് അവസരമുണ്ടാവും.
12 മണ്ഡലങ്ങള്‍
1. തൃത്താല
2. പട്ടാമ്പി
3. ഷൊര്‍ണൂര്‍
4. ഒറ്റപ്പാലം
5. കോങ്ങാട്
6. മണ്ണാര്‍ക്കാട്
7. മലമ്പുഴ
8. പാലക്കാട്
9. ചിറ്റൂര്‍
10. നെന്മാറ
11. ആലത്തൂര്‍
12. തരൂര്‍
2016
എല്‍.ഡി.എഫ്. 9
യു.ഡി.എഫ്. 3